വിർച്വൽ ബിരുദ ദാന ചടങ്ങ് നടത്തി ബോംബെ ഐഐടി

By Web TeamFirst Published Aug 30, 2020, 1:37 PM IST
Highlights

വിദ്യാര്‍ത്ഥികളുടെ വെര്‍ച്വല്‍ രൂപങ്ങള്‍ പടി കയറി സ്റ്റേജിലെത്തി വിശിഷ്ട വ്യക്തികളുടെയും ഐഐടി ഡയറക്ടറുടെയും വെര്‍ച്വല്‍ രൂപങ്ങളില്‍ നിന്ന് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റു വാങ്ങി. 


മുംബൈ: കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ട നിലയിലാണ്. വിദ്യാഭ്യാസവും മറ്റ് അനുബന്ധ കാര്യങ്ങളും ഓൺലൈനായിട്ടാണ് നടത്തുന്നത്. ഈ സാഹചര്യത്തിൽ വിർച്വലായി ബിരുദ ദാനചടങ്ങ് നടത്തിയിരിക്കുകയാണ് ഐഐടി ബോംബെ. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിർച്വൽ രൂപങ്ങൾ നിർമ്മിച്ചാണ് ഐഐടി ബോംബെ ബിരുദ ദാന ചടങ്ങ് നടത്തിയത്.

2000ലധികം വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ വീടുകളിലിരുന്ന് കൊണ്ട് ഈ വെര്‍ച്വല്‍ റിയാലിറ്റി അധിഷ്ഠിത ബിരുദദാന ചടങ്ങില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികളുടെ വെര്‍ച്വല്‍ രൂപങ്ങള്‍ പടി കയറി സ്റ്റേജിലെത്തി വിശിഷ്ട വ്യക്തികളുടെയും ഐഐടി ഡയറക്ടറുടെയും വെര്‍ച്വല്‍ രൂപങ്ങളില്‍ നിന്ന് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ഏറ്റു വാങ്ങി. 

2016ലെ ഫിസിക്‌സ് നോബല്‍ പുരസ്‌ക്കാര ജേതാവും പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ പ്രഫസറുമായ ഡങ്കന്‍ ഹാല്‍ഡേന്‍, ബ്ലാക്‌സ്റ്റോണ്‍ സിഇഒയും സഹസ്ഥാപകനുമായ സ്റ്റീഫന്‍ ഷ്വര്‍സ്മാന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ചടങ്ങില്‍ വിശിഷ്ടാതിഥികളായി. 
ബിരുദം ഏറ്റുവാങ്ങുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന അഭിമാനവും സന്തോഷവും ഒട്ടും ചോരാതിരിക്കാനാണ് ചടങ്ങ് വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ആവിഷ്‌ക്കരിച്ചതെന്ന് ഐഐടി ബോംബേ അറിയിച്ചു. 

ക്യാംപസിലൂടെ വെര്‍ച്വലായി കറങ്ങാനും ഹോസ്റ്റലുകളും ഡിപ്പാര്‍ട്ട്‌മെന്റുകളും വെര്‍ച്വലായി സന്ദര്‍ശിക്കാനും സൗകര്യമൊരുക്കിയിരുന്നു. കൂട്ടുകാരെയും അധ്യാപകരെയുമെല്ലാം കാണാനും സംവിധാനമുണ്ടായി. ഡിഡി സഹ്യാദ്രിയിലും സ്ഥാപനത്തിന്റെ ഔദ്യോഗിക യുടൂബ്, ഫേസ്ബുക്ക് പേജുകളിലും ചടങ്ങ് തത്സമയം ടെലികാസ്റ്റ് ചെയ്തു.  ഐഐടിയുടെ ഈ നൂതന ബിരുദദാന ചടങ്ങിന് വന്‍ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിച്ചത്. 

click me!