ഫോണും സി​ഗ്നലുമില്ലാത്ത വിദ്യാർത്ഥികളുടെ പഠനത്തിനായി ഒട്ടകപ്പുറത്തേറി വീടുകളിലെത്തി അധ്യാപകർ

By Web TeamFirst Published Jul 10, 2021, 4:16 PM IST
Highlights

ഒന്ന് മുതല്‍ എട്ട് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസവും ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ളവര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസവുമാണ് ഇത്തരത്തില്‍ ക്ലാസ്സുകള്‍ നല്‍കുന്നത്. 

രാജസ്ഥാൻ: കൊവിഡിന്റെ രണ്ടാം വ്യാപനത്തിലും സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ പഠനസൗകര്യമൊരുക്കിയിരിക്കുകയാണ് രാജസ്ഥാനിലെ ബാർമാറിലെ  അധ്യാപകർ. മഹാമാരിക്കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതാകുന്നില്ല എന്നുറപ്പു വരുത്താൻ സ്കൂളിനെ ഓരോ വീടുകളിലും എത്തിക്കുകയാണ് ഇവർ. ഇവരുടെ യാത്രയാണ് ഏറെ ശ്രദ്ധേയം. ഒട്ടകത്തിന് മുകളിൽ യാത്ര ചെയ്താണ് അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകളിൽ എത്തി ക്ലാസ്സെടുക്കുന്നത്. 

സിഗ്നല്‍ കുറവായതിനാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ മുടങ്ങുന്നത് പതിവായിരുന്നു. കൂടാതെ 75 ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗം പേര്‍ക്കും ഫോണ്‍ സൗകര്യം ഇല്ലെന്ന് കണ്ടെത്തിയതായി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സൗരവ് സ്വാമി പറഞ്ഞു. ഇതേ തുടര്‍ന്നാണ് നിശ്ചിത ദിവസങ്ങളില്‍ അധ്യാപകര്‍ വീടുകളിലെത്തി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് നല്‍കാനുള്ള തീരുമാനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ എത്തിച്ചേർന്നത്.  അധ്യാപകരുടെ പ്രവർത്തനത്തെ സ്കൂളും ഭരണകൂടവും അഭിനന്ദിച്ചു.

ഒന്ന് മുതല്‍ എട്ട് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസവും ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയുള്ളവര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസവുമാണ് ഇത്തരത്തില്‍ ക്ലാസ്സുകള്‍ നല്‍കുന്നത്.  വിദ്യാർത്ഥികൾക്ക് കൃത്യമായ പഠനസാഹചര്യം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ അധ്യാപകർ ശ്രമിക്കുന്നുണ്ട്. അധ്യാപകരോട് ആദരവും നന്ദിയും അറിയിക്കുന്നു. ഒപ്പം ഈ സംവിധാനം തുടരണമെന്നും ഭീംതാലിലെ ഗവണ്‍മെന്റ് ഹയര്‍ സീനിയര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രൂപ് സിങ് ജാകഡ് പ്രതികരിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.


 

click me!