സ്റ്റാർട്ടപ്പുകൾക്ക് പണം നൽകാൻ എൽഐസിയും ഇപിഎഫ്ഒയും: നിക്ഷേപം നഷ്ടം വരുത്തുമോയെന്ന് ആശങ്ക; ചുമതല സിഡ്ബിക്ക്

By Anoop PillaiFirst Published Aug 18, 2021, 5:15 PM IST
Highlights

സീഡ് ഫണ്ടിംഗ്, ഏഞ്ചല്‍ നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വകാര്യ മേഖലയില്‍ നിന്നും ഇത്തരത്തിലുളള നിക്ഷേപകരുടെ കടന്നുവരവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകൾക്ക് ധന സഹായം നൽകാൻ തയ്യാറായി പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും (എല്‍ഐസി) എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇപിഎഫ്ഒ) രംഗത്ത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപ ഫണ്ട് സംവിധാനം ലക്ഷ്യമിട്ടുളള ഏകീകൃത പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനുളള കേന്ദ്ര സര്‍ക്കാരിന്റെ വിപുല പദ്ധതിയുടെ ഭാഗമാകാനാണ് എല്‍ഐസിയും ഇപിഎഫ്ഒയും താല്‍പര്യമറിയിച്ചുളളത്. 

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കി വരുന്ന സിഡ്ബിയാണ് (സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ) ഇതിനുളള വിശാല പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നത്. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ സ്റ്റാര്‍ട്ടപ്പ് ഉപദേശക സമിതി യോഗം പ്ലാറ്റ്‌ഫോമിനായി കൈക്കൊള്ളുന്ന നടപടികള്‍ വിലയിരുത്തി. ഈ യോഗത്തിലാണ് സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്‍ഐസിയും ഇപിഎഫ്ഒയും താല്‍പര്യമറിയിച്ചത്. 

''ഇന്നവേറ്റീവായ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ നമ്മുക്ക് ആവശ്യമാണ്. അവയുടെ വളര്‍ച്ചയ്ക്ക് ധനപരമായ പിന്തുണയും ആവശ്യമാണ്. സ്വകാര്യ മേഖലയില്‍ ധാരാളം ഏഞ്ചല്‍ നിക്ഷേപകരുണ്ട്. സര്‍ക്കാര്‍ മേഖലയിലും അത്തരം സംവിധാനങ്ങള്‍ വേണം. ഇതൊരു നല്ല നീക്കമാണ്. എല്‍ഐസിയും ഇപിഎഫ്ഒയും ഈ രംഗത്തേക്ക് എത്തുന്നു എന്നത് സ്റ്റാര്‍ട്ടപ്പ് സ്വപ്‌നങ്ങളുമായി നില്‍ക്കുന്ന ചെറുപ്പക്കാര്‍ക്ക് ആത്മവിശ്വാസം പകരുന്ന കാര്യമാണ്." ഹെഡ്ജ് ഇക്വറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച് ആന്‍ഡ് അഡ്വൈസറി) കൃഷ്ണന്‍ തമ്പി പറഞ്ഞു. 

"അമേരിക്കയും ചൈനയും ഒക്കെ ഏഞ്ചല്‍ നിക്ഷേപ സംവിധാനങ്ങളുടെ കാര്യത്തിലും മറ്റ് തരത്തിലുളള സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന പരിപാടികളുടെ കാര്യത്തിലാണെങ്കിലും ബഹുദൂരം മുന്നിലാണ്. നമ്മളും ഇക്കാര്യങ്ങളില്‍ സജീവമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സാമ്പത്തിക പിന്തുണ നല്‍കേണ്ട സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധവേണം. വിദഗ്ധരുടെ സമിതി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന മികച്ച സ്റ്റാര്‍ട്ടപ്പ് ആശയങ്ങളെ തെരഞ്ഞെടുത്ത് ഫണ്ട് ചെയ്താല്‍ വിപ്ലവകരമായ മുന്നേറ്റം രാജ്യത്ത് സൃഷ്ടിക്കപ്പെടും."

സീഡ് ഫണ്ടിംഗ്, ഏഞ്ചല്‍ നിക്ഷേപം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സ്വകാര്യ മേഖലയില്‍ നിന്നും ഇത്തരത്തിലുളള നിക്ഷേപകരുടെ കടന്നുവരവ് വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, എല്‍ഐസിയും ഇപിഎഫ്ഒയും എത്ര വിഹിതം പദ്ധതിയിലേക്ക് കൈമാറുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ ചര്‍ച്ചകളിലൂടെ ഇക്കാര്യങ്ങളില്‍ നയം രൂപീകരിക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ. ഏഞ്ചല്‍ നിക്ഷേപം, സീഡ് ഫണ്ട് തുടങ്ങിവയിലൂടെയും നിലവിലെ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികളിലൂടെയും സ്റ്റാര്‍ട്ട്പ്പ് മേഖലയില്‍ അതിവേഗ വളര്‍ച്ചയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

ഇന്ത്യയില്‍ നിലവില്‍ 6,000 ത്തോളം ഏഞ്ചല്‍ നിക്ഷേപകര്‍ മാത്രമാണുളളത്. എന്നാല്‍, അമേരിക്കയില്‍ ഇവരുടെ എണ്ണം മൂന്ന് ലക്ഷത്തോളം വരും. ഈ സംവിധാനത്തെ കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും ആശയതലത്തില്‍ നില്‍ക്കുന്നവയെ പൂര്‍ണ സംരംഭങ്ങളാക്കി മാറ്റുന്നതിന് ആവശ്യമായ രീതിയില്‍ നിയമ നിയന്ത്രണ തലത്തില്‍ പരിഷ്‌കാരങ്ങളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

വേഗത്തില്‍ ബിസിനസ് രംഗത്തേക്ക് എത്താനായി സീഡ് ഫണ്ടിംഗ് വഴി ധനസഹായം, സാങ്കേതിക- മാനേജ്‌മെന്റ് രംഗത്തെ സഹായങ്ങള്‍, കൂടുതല്‍ വ്യക്തികളെ സംരംഭ രംഗത്തേക്ക് ആകര്‍ഷിക്കല്‍, മേഖലയില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതും പുതിയ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യങ്ങളാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുളള മെന്റര്‍ഷിപ്പ് പദ്ധതിയുടെ ഭാഗമായി പ്രത്യേക ടെക്‌നോളജി പ്ലാറ്റ്‌ഫോമും സര്‍ക്കാര്‍ തയ്യാറാക്കും. 

സ്റ്റാർട്ടപ്പ് ആശയങ്ങളെ തെരഞ്ഞെടുക്കുമ്പോൾ ജാ​ഗ്രത വേണമെന്നും മികച്ച സംരംഭക ആശയങ്ങൾക്ക് പിന്തുണ നൽകാൻ ശ്രദ്ധിക്കണമെന്നുമാണ് സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. അല്ലാത്തപക്ഷം എൽഐസി, ഇപിഎഫ്ഒ പോലെയുളള സാധാരണക്കാരുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ധന നഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾക്ക് നഷ്ട സാധ്യത കൂടുതലായതിനാലാണ് ഇത്തരത്തിലൊരു ആശങ്ക ഉയരാൻ കാരണം.   

സ്റ്റാര്‍ട്ടപ്പുകളുടെ പ്രാരംഭഘട്ടത്തില്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കുകയാണ് സിഡ്ബി പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും കേന്ദ്ര വ്യവസായ പ്രോത്സാഹന-ആഭ്യന്തര വാണിജ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനില്‍ അഗര്‍വാള്‍ പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!