കൊവിഡ് കാലത്തും തളരാതെ ആമസോണ്‍; 33000 പേരെ ജോലിക്കെടുക്കുന്നു

By Web TeamFirst Published Sep 9, 2020, 10:40 PM IST
Highlights

വന്‍തോതില്‍ ഡിമാന്റ് ഉയര്‍ന്നപ്പോള്‍ ആമസോണിന് സാധനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിന് പ്രയാസം നേരിട്ടു. 1,75,000 പേരെയാണ് അധികമായി ഈ സാഹചര്യത്തില്‍ കമ്പനി റിക്രൂട്ട് ചെയ്തത്.
 

ന്യൂയോര്‍ക്: ലോകം മൊത്തം കൊവിഡ് മഹാമാരിയാല്‍ വലയുമ്പോഴും കുലുക്കമില്ലാതെ ആമസോണ്‍. കൂടുതല്‍ പേരെ ജോലിക്കെടുക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. 33000 പേരെ പുതുതായി കമ്പനി റിക്രൂട്ട് ചെയ്യുമെന്നാണ് വ്യക്തമാക്കിയത്.

ഒറ്റത്തവണ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ കമ്പനിയില്‍ ഉണ്ടാകുന്നതും ഇത്തവണയാണ്. സാധാരണ ഷോപ്പിങ് സീസണില്‍ പ്രഖ്യാപിക്കുന്ന അവസരങ്ങള്‍ പോലെയുള്ളതല്ല ഇത്തവണത്തേതെന്ന് കമ്പനി പ്രത്യേകം അറിയിച്ചു. കൊവിഡ് കാലത്ത് ഒരു തരത്തിലും തിരിച്ചടിയുണ്ടാകാത്ത സ്ഥാപനമാണ് ആമസോണ്‍. ലോക്ക്ഡൗണ്‍ മൂലം വീടുകളില്‍ അകപ്പെട്ടവര്‍ ഓണ്‍ലൈന്‍ ഷോപ്പിങിനെ ആശ്രയിച്ചതോടെയാണ് കമ്പനി വന്‍ നേട്ടമുണ്ടാക്കിയത്.

വന്‍തോതില്‍ ഡിമാന്റ് ഉയര്‍ന്നപ്പോള്‍ ആമസോണിന് സാധനങ്ങള്‍ വേഗത്തില്‍ എത്തിക്കുന്നതിന് പ്രയാസം നേരിട്ടു. 1,75,000 പേരെയാണ് അധികമായി ഈ സാഹചര്യത്തില്‍ കമ്പനി റിക്രൂട്ട് ചെയ്തത്. അതേസമയം പുതിയ അവസരങ്ങള്‍ അമേരിക്കയില്‍ മാത്രമായിരിക്കും. ഡെന്‍വര്‍, ന്യൂയോര്‍ക്, ഫൊണിക്‌സ്, സീറ്റില്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും നിയമനം. കോര്‍പ്പറേറ്റ്, ടെക് റോളുകളിലേക്കാണ് നിയമനം.

അതിനാല്‍ തന്നെ തുടക്കത്തില്‍ വര്‍ക്ക് ഫ്രം ഹോം ഓപ്ഷനായിരിക്കും പുതുതായി ജോലിക്ക് ചേരുന്നവര്‍ക്ക് ലഭിക്കുക. സെപ്തംബര്‍ 16 ന് ഓണ്‍ലൈന്‍ വഴി തൊഴില്‍ മേള നടക്കും. ഈ സ്ഥാനങ്ങളിലേക്ക് നിലവിലെ ശരാശരി വേതനം 1.75 ലക്ഷം ഡോളറാണ്. 12.83 കോടി രൂപയിലേറെ വരും ഈ തുക.

click me!