വ്യവസായങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും സഹായമായി കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ്

By Web TeamFirst Published Jan 7, 2021, 1:49 PM IST
Highlights

 ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകളുടെയും ഹാർഡ്‌വെയർ കമ്പനികളുടെയും വളർച്ചക്ക് സൂപ്പർ ഫാബ് ലാബ് വഴിയൊരുക്കും. ഇതിനോടകം നിരവധി ഗവേഷകർക്കും വിദ്യർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും സൂപ്പർ ഫാബ് ലാബിന്റെ സഹായം ലഭിച്ചിട്ടുണ്ട്. 


തിരുവനന്തപുരം: ചെറുകിട വ്യവസായങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഏറെ ഗുണകരമായതും ഹാർഡ്‌വെയർ മേഖലയ്ക്ക് വമ്പൻ കുതിച്ചുചാട്ടം നൽകുന്നതുമായ സൂപ്പർ ഫാബ് ലാബിന്റെ പ്രവർത്തനം കേരളത്തിൽ സജീവമായി. യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ സഹകരണത്തോടെ 'കേരള സ്റ്റാർട്ടപ്പ് മിഷൻ' ആണ് കൊച്ചിയിലെ സൂപ്പർ ഫാബ് ലാബ് തുടങ്ങിയിരിക്കുന്നത്. അമേരിക്കയ്ക്ക് പുറത്ത് എം.ഐ.ടി നിർമ്മിക്കുന്ന ആദ്യത്തെ സൂപ്പർ ഫാബ് ലാബ് ആണ് കൊച്ചിയിലേത്.

കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് കോംപ്ലക്സിലെ 10,000 ചതുരശ്ര അടി സ്ഥലത്ത് ഏഴു കോടിയിലേറെ രൂപയുടെ അത്യാധുനിക യന്ത്രങ്ങളാണു ഇതിനായി സജ്ജമാക്കിയിട്ടുളളത്. ഫാബ് ലാബുകളിൽ ഉപയോഗിക്കുന്ന യന്ത്രങ്ങൾ നിർമിച്ചെടുക്കാൻ കഴിയുന്ന അത്യാധുനിക ലാബാണു സൂപ്പർ ഫാബ് ലാബ്. ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകളുടെയും ഹാർഡ്‌വെയർ കമ്പനികളുടെയും വളർച്ചക്ക് സൂപ്പർ ഫാബ് ലാബ് വഴിയൊരുക്കും. ഇതിനോടകം നിരവധി ഗവേഷകർക്കും വിദ്യർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും സൂപ്പർ ഫാബ് ലാബിന്റെ സഹായം ലഭിച്ചിട്ടുണ്ട്. കോവിഡ് 19 മഹാമാരിക്കിടെ മിനി ഫാബ് ലാബുകളിലൂടെ ഫേസ് ഷീൾഡുകളും  നിർമ്മിച്ച്  വിതരണം ചെയ്തിരുന്നു.

സൂപ്പർ ഫാബ് ലാബിന്റെ സഹായത്തോടെ വലിയ മുതൽമുടക്കില്ലാതെ ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയും. സ്റ്റാർട്ടപ്പുകളുടെയും ചെറുകിട സംരംഭകരുടെയും ആശയങ്ങൾ യാഥാർഥ്യമാക്കാൻ സഹായകമായ യന്ത്രസംവിധാനങ്ങളെല്ലാം സൂപ്പർ ഫാബ് ലാബിലുണ്ട്. സൂക്ഷ്മതയുള്ള ത്രിഡി സ്‌കാനിങ്ങിനും പ്രിന്റിങ്ങിനുമുള്ള സൗകര്യമാണു സൂപ്പർ ഫാബ് ലാബിനെ വേറിട്ടുനിർത്തുന്നത്. മെറ്റൽ മെഷിനിങ് രംഗത്തെ മൾട്ടി ആക്സിസ് മാനുവൽ ആൻഡ് സിഎൻജി മില്ലിങ്, ടേണിങ്, കട്ടിങ് തുടങ്ങിയവയൊക്കെ സൂപ്പർ ഫാബ് ലാബിൽ സാധ്യമാകും.

