ഈ നക്ഷത്രക്കണ്ണുകള്‍ കണ്ടത് ബില്യണ്‍ ഡോളര്‍ സ്വപ്നങ്ങള്‍, അങ്കിതി ബോസ് യാത്ര തുടരുന്നു...!

By Web TeamFirst Published Oct 8, 2019, 4:14 PM IST
Highlights

സിലിംഗോയുടെ ആശയം മനസ്സിലുളളപ്പോഴും എങ്ങനെ, എവിടെ നിന്ന് തുടങ്ങണം എന്ന കാര്യത്തില്‍ സ്ഥാപകരായ അങ്കിതി ബോസിനും ദ്രുവ് കപൂറിനും ആശയക്കുഴപ്പുമുണ്ടായിരുന്നു. 

അങ്കിതി ബോസിന് അന്ന് പ്രായം 23, ദ്രുവ് കപൂറിന് പ്രായം 24 വയസ്സ്, തങ്ങളുടേതായ ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിച്ചു. 2014 ഡിസംബറില്‍ ബാംഗ്ലൂരില്‍ സുഹൃത്തുക്കളുടെ ഒരു ഹൗസ് പാര്‍ട്ടിക്കിടെയാണ് സിലിംഗോയെന്ന സംരംഭത്തിന്‍റെ ആശയം ആദ്യമായി ചര്‍ച്ചയാകുന്നത്. അന്ന് സെക്വോയ ഇന്ത്യയിലെ അനലിസ്റ്റാണ് അങ്കിതി ബോസ്. ദ്രുവ് ഗൈയിമിങ് സ്റ്റ്യൂഡിയോയായ കിവിയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനിയറും.

അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു, സിലിംഗോ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുളള ഫാഷന്‍ ഫ്ലാറ്റ്ഫോമാണിന്ന്. സിലിംഗോയുടെ ആശയപ്പിറവിക്ക് ശേഷം നാല് മാസം മാത്രമാണ് ഇരുവരും തങ്ങളുടെ തൊഴില്‍ മേഖലയില്‍ തുടര്‍ന്നത്. ഇരുവരും 30,000 ഡോളര്‍ വീതം നിക്ഷേപമായി എടുത്ത് സിലിംഗോയ്ക്ക് തുടക്കം കുറിച്ചു. ദക്ഷിണ- പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളിലെ ചെറുകിട വ്യാപാരികളെ ലക്ഷ്യം വച്ചായിരുന്നു സ്റ്റാര്‍ട്ടപ്പിന്‍റെ തുടക്കം. 

ഇന്ത്യ മുതല്‍ അമേരിക്ക വരെ...

സെക്വോയ ക്യാപിറ്റല്‍, ടെമാസ്ക്ക് ഹോള്‍ഡിംഗ്സ് തുടങ്ങിയ കമ്പനികളില്‍ നിന്ന് 226 മില്യണ്‍ ഡോളറാണ് സിംഗപ്പൂര്‍ ആസ്ഥാനമായ സിലിംഗോ നേടിയെടുത്തത്. തുടക്കം സെക്വോയയുടെ സീഡ് ഫണ്ടില്‍ നിന്നും. ഇന്ന് ഏഷ്യയിലെ വലുപ്പമുളള സ്റ്റാര്‍ട്ടപ്പുകളിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചീഫ് എക്സിക്യൂട്ടീവുകളില്‍ ഒരാളാണ് അങ്കിതി ബോസ്. ദ്രുവ് കപൂര്‍ ഇന്ന് കമ്പനിയുടെ ചീഫ് ടെക്നിക്കല്‍ ഓഫീസറും (സിടിഒ). ലോകത്തെ 20 ഓളം രാജ്യങ്ങളില്‍ സിലിംഗോ സാന്നിധ്യം ശക്തമാക്കിക്കഴിഞ്ഞു. കമ്പനിയുടെ ഫാഷന്‍ സപ്ലേ ചെയിന്‍ രംഗത്ത് ലോകത്ത് ആകെ 50,000 ത്തോളം പാര്‍ട്ട്നര്‍മാരുണ്ട്. ഇന്തോനേഷ്യ, ഹോങ്കോങ്, തായ്‍ലാന്‍ഡ്, ഫിലിപ്പിയന്‍സ്, ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നിവ പ്രധാന വിപണിയായ കമ്പനിക്കിന്ന് 700 ഓളം ജീവനക്കാരുണ്ട്. 

സിലിംഗോയുടെ ആശയം മനസ്സിലുളളപ്പോഴും എങ്ങനെ, എവിടെ നിന്ന് തുടങ്ങണം എന്ന കാര്യത്തില്‍ സ്ഥാപകരായ അങ്കിതി ബോസിനും ദ്രുവ് കപൂറിനും ആശയക്കുഴപ്പുമുണ്ടായിരുന്നു. എന്നാല്‍, ബാങ്കോക്കിലേക്കുളള ഹോളിഡേ ട്രിപ്പില്‍ അങ്കിതി ആ ചോദ്യങ്ങള്‍ക്കുളള ഉത്തരം കണ്ടെത്തി. ഓണ്‍ലൈന്‍ ഫാഷന്‍ രംഗത്ത് വില്‍പ്പനയ്ക്ക് വയ്ക്കാവുന്ന നിരവധി ഉല്‍പ്പന്നങ്ങളാണ് ബാങ്കോക്കിലെ വഴിയോരത്ത് അങ്കിതി കണ്ടെത്തിയത്. ഇത്തരം ചെറിയ, ഇടത്തരം വ്യാപാരികള്‍ക്ക് ഓണ്‍ലൈനില്‍ സാന്നിധ്യം ഉണ്ടായിരുന്നില്ല. 'ശരിക്കും ഇതുതന്നെ അവസരം, ഇവിടെ നിന്ന് തുടങ്ങാം', അങ്കിതിയിലെ ബിസിനസ് വിമണ്‍ ഉണര്‍ന്നു.  

ഇടം നല്‍കി ഫോര്‍ച്യൂണ്‍ മാഗസിന്‍

പിന്നീട് അങ്കിതിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, 2015 ല്‍ സിലിംഗോയ്ക്ക് തുടക്കമായി. 2019 ലെ ഫോര്‍ച്യൂണ്‍ മാഗസിന്‍ പുറത്തിറക്കിയ 40 വയസ്സില്‍ താഴെയുളള ബിസിനസ് രംഗത്തെ 40 സ്വാധീന ശക്തിയും പ്രചോദനവുമായ യുവ ബിസിനസ്സുകാരുടെ പട്ടികയില്‍  അങ്കിതിയും ഇടം നേടി. ഫാഷന്‍ രംഗത്ത് ആദ്യം ഇ- കൊമേഴ്സ് ഫ്ലാറ്റ്ഫോമായിട്ടായിരുന്നു കമ്പനിയുടെ തുടക്കം. ഫാഷന്‍ രംഗത്തെ സര്‍വീസ് ബാസ്ക്കറ്റ് സംവിധാനത്തോടെ ഇന്നത് ബി2ബി ടെക് പ്ലാറ്റ്ഫോമായി വികസിച്ചു. അങ്കിതിയും ദ്രുവും സിലിംഗോയും മുന്നോട്ട് അതിവേഗം കുതിക്കുകയാണ് ഓണ്‍ലൈന്‍ രംഗത്തെ ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ പ്ലാറ്റ്ഫോമായി മാറാന്‍.   

click me!