Latest Videos

ഹീരാ കൺസ്ട്രക്ഷൻസിനെതിരെ കൂടുതൽ നടപടി; 32 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

By Web TeamFirst Published Jan 16, 2024, 7:26 PM IST
Highlights

 നിരവധിയാളുകൾക്ക് ഫ്ലാറ്റ് നിർമ്മിച്ച് വിറ്റ് കിട്ടിയ പണം വായ്പ തിരിച്ചടക്കാതെ മറ്റാവശ്യങ്ങൾക്ക് ചിലവഴിച്ചെന്നാണ് എസ്ബിഐ പരാതിയിൽ ആരോപിച്ചത്

തിരുവനന്തപുരം: പ്രമുഖ നിര്‍മ്മാണ കമ്പനി ഹീരാ കൺസ്ട്രക്ഷൻസിന്റെ 32 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്മെന്റ് വിഭാഗം മരവിപ്പിച്ചു. 62 ഇടങ്ങളിലെ ഭൂമിയും കെട്ടിടങ്ങളുമാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം ആസ്ഥാനമായ ഹീരാ കൺസ്ട്രക്ഷൻസിന്റെ ഉടമ അബ്ദുൾ റഷീദിനെ കഴിഞ്ഞ ഡിസംബറിൽ ഇഡി അറസ്റ്റുചെയ്തിരുന്നു. കോടികളുടെ കളളപ്പണ ഇടപാട് നടന്നതായുളള സിബിഐ റിപ്പോ‍ർട്ടിനെ തുടര്‍ന്നാണ് ഇഡി കേസ് അന്വേഷിക്കുന്നത്.

നേരത്തെ തിരുവനന്തപുരം ആക്കുളത്ത് ഫ്ലാറ്റ് കെട്ടിടം നിര്‍മ്മിക്കുന്നതിനായി എസ് ബി ഐയിൽ നിന്ന് ഹീരാ കൺസ്ട്രക്ഷൻസ് വായ്പയെടുത്തിരുന്നു. എന്നാൽ ഇതിൽ തിരിച്ചടവ് മുടങ്ങി. ഇതോടെ എസ്ബിഐ പരാതി നൽകി. ആദ്യം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പിന്നീട് സിബിഐയും അന്വേഷണം ആരംഭിച്ചു. നിരവധിയാളുകൾക്ക് ഫ്ലാറ്റ് നിർമ്മിച്ച് വിറ്റ് കിട്ടിയ പണം വായ്പ തിരിച്ചടക്കാതെ മറ്റാവശ്യങ്ങൾക്ക് ചിലവഴിച്ചെന്നായിരുന്നു കേസിൽ സിബിഐയുടെ കണ്ടെത്തൽ.

ഹീരാ കൺസ്ട്രക്ഷൻസിന്റെ തിരുവനന്തപുരത്തെ ഓഫീസിലടക്കം ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയാണ് നേരത്തെ ഹീരാബാബു എന്നറിയപ്പെടുന്ന അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്തത്. കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് കമ്പനിയുടെ സ്വത്തുക്കൾ മരവിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!