പ്ലാസ്റ്റിക്, ഫാബ്രിക് എന്നിവ കട്ട് ചെയ്യാനുള്ള  ഹൈ സ്പീഡ് മെഷീനുകൾ, ത്രീ ഡി സ്‌കാനിങ്ങിനും പ്രിന്റിങ്ങിനുമുള്ള സൗകര്യം, കൂടാതെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമാണത്തിനുള്ള സൗകര്യവും അവയുടെ ടെസ്റ്റിങ് ഉപകരണങ്ങളും സൂപ്പർ ഫാബ് ലാബിലുണ്ട്. ഫർണിച്ചർ പ്രൊട്ടോടൈപ്പിങ്ങിനുള്ള യന്ത്രങ്ങളും ഇവിടെ ലഭ്യമാണ്. വ്യത്യസ്ത തരത്തിലുള്ള അനേകം ത്രിഡി പ്രിന്ററുകളുള്ളതിനാൽ ഉത്പന്നത്തിന്റെ ഓരോ ഭാഗവും വിവിധ തരത്തിൽ ഒരുമിച്ച് പ്രിന്റ് ചെയ്ത് നിർമ്മിക്കാൻ സാധിക്കും.  

സ്റ്റാർട്ടപ് സംരംഭങ്ങളുടെ ആശയങ്ങൾക്കനുസരിച്ചുള്ള വിപണി മാതൃകകൾ തയ്യാറാക്കുന്ന ഫാബ് ലാബുകൾക്ക് വേണ്ടി യന്ത്രങ്ങൾ നിർമിക്കുകയാണു സൂപ്പർ ഫാബ് ലാബുകളുടെ ദൗത്യം. നിലവിൽ ഫാബ് ലാബ് യന്ത്രങ്ങൾ ഇറക്കുമതി ചെയ്യുകയാണ്. സൂപ്പർ ഫാബ് ലാബ് യാഥാർഥ്യമായതോടെ ഇത്തരം യന്ത്രങ്ങൾ ഇവിടെത്തന്നെ നിർമിക്കാൻ കഴിയുമെന്നതാണു പ്രധാന നേട്ടം. കേരളത്തിലെ ഫാബ് ലാബ് ഇക്കോസിസ്റ്റം വികസിക്കാൻ സൂപ്പർ ഫാബ് ലാബ് സഹായിക്കും. തിരുവനന്തപുരം ടെക്‌നോപാർക്കിലും കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്‌സിലും ഓരോ ഫാബ് ലാബുകളാണ് ഇപ്പോഴുള്ളത്.

ഇതിനുപുറമെ സംസ്ഥാനത്ത് നിലവിൽ 20 മിനി ഫാബ് ലാബുകളുണ്ട്.  കോളേജുകളിലും മറ്റും ചെറിയ തോതിലുള്ള സാങ്കേതിക പഠന, ഗവേഷണ, നിർമിതികൾക്കു സഹായിക്കുന്ന ലാബുകളാണു മിനി ഫാബ് ലാബുകൾ. വിദ്യർത്ഥികൾ, സ്റ്റാർട്ടപ് സംരംഭകർ, പ്രൊഫഷണൽ ഗവേഷകർ എന്നിവർക്ക് അവരുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സൂപ്പർ ഫാബ് ലാബിനെ സമീപിക്കാം. ആശയങ്ങളിൽനിന്ന് ഉത്പന്നങ്ങളിലേക്കുള്ള വളർച്ചയിൽ സൂപ്പർ ഫാബ് ലാബ് ഇവർക്ക് വേണ്ട സഹായം നൽകും. ബന്ധപ്പെടേണ്ട നമ്പർ- 0484 2977137.  ഇ മെയിൽ: fabhelp@startupmission.in.

 
 

click me!