വിൽപ്പനയിൽ 85 ശതമാനം വർധന, 1.5 ലക്ഷം ഇന്ത്യൻ കച്ചവടക്കാർ അധികമായി എത്തി: വൻ നേട്ടങ്ങൾ സ്വന്തമാക്കി ആമസോൺ

By Web TeamFirst Published Dec 21, 2020, 11:21 PM IST
Highlights

പത്ത് ലക്ഷത്തിലധികം സ്ഥാപനങ്ങളുമായാണ് തങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 

ദില്ലി: കൊവിഡിൽ വ്യാപാര മേഖല വൻ തിരിച്ചടി ഏറ്റുവാങ്ങിയ 2020 ൽ ആമസോൺ അധികമായി ചേർത്തത് ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യൻ വ്യാപാരികളെ. ആകെയുള്ള വ്യാപാരികളിൽ 4,152 പേർ ഒരു കോടിയിലേറെ വിറ്റുവരവ് നേടിയതും ആമസോണിന് അഭിമാനകരമായ നേട്ടമായി മാറി. 70,000 ത്തോളം ഇന്ത്യൻ കയറ്റുമതിക്കാരും തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ഭാഗമായെന്ന് കമ്പനി അറിയിച്ചു.

വ്യാപാരികളും ലോജിസ്റ്റിക്സ് പങ്കാളികളും സ്റ്റോറുകളും അടക്കം പത്ത് ലക്ഷത്തിലധികം സ്ഥാപനങ്ങളുമായാണ് തങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 

പുതുതായി ചേർന്ന വ്യാപാരികളിൽ അരലക്ഷത്തിലേറെ പേരും ഹിന്ദി, തമിഴ് ഭാഷകളിലാണ് രജിസ്റ്റർ ചെയ്തത്. കോടിയിലേറെ വിറ്റുവരവ് നേടിയ വ്യാപാരികളുടെ എണ്ണം 2019 നെ അപേക്ഷിച്ച് 29 ശതമാനം ഉയർന്നു. നിലവിൽ ഏഴ് ലക്ഷം കച്ചവടക്കാരാണ് ആമസോൺ ഇന്ത്യയുടെ ഭാഗമായിട്ടുള്ളത്. 

ദില്ലിയിലാണ് ആമസോണിന് ഏറ്റവും കൂടുതൽ സെല്ലർമാരുള്ളത്, 1.10 ലക്ഷം. മഹാരാഷ്ട്രയിൽ 87,000 പേരും ഗുജറാത്തിൽ 79,000 പേരുമുണ്ട്. ഇതിനെല്ലാം പുറമെ മുൻവർഷത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 85 ശതമാനം വളർച്ച നേടിയെന്നും കമ്പനി പറയുന്നു.
 

click me!