എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക വിദ്യാഭ്യാസം എന്നതാണ് സര്‍ക്കാരിന്‍റെ നയം: മുഖ്യമന്ത്രി

By Web TeamFirst Published Oct 13, 2021, 11:28 AM IST
Highlights

മുന്‍കാലത്ത് ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ചെന്നു താമസിച്ച് പഠിച്ചാല്‍ മാത്രമേ സിവില്‍ സര്‍വ്വീസ് നേടാനാകൂ എന്ന അവസ്ഥയുണ്ടായിരുന്നു. സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ വരവോടുകൂടി ഈയവസ്ഥയ്ക്കു മാറ്റം വന്നു. 

തിരുവനന്തപുരം: എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക വിദ്യാഭ്യാസം എന്നതാണ് സര്‍ക്കാരിന്‍റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ മലയാളികൾക്ക് സിവിൽ സർവ്വീസ് അക്കാദമി ഒരുക്കിയ സ്വീകരണത്തിലാണ് മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞത്. സിവില്‍ സര്‍വ്വീസ് എന്നത് ഒരു ലക്ഷ്യമായി കാണുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട് എന്നത് സന്തോഷകരമായ ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആകെ 39 പേരാണ് കേരളത്തില്‍ നിന്നും ഈ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 45 ആയിരുന്നു. വിജയികളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും സിവില്‍ സര്‍വ്വീസ് എന്നത് ഒരു ലക്ഷ്യമായി കാണുന്ന യുവജനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട് എന്നത് സന്തോഷകരമായ ഒരു കാര്യമാണ്.

വിദ്യാഭ്യാസത്തോടൊപ്പം ഉത്തമ പൗരബോധം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളെ സൃഷ്ടിക്കുവാനായി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിച്ചതിൻ്റെ പ്രതിഫലനമാണ് ഈ വർദ്ധനവ്. അതുപോലെത്തന്നെ കേരളാ സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ഇടപെടലുകളും ഗുണം ചെയ്തു. മുന്‍കാലത്ത് ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ ചെന്നു താമസിച്ച് പഠിച്ചാല്‍ മാത്രമേ സിവില്‍ സര്‍വ്വീസ് നേടാനാകൂ എന്ന അവസ്ഥയുണ്ടായിരുന്നു. സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ വരവോടുകൂടി ഈയവസ്ഥയ്ക്കു മാറ്റം വന്നു. 

സിവിൽ സർവീസ് അക്കാദമിയുടെ വികസനത്തിനായി മികച്ച ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നത്. വിശാലമായ സൗകര്യങ്ങളുള്ള ഒരു കെട്ടിടം അക്കാദമിക്കായി പണികഴിപ്പിച്ചു. വിവിധ സൗകര്യങ്ങളോടൊപ്പം വിപുലമായ ഒരു ലൈബ്രറിയും ഇപ്പോള്‍ അവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. അതോടൊപ്പം തന്നെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വ്യക്തികള്‍ കൈകാര്യം ചെയ്യുന്ന ക്ലാസുകളും മാതൃകാ അഭിമുഖങ്ങളും അക്കാദമി നടത്തിവരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കു മികച്ച പരിശീലനവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. 

എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന സാര്‍വത്രിക വിദ്യാഭ്യാസം എന്നതാണ് സര്‍ക്കാരിന്‍റെ നയം. സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പരിശീലനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതുപോലെ തന്നെ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നും മിടുക്കരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനും അവര്‍ക്കു പരിശീലനം നല്‍കുന്നതിനും പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ട്.   

നമ്മുടെ സംസ്ഥാനത്തു നിന്ന് സിവില്‍ സര്‍വ്വീസ് കേഡറുകളിലേക്കു പോകുന്നവര്‍ ഓര്‍ക്കേണ്ടത് പാരസ്പര്യത്തിലും സാഹോദര്യത്തിലും ഊന്നിയ കേരള സംസ്കാരത്തെക്കുറിച്ചാണ്. പ്രളയവും മഹാമാരികളും അടക്കമുള്ള ദുരന്തങ്ങളെ അതിജീവിക്കാന്‍ നമ്മെ പ്രാപ്തരാക്കിയത് ആ സംസ്കാരമാണ്. സര്‍ക്കാരും ജനങ്ങളും വേറെ വേറെ വിഭാഗങ്ങളാണ് എന്ന തോന്നലിന് അറുതി വരുത്താന്‍ ഈ കാലഘട്ടത്തില്‍ കഴിഞ്ഞു. നാം ഒന്നാണ് എന്ന ബോധം നിര്‍മ്മിക്കുന്നതിനും സര്‍ക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഇതു സാധ്യമായത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുമുണ്ടായ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടുകൂടിയാണ്. നാടിൻ്റെ ഐക്യവും സമാധാനവും ഊട്ടിയുറപ്പിച്ചു പുരോഗതിയിലേയ്ക്ക് നയിക്കാൻ സാധിക്കണം. ജനസേവന മേഖലകളിലേക്കു പ്രവേശിക്കുന്നവർ ഇക്കാര്യങ്ങള്‍ ഉൾക്കൊള്ളണം എന്ന് ആഗ്രഹിക്കുന്നു.
 

click me!