ടെക്നോപാര്‍ക്കിന്‍റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മികച്ച റേറ്റിം​ഗ് നൽകി ക്രിസിൽ

By Web TeamFirst Published Jul 30, 2020, 6:31 PM IST
Highlights

കൊവിഡ്-19 മഹാമാരി മൂലം ആഗോളതലത്തിലുണ്ടായ പ്രതിസന്ധികളും സാമ്പത്തികമാന്ദ്യവും മറികടന്ന് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനത്തിലേക്ക് സുഗമമായി ചുവടുമാറ്റിയ ടെക്നോപാര്‍ക്ക് ഐടി മേഖലയില്‍ മുന്‍നിര സ്ഥാനം നിലനിര്‍ത്തുന്നുവെന്ന് റേറ്റിംഗ് സാക്ഷ്യപ്പെടുത്തുന്നു.

തിരുവനന്തപുരം: പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ സുസ്ഥിരമായ സാമ്പത്തിക ഭദ്രതയും പ്രവര്‍ത്തന മികവും കണക്കാക്കി നല്‍കുന്ന 'എ/സ്റ്റേബിള്‍' റേറ്റിംഗ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവനന്തപുരം ടെക്നോപാര്‍ക്കിന്.   

സാമ്പത്തിക മേഖലയിലെ റേറ്റിം​ഗ് ഏജൻസിയായ ക്രിസില്‍ 2020 ജൂലൈ 24 ലെ ഏറ്റവും പുതിയ അവലോകനത്തിലാണ് ടെക്നോപാര്‍ക്കിന് എ/സ്റ്റേബിള്‍ റേറ്റിംഗ് നല്‍കിയിട്ടുള്ളത്. വൈവിധ്യമാര്‍ന്ന നിരവധി സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളുന്ന ടെക്നോപാര്‍ക്കിന്‍റെ  ആരോഗ്യകരമായ വായ്പാ സുരക്ഷാ വ്യവസ്ഥകളും ധനവിനിയോഗ ശേഷിയുമാണ്  ഈ റേറ്റിംഗില്‍ പ്രതിഫലിക്കുന്നത്. കൊവിഡ്-19 മഹാമാരി മൂലം ആഗോളതലത്തിലുണ്ടായ പ്രതിസന്ധികളും സാമ്പത്തികമാന്ദ്യവും മറികടന്ന് 'വര്‍ക്ക് ഫ്രം ഹോം' സംവിധാനത്തിലേക്ക് സുഗമമായി ചുവടുമാറ്റിയ ടെക്നോപാര്‍ക്ക് ഐടി മേഖലയില്‍ മുന്‍നിര സ്ഥാനം നിലനിര്‍ത്തുന്നുവെന്ന് റേറ്റിംഗ് സാക്ഷ്യപ്പെടുത്തുന്നു.

ഒന്നും മൂന്നും ഘട്ടങ്ങളുടെ പൂര്‍ണമായ വിനിയോഗം, വൈവിധ്യമുള്ള സ്ഥാപനങ്ങള്‍,  ദീര്‍ഘകാല പാട്ടക്കരാര്‍ വ്യവസ്ഥകള്‍ എന്നിവയാണ്  സാമ്പത്തിക സ്ഥിരതയിലൂടെ ഉയര്‍ന്ന റേറ്റിംഗ് കൈവരിക്കുന്നതില്‍ നിര്‍ണായകമായ പ്രധാന ഘടകങ്ങള്‍. വസ്തുവകകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള മാനേജ്മെന്‍റിന്‍റെ സമീപനമാണ് പാട്ടക്കരാറുകാരുടെ സ്ഥിരതയും ആസ്തി ഗുണനിലവാരവും നിലനിറുത്തുന്നതിന് സഹായകമാകുന്നതെന്ന് ക്രിസില്‍ റേറ്റിംഗില്‍ വ്യക്തമാക്കുന്നു.

കേരള ഐടിയുടെ സുപ്രധാന ബ്രാന്‍ഡ് 

ഇടക്കാല കടബാധ്യതകള്‍ നിറവേറ്റുന്നതിന് വാടകയില്‍നിന്നുള്ള സ്ഥിരമായ വരുമാനം മതിയായതിനാല്‍ ടെക്നോപാര്‍ക്കിന്‍റെ ധനവിനിയോഗശേഷി ആരോഗ്യകരമാണ്. ലിക്വിഡിറ്റിക്ക് സ്ഥിരനിക്ഷേപങ്ങളും സാമ്പത്തിക ബാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും ബാങ്ക് നീക്കിയിരിപ്പുമുണ്ട്. മറ്റു സേവനങ്ങള്‍ക്കും സ്ഥിരനിക്ഷേപങ്ങളുമുണ്ടെന്ന് ക്രിസില്‍ വ്യക്തമാക്കുന്നു.

ചിട്ടയായ സാമ്പത്തിക അവലോകനത്തിലൂടെയാണ് ടെക്നോപാര്‍ക്കിന് 2014 ലെ ക്രിസില്‍ ഡി (ഡിഫോള്‍ട്ട്) റേറ്റിംഗില്‍ നിന്ന് ബിബി, ബിബിബി എന്നിവയിലൂടെ കഴിഞ്ഞ വര്‍ഷം മുതല്‍ എ സ്റ്റേബിള്‍ റേറ്റിംഗ് നേടാനായത്. 

കേരള സര്‍ക്കാര്‍ 1990ല്‍ സ്ഥാപിച്ച തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേരള ഐടിയുടെ സുപ്രധാന ബ്രാന്‍ഡാണ്. രാജ്യത്തെ പ്രഥമ ടെക്നോളജി പാര്‍ക്കായ ഈ സ്ഥാപനത്തിന്  സിഎംഎംഐ ലെവല്‍ 4, ഐഎസ്ഒ 9001:2015, ഐഎസ്ഒ 14001, ഒഎച്ച്എസ്എഎസ് 18001: 2001 സര്‍ട്ടിഫിക്കേഷനുകളുണ്ട്. ടെക് നോപാര്‍ക്കിലെ ഐടി, ഐടി-അനുബന്ധ മേഖലകളിലുള്ള 450 കമ്പനികളിലായി നിലവില്‍ 62,000 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
 

click me!