
ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) 2, നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (എൻഡിഎ/എൻഎ) 2 അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി. പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് യുപിഎസ്സി സിഡിഎസ്, എൻഡിഎ 2 അഡ്മിറ്റ് കാർഡ് 2025 ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in വഴി ഡൗൺലോഡ് ചെയ്യാം. ഇതിനായി ഉദ്യോഗാർത്ഥികൾ അവരുടെ രജിസ്ട്രേഷൻ നമ്പറും ജനന തീയതിയും നൽകേണ്ടതുണ്ട്. അഡ്മിറ്റ് കാർഡിലെ ഫോട്ടോ വ്യക്തമല്ലെങ്കിലോ പേരോ തീയതിയോ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലോ ഉദ്യോഗാർത്ഥികൾ മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും ഒരു സാധുവായ ഫോട്ടോ ഐഡിയും പരിശോധനയ്ക്കായി കൊണ്ടുവരണമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
സെപ്റ്റംബർ 14നാണ് യുപിഎസ്‌സി എൻഡിഎ, സിഡിഎസ് 2 പരീക്ഷകൾ നടക്കുക. യുപിഎസ്‌സി സിഡിഎസ് 2 പരീക്ഷ മൂന്ന് സെഷനുകളിലായി നടക്കും. രാവിലെ 9 മുതൽ 11 വരെ ഇംഗ്ലീഷ്, ഉച്ചയ്ക്ക് 12:30 മുതൽ 2:30 വരെ പൊതുവിജ്ഞാനം, വൈകുന്നേരം 4 മുതൽ 6 വരെ എലിമെന്ററി മാത്തമാറ്റിക്സ് എന്നിങ്ങനെയാണ് പരീക്ഷകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അതേസമയം, യുപിഎസ്‌സി എൻഡിഎ, എൻഎ 2 പരീക്ഷകൾ രണ്ട് സെഷനുകളിലായാണ് നടത്തുക. ആദ്യ സെഷൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12:30 വരെയും രണ്ടാമത്തെ സെഷൻ ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 4:30 വരെയും നടക്കും. പരീക്ഷ ആരംഭിക്കുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും ഉദ്യോഗാർത്ഥികൾ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.
പരീക്ഷാ ഹാളുകളിലേക്ക് മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, ബാഗുകൾ, പുസ്തകങ്ങൾ അല്ലെങ്കിൽ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവ കൊണ്ടുപോകാൻ ഉദ്യോഗാർത്ഥികൾക്ക് അനുവാദമില്ല. യുപിഎസ്‌സി സിഡിഎസ്, എൻഡിഎസ് 2 അഡ്മിറ്റ് കാർഡ്, സാധുവായ ഒരു ഫോട്ടോ ഐഡി കാർഡ്, ഒരു കറുത്ത ബോൾപോയിന്റ് പേന, ഇ-അഡ്മിറ്റ് കാർഡിന്റെ 'പ്രധാന നിർദ്ദേശങ്ങളിൽ' വ്യക്തമാക്കിയിട്ടുള്ള മറ്റേതെങ്കിലും ഇനങ്ങൾ എന്നിവയുടെ പ്രിന്റൗട്ട് മാത്രമേ അനുവദിക്കൂ. പേര് മാറ്റിയ ഉദ്യോഗാർത്ഥികൾ ഓരോ സെഷനിലും പുതുക്കിയ പേര് പ്രതിഫലിപ്പിക്കുന്ന സർക്കാർ നൽകിയ ഫോട്ടോ പതിച്ച ഐഡി കൈവശം വയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം പരീക്ഷാ ഹാളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും.