എന്താണ് സീറോ അക്കാദമിക് ഇയർ? ഈ അധ്യയന വർഷം സ്കൂളുകൾ തുറക്കുമോ?

By Web TeamFirst Published Aug 11, 2020, 2:10 PM IST
Highlights

എന്നാൽ സെപ്റ്റംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന ഉന്നതതല യോ​ഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. 
 

ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യമാണ് നിലവിലുള്ളത്. അധ്യയന വർഷത്തിന്റെ പകുതി പിന്നിട്ട സാഹചര്യത്തിൽ പുതിയ തീരുമാനത്തിന്റെ സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. 2020 സീറോ അധ്യയന വർഷം ആയി പരി​ഗണിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള അനുകൂല സാഹചര്യം ഉണ്ടാകാത്തതിനെ തുടർന്നാണ് ഈ തീരുമാനം. സെപ്റ്റംബർ 1ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ സെപ്റ്റംബറിലും ഒക്ടോബറിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന ഉന്നതതല യോ​ഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാതെയും ക്ലാസുകളൊന്നും നടക്കാതെയും വരുന്ന അധ്യയന വർഷത്തെയാണ് സീറോ അക്കാദമി ഇയർ എന്ന് നിർവ്വചിക്കുന്നത്. എന്നാൽ സ്കൂളുകളും കോളേജുകളും ഇപ്പോൾ ഓൺലൈൻ ക്ലാസുകളിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ തന്നെ വർഷാവസാനം പരീക്ഷ നടത്താമെന്ന പ്രതീക്ഷയുമുണ്ട്. രോ​ഗവ്യാപനം കുറഞ്ഞാൽ ഡിസംബറിൽ തുറക്കാൻ സാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യം കുറച്ചു കൂടി മെച്ചപ്പെട്ടാൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. 

ഓൺലൈൻ വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തുന്നില്ല എന്നത് ഒരു പോരായ്മയാണ്. ഇപ്പോഴും നിരവധി കുട്ടികൾക്ക് സ്മാർട്ട് ഫോണോ ലാപ്ടോപ്പോ ഇല്ലാത്ത സാഹചര്യത്തിലാണുള്ളത്. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ അറുപത് ശതമാനം കുട്ടികളിലേക്ക് മാത്രമേ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഫലം എത്തിച്ചേരുന്നുള്ളൂ. ടെലിവിഷൻ വഴിയും കമ്യൂണിറ്റി റേഡിയോ വഴിയും ചെറിയൊരു ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അവശേഷിക്കുന്ന കുട്ടികൾ ഇപ്പോഴും ഓൺലൈൻ വിദ്യാഭ്യാസത്തിന് പുറത്താണ്. 
 

click me!