സ്റ്റാറായി റീട്ടെയിൽ, പേഴ്സണൽ കെയർ ബ്രാൻഡുകൾ! മികച്ച മുന്നേറ്റം നടത്തി ഫ്ലിപ്കാർട്ടും ഏഷ്യൻ പെയിന്റ്സും

By Web TeamFirst Published Sep 20, 2020, 10:19 PM IST
Highlights

എച്ച്ഡിഎഫ്സി ബാങ്ക് ഒന്നാം സ്ഥാനം നിലനിർത്തിയ പട്ടികയിൽ എട്ടാം സ്ഥാനത്ത് ഇ -കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഇടം കണ്ടെത്തി. 

രാജ്യത്തെ ഏറ്റവും മൂല്യവത്തായ 75 ബ്രാൻഡുകളുടെ ബ്രാൻസ് സെഡ് പട്ടികയിൽ അതിവേ​ഗ വളർച്ച പ്രകടിപ്പിച്ച് റീട്ടെയിൽ, പേഴ്സണൽ കെയർ ബിസിനസ് സെക്ടറുകൾ. ഡബ്ല്യുപിപി പിഎൽസിയുടെയും കാന്തറിന്റെയും ബ്രാൻഡുകളെ സംബന്ധിച്ച റിപ്പോർട്ടിലാണ് റീട്ടെയിൽ, പേഴ്സണൽ കെയർ ബിസിനസ്സുകളുടെ മുന്നേറ്റത്തെ സംബന്ധിച്ച് വ്യക്തമാക്കുന്നത്. 
 
റിപ്പോർട്ടിലെ ബിസിനസ് വിഭാഗങ്ങളിൽ, റീട്ടെയിൽ (33%), പേഴ്സണൽ കെയർ (32%), ടെലികോം സേവന ദാതാക്കൾ (25%) എന്നിവ അതിവേഗം വളർച്ച പ്രകടിപ്പിച്ചു. മൂല്യം സൃഷ്ടിക്കുന്നതും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്ന തരത്തിലെ പ്രവർത്തന ശൈലി പിന്തുടർന്നതും കാരണം ഉപഭോക്താക്കളെ ലോക്ക്ഡൗൺ സമയത്ത് ഈ സെക്ടറുകൾ വളരെയേറെ സഹായിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

എച്ച്ഡിഎഫ്സി ബാങ്ക് ഒന്നാം സ്ഥാനം നിലനിർത്തിയ പട്ടികയിൽ എട്ടാം സ്ഥാനത്ത് (6.5 ബില്യൺ ഡോളർ) ഇ -കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ഇടം കണ്ടെത്തി. ബ്രാൻഡ് മൂല്യത്തിൽ 40 ശതമാനം വർധനയോടെയാണ് ആദ്യ പത്തിലേക്ക് ഫ്ലിപ്പ്കാർട്ട് എത്തിയത്. 16-ാം സ്ഥാനത്തുള്ള ഡി-മാർട്ട് (3.3 ബില്യൺ ഡോളർ), 38 ശതമാനം വർധനയോടെ, ബ്രാൻഡ് മൂല്യം ഗണ്യമായി ഉയർത്തി. ഭക്ഷ്യ ബ്രാൻഡായ മാഗിയാണ് ഈ വർഷം ഏറ്റവും ഉയർന്ന ബ്രാൻഡ് മൂല്യത്തിൽ വളർച്ച പ്രക‌ടിപ്പിച്ചത് (46%). ഇന്ത്യയിൽ പെയിന്റ് വ്യവസായം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും, അർത്ഥവത്തായ വ്യത്യാസം, കൃത്യമായ കമ്മ്യൂണിക്കേഷൻ തന്ത്രങ്ങൾ, ഉൽപ്പന്ന പുതുമകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഏഷ്യൻ പെയിന്റ്സിന്റെ ബ്രാൻഡ് മൂല്യം 14% വർദ്ധിച്ചു.

