ഇനി ആമസോണിൽ നിന്ന് മരുന്ന് വാങ്ങാം: 'ആമസോൺ ഫാർമസി' സേവനവുമായി ആമസോൺ ഇന്ത്യ രം​ഗത്ത്

By Web TeamFirst Published Aug 13, 2020, 10:03 PM IST
Highlights

ഹെൽത്ത് കെയർ സ്റ്റാർട്ടപ്പുകളായ പ്രാക്ടോ, നെറ്റ്മെഡ്സ്, 1 എം ജി, ഫാം ഈസി, മെഡ് ലൈഫ് എന്നിവ ഡിമാൻഡിൽ വൻ കുതിച്ചുചാട്ടം നേടിയെടുത്തു. 

മുംബൈ: ഇ-കൊമേഴ്‍സ് കമ്പനിയായ ആമസോൺ ഇന്ത്യ ആമസോൺ ഫാർമസി എന്ന പുതിയ വിഭാ​ഗം ആരംഭിച്ചു. ഓൺലൈൻ മെഡിസിൻ വിൽപ്പനയിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാ​ഗമാണ് ഈ നടപടി. തുടക്കം എന്ന നിലയിൽ ബാം​ഗ്ലൂരിലാണ് സേവനം ആരംഭിച്ചിരിക്കുന്നത്. 

മറ്റ് നഗരങ്ങളിൽ സേവനം സംബന്ധിച്ച പൈലറ്റ് സർവീസ് പ്രോ​ഗ്രാമുകൾ കമ്പനി നടപ്പാക്കി വരുകയാണ്. കൊവിഡ് ലോക്ക്ഡൗൺ സമയത്തും അൺലോക്ക് പ്രഖ്യാപനത്തിന് ശേഷവും ബിസിനസിൽ പ്രതീക്ഷ നൽകുന്ന മുന്നേറ്റങ്ങൾ ഉണ്ടായതായാണ് ആമസോൺ വിലയിരുത്തുന്നത്. 

ലോക്ക്ഡൗണും സാമൂഹിക അകലവും ഉപഭോക്താക്കളെ കൺസൾട്ടേഷൻ, ചികിത്സ, മെഡിക്കൽ പരിശോധനകൾ, മരുന്ന് വിതരണം എന്നിവയ്ക്കായി ഓൺലൈൻ മാർ​ഗങ്ങളെ ആശ്രയിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഹെൽത്ത് കെയർ സ്റ്റാർട്ടപ്പുകളായ പ്രാക്ടോ, നെറ്റ്മെഡ്സ്, 1 എം ജി, ഫാം ഈസി, മെഡ് ലൈഫ് എന്നിവ ഡിമാൻഡിൽ വൻ കുതിച്ചുചാട്ടം നേടിയെടുത്തു. ഫണ്ടിംഗ് പ്രവർത്തനങ്ങളിലും ഈ സ്റ്റാർട്ടപ്പുകൾക്ക് മുന്നേറ്റം ഉണ്ടായി. എഡ്ടെക് പ്ലാറ്റ്ഫോമുകൾക്ക് സമാനമായ മുന്നേ‌റ്റമാണ് ഇവയ്ക്കുണ്ടായത്.

"ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ കടമയുടെ ഭാഗമായി, ബെംഗളൂരുവിൽ ഞങ്ങൾ ആമസോൺ ഫാർമസി ആരംഭിക്കുന്നു. ഓവർ-ദി-കൗണ്ടർ മരുന്നുകൾ, അടിസ്ഥാന ആരോഗ്യ ഉപകരണങ്ങൾ, സർട്ടിഫൈഡ് വിൽപ്പനക്കാരിൽ നിന്നുള്ള ആയുർവേദ മരുന്നുകൾ എന്നിവയ്ക്ക് പുറമേ കുറിപ്പടി അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ ഓർഡർ ചെയ്യാൻ ഉപഭോക്താക്കൾക്ക് കഴിയും. ഇന്നത്തെ കാലത്ത് ഇത് പ്രത്യേകിച്ചും പ്രസക്തമാണ്, വീട്ടിൽ സുരക്ഷിതമായി തുടരുമ്പോൾ ഉപഭോക്താക്കളെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ സേവനം സഹായിക്കും, ”ആമസോൺ വക്താവ് പറഞ്ഞു.

click me!