ബിഎസ്എന്‍എല്‍ വിആര്‍എസ് പദ്ധതി തുടങ്ങി; 80000 ജീവനക്കാര്‍ വിരമിക്കുമെന്ന് പ്രതീക്ഷ

By Web TeamFirst Published Nov 6, 2019, 5:48 PM IST
Highlights

നവംബര്‍ നാല് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. 
ഏകദേശം ഒരു ലക്ഷം ജീവനക്കാര്‍ക്ക് വിആര്‍എസിന് യോഗ്യതയുണ്ടെന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

ദില്ലി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലില്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനുള്ള(വിആര്‍എസ്) പദ്ധതിക്ക് തുടക്കം. കമ്പനിയുടെ സാമ്പത്തിക ബാധ്യത കുറക്കാനാണ് ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കുന്നത്. പദ്ധതി തുടങ്ങിയതോടെ 70000-80000 പേര്‍ വിആര്‍എസിന് അപേക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. നവംബര്‍ നാല് മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഏകദേശം ഒരു ലക്ഷം ജീവനക്കാര്‍ക്ക് വിആര്‍എസിന് യോഗ്യതയുണ്ടെന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു.

മൊത്തം 1.5 ലക്ഷം ജീവനക്കാരാണ് ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്നത്. വിആര്‍എസ് നല്‍കുന്നതോടെ ശമ്പളയിനത്തില്‍ നല്‍കുന്ന 7000 കോടി ലാഭിക്കാമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും വിആര്‍എസ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്ന് മുതലാണ് എംടിഎന്‍എല്‍ വിആര്‍എസ് പദ്ധതി തുടങ്ങുന്നത്. സ്ഥിര ജീവനക്കാരായ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിആര്‍എസ് അവസരം നല്‍കുന്നത്. മികച്ച പാക്കേജാണ് നല്‍കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

69,000 കോടി രൂപയാണ് വിആര്‍എസ് പദ്ധതിക്കായി മാറ്റിവെച്ചത്. 2010 മുതല്‍ ബിഎസ്എന്‍എല്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 10 വര്‍ഷമായി എംടിഎന്‍എല്ലും നഷ്ടത്തിലാണ്. ഇരു പൊതുമേഖലാ സ്ഥാപനങ്ങളും 42,000 കോടി നഷ്ടത്തിലാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇരു കമ്പനികളും ലയിപ്പിച്ച്,  വിആര്‍എസ് പദ്ധതി നടപ്പാക്കുന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നഷ്ടമില്ലാതെ പ്രവര്‍ത്തിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.

click me!