പ്രതിസന്ധി ഘട്ടത്തിൽ വീട്ടിൽ കഴിയേണ്ടി വരുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക്, ടെലികമ്മ്യൂണിക്കേഷൻസ് വളരെ ആവശ്യമുളള സേവന സഹായം നൽകി. ഓൺലൈൻ ഗെയിമിംഗ്, മീഡിയ സ്ട്രീമിംഗ് പോലുള്ള ഡാറ്റാധിഷ്ടിത സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റാനും ടെലികമ്മ്യൂണിക്കേഷൻസിനായി. നാലാം സ്ഥാനത്തുള്ള എയർടെൽ (13.9 ബില്യൺ ഡോളർ) ഏറ്റവും മികച്ച ടെലികോം ബ്രാൻഡാണ്. ബ്രാൻഡ് മൂല്യത്തിൽ 36 ശതമാനം വർധന. ജിയോ ഏഴാം സ്ഥാനത്ത് (6.9 ബില്യൺ ഡോളർ) മൂല്യം 26 ശതമാനം വർദ്ധിച്ചു. പുതുതായി പ്രവേശിച്ച അഞ്ച് പേരിൽ ബിഎസ്എൻഎൽ 75-ആം സ്ഥാനത്താണ് (583 മില്യൺ ഡോളർ).

“ആഗോളതലത്തിൽ ബ്രാൻഡുകളെ സംബന്ധിച്ച് കൊവിഡ് -19 ഒരു പരീക്ഷണ ഘട്ടമായിരുന്നു, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കോവിഡ് -19 ന് മുമ്പ് തന്നെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലായിരുന്നു. പല ഇന്ത്യൻ ബ്രാൻഡുകളും വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ലോകോത്തര രീതികൾക്കനുസരിച്ച് പുതുമ വരുത്താനും പൊരുത്തപ്പെടാനുമുള്ള അവരുടെ കഴിവ് പ്രകടമാക്കി. ബ്രാൻഡ് ബിൽഡിംഗിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് വെല്ലുവിളികളെ അതിജീവിക്കാനും കൂടുതൽ ശക്തമായി പ്രതിസന്ധികളിൽ നിന്ന് പുറത്തുവരാനും കഴിയുമെന്ന് ഞങ്ങളുടെ വിശകലനം വീണ്ടും തെളിയിക്കുന്നു," ദി സ്റ്റോർ ഡബ്ല്യുപിപി, ഇഎംഇഎ, ഏഷ്യ എന്നിവയുടെ ചീഫ് എക്സിക്യൂട്ടീവും ബ്രാൻഡ് സെഡ് ചെയർമാനുമായ ഡേവിഡ് റോത്ത് പറഞ്ഞു. 

രണ്ട് പേഴ്സണൽ കെയർ ബ്രാൻഡുകളായ ഡോവ് (നമ്പർ 61), ക്ലോസ് അപ്പ് (നമ്പർ 69) എന്നിവ പട്ടികയിൽ അരങ്ങേറ്റം കുറിച്ചു.

റീട്ടെയിൽ, ടെലികോം, അതിവേഗം നീങ്ങുന്ന ഉപഭോക്തൃവസ്തുക്കളുടെ (എഫ്എംസിജി) ബ്രാൻഡുകളുടെ പ്രകടനം പ്രതിസന്ധി ഘട്ടങ്ങളിൽ ചടുലമായിരിക്കുന്നത് വളർച്ചയ്ക്ക് നിർണായകമാണെന്ന് സൗത്ത് ഏഷ്യ ഇൻസൈറ്റ്സ് ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് പ്രീതി റെഡ്ഡി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ ബ്രാൻഡുകൾ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമെന്ന ഉപഭോക്തൃ പ്രതീക്ഷകൾ മൂന്നിരട്ടിയായി വർദ്ധിച്ചുവെന്നും മികച്ച ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകാൻ ഇന്ത്യൻ കമ്പനികൾ ശ്രമിക്കുന്നുണ്ടെന്ന് ഈ വർഷത്തെ റാങ്കിംഗ് വ്യക്തമാക്കുന്നു.
 

click me!