എടിഎം ഉപയോഗിക്കുന്നവര്‍ക്കും ചില അവകാശങ്ങളുണ്ട്!

Web Desk |  
Published : Dec 01, 2016, 10:01 AM ISTUpdated : Oct 05, 2018, 03:12 AM IST
എടിഎം ഉപയോഗിക്കുന്നവര്‍ക്കും ചില അവകാശങ്ങളുണ്ട്!

Synopsis

എ ടി എം ഉപയോഗം ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു‍. ബാങ്കില്‍ പോകാതെ തന്നെ പണം പിന്‍വലിക്കുന്നതിനും കൈമാറുന്നതിനുമുള്ള ഏറ്റവും വേഗമേറിയ മാര്‍ഗമാണിത്. ബ്രാഞ്ചുകളിലെ തിരക്കു കുറയ്ക്കുന്നതിന് എടിഎമ്മുകള്‍ ഉപയോഗിക്കാന്‍ ഇടപാടുകാരെ ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രാത്രിയോ പകലെന്നോ ഇല്ലാതെ വിചാരിക്കുന്ന സമയത്ത് കാശുകിട്ടും എന്നതാണ് എടിഎമ്മുകളെ ഇത്ര ജനപ്രിയമാക്കിയത്. എന്നാല്‍ എടിഎമ്മുകള്‍ ഇടപാടുകാര്‍ക്ക് ചിലപ്പോള്‍ 'പണി' കൊടുക്കാറുണ്ട്. കാശ് കിട്ടാതെതന്നെ അക്കൗണ്ടില്‍നിന്നു പണം പോയെന്നുവരും.., അത്യാവശ്യത്തിനു ചെല്ലുമ്പോള്‍ പണം കിട്ടിക്കൊള്ളണമെന്നില്ല..,  കാര്‍ഡ് ഉള്ളില്‍പ്പോയാല്‍ തിരികെക്കിട്ടിയെന്നും വരില്ല... അങ്ങനെ നീളുന്നു എടിഎമ്മുകള്‍ 'പണിയുന്ന പണി'. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തു ചെയ്യണം, ഇടപാടുകാരന്റെ അവകാശങ്ങളെന്തൊക്കെ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു സാമാന്യ ബോധ്യമുണ്ടായിരിക്കേണ്ടതുണ്ട്.

എടിഎമ്മില്‍ ട്രാന്‍സാക്ഷന്‍ നടത്തുമ്പോള്‍ പണം ലഭിക്കാതിരിക്കുകയും, അതേസമയം അക്കൗണ്ടില്‍നിന്നു പണം നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായേക്കാം. ഇങ്ങനെ വന്നാല്‍ ബാങ്കില്‍ നേരിട്ടു പരാതി നല്‍കണം. ഇതിനുള്ള അപേക്ഷാ ഫോം എടിഎം കൗണ്ടറിനുള്ളില്‍ ഉണ്ടായിരിക്കണമെന്നാണു ചട്ടം.

ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണു പണം നഷ്ടമായതെങ്കില്‍ പരാതി ലഭിച്ച് ഏഴു ദിവസത്തിനകം ഇടപാടുകാരനു പണം തിരികെ ലഭിക്കും. പണം കിട്ടിയില്ലെങ്കില്‍, പിന്നീടുള്ള ഓരോ ദിവസത്തിനം 100 രൂപ വീതം ബാങ്കില്‍നിന്നു പിഴ ഈടാക്കാന്‍ ഇടപാടുകാരന് അവകാശമുണ്ട്.

എടിഎമ്മിലൂടെ കള്ളനോട്ട് കിട്ടിയ സംഭവം കേട്ടിട്ടുണ്ടാകുമല്ലോ? എടിഎമ്മില്‍നിന്നു കള്ളനോട്ട് കിട്ടിയെന്നുവച്ച് ഒരിക്കലും ഇടപാടുകാരന്‍ കുറ്റക്കാരനാകില്ല. കിട്ടിയ നോട്ടും എടിഎം ഇടപാടു നടത്തിയ രേഖയുമായി നേരേ ബാങ്കിലേക്കു ചെല്ലുക. ബാങ്ക് അധികൃതര്‍ സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ച്, ശരിയെന്നു കണ്ടാല്‍ തത്തുല്യമായ തുക നേരിട്ടു നല്‍കുകയോ അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യുകയോ ചെയ്യും. കള്ളനോട്ട് കിട്ടിയെന്നതുമായി ബന്ധപ്പെട്ട് യാതൊരു രേഖയും ഇടപാടുകാരന്റെ പേരില്‍ ബാങ്കില്‍ സൂക്ഷിക്കാനും പാടില്ലെന്നാണു റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അത്യാവശ്യത്തിന് ഓടിച്ചെല്ലുമ്പോള്‍ എടിഎമ്മില്‍ പണമുണ്ടാകാത്ത അവസ്ഥ പലരെയും അസ്വസ്ഥരാക്കാറുണ്ട്. എടിഎമ്മില്‍ പണമില്ലെങ്കില്‍ അക്കാര്യം ഇടപാടുകാരനെ അറിയിക്കേണ്ട ബാധ്യത ബാങ്കിനാണ്. ഇക്കാര്യം സൂചിപ്പിച്ച് എടിഎം കൗണ്ടറിനു മുന്നില്‍ ബോര്‍ഡ് വയ്ക്കണമെന്നുണ്ട്. എന്നാല്‍ പല എടിഎമ്മുകളിലും ഇതൊന്നും നടക്കാറില്ലെന്നതാണു വാസ്തവം.

ഏറ്റവും ഒടുവില്‍ നടത്തിയ എടിഎം ഇടപാടിന്റെ സ്ലിപ്പ് സൂക്ഷിച്ചുവയ്ക്കുന്നതു നല്ലതാണ്. ഏതെങ്കിലും കാരണത്താല്‍ അക്കൗണ്ടില്‍നിന്നു പണം നഷ്ടമായാല്‍ ഈ സ്ലിപ്പുമായി വേണം ബാങ്കിനെ സമീപിക്കാന്‍.

ചില ബാങ്കുകള്‍ പേപ്പര്‍ സ്ലിപ്പുകള്‍ നിര്‍ത്തലാക്കി, എസ്എംഎസ് വഴിയാണ് ഇടപാട് വിവരങ്ങള്‍ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ ബാങ്കിനെ സമീപിക്കുമ്പോള്‍ ഈ മെസേജ് ഫോണിലുണ്ടാകണം. സ്ലിപ്പിലെ വിവരങ്ങളില്‍ നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ്, ഏറ്റവും ഒടുവില്‍ പിന്‍വലിച്ച പണം, ഏത് എടിഎമ്മില്‍നിന്ന് എത്ര മണിക്കു പിന്‍വലിച്ചു തുടങ്ങിയ വിവരങ്ങളെല്ലാമുണ്ടാകുമെന്ന് ഓര്‍ക്കുക.

PREV
click me!