ലഖ്നൗ വിമാനത്താവളം നടത്തിപ്പ് 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന്

By Web TeamFirst Published Nov 3, 2020, 5:22 PM IST
Highlights

തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടഞ്ഞ് നില്‍ക്കുന്നത് അദാനിക്കും കേന്ദ്രസര്‍ക്കാരിനും തലവേദനയാണ്.
 

ദില്ലി: ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിലെ അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് നടത്തിപ്പിനായി വിട്ടുനല്‍കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വിമാനത്താവളം 50 വര്‍ഷത്തേക്കാണ് കൈമാറിയത്. ഒക്ടോബര്‍ 30ന് മംഗലാപുരം വിമാനത്താവളവും എയര്‍പോര്‍ട് അതോറിറ്റി അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ 2019 ഫെബ്രുവരിയിലാണ് രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചത്. അഹമ്മദാബാദ്, ജയ്പൂര്‍, മംഗലാപുരം, ലഖ്നൗ, തിരുവനന്തപുരം, ഗുവാഹത്തി എന്നീ വിമാനത്താവളങ്ങളായിരുന്നു ഇത്. 50 വര്‍ഷത്തെ നടത്തിപ്പ് ചുമതലയ്ക്കായുള്ള കരാര്‍ അദാനിക്കാണ് ലഭിച്ചത്.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് എഎഐ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട കരാര്‍പത്രം അദാനിക്ക് കൈമാറിയത്. അടുത്തതായി അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളം നവംബര്‍ 11 ന് കൈമാറും. തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടഞ്ഞ് നില്‍ക്കുന്നത് അദാനിക്കും കേന്ദ്രസര്‍ക്കാരിനും തലവേദനയാണ്. ഇതടക്കം അവശേഷിക്കുന്ന മൂന്ന് വിമാനത്താവളങ്ങള്‍ പിന്നീടേ കൈമാറൂ.
 

click me!