റെക്കോർഡ് പാദവാർഷിക ലാഭം രേഖപ്പെടുത്തി ഫെഡറൽ ബാങ്ക്; ബാങ്കിന് 477.81 കോടി രൂപ അറ്റാദായം

By Web TeamFirst Published May 18, 2021, 7:46 PM IST
Highlights

അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ച് 1,420 കോടി രൂപയിലുമെത്തി. 

തിരുവനന്തപുരം: മാര്‍ച്ച് 31ന് അവസാനിച്ച 2020-21 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 477.81 കോടി രൂപയുടെ അറ്റാദായം നേടി. ബാങ്കിന്‍റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 301.23 കോടി രൂപയായിരുന്ന അറ്റാദായം 58.62 ശതമാനമാണ് വര്‍ധിച്ചത്. 10.91 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ മൊത്തം ബിസിനസ് മൂന്ന് ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ട് 3,04,523.08 കോടി രൂപയിലെത്തി. 

അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധിച്ച് 1,420 കോടി രൂപയിലുമെത്തി. സ്വര്‍ണ വായ്പകളില്‍ 70.05 ശതമാനമെന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച് 9,301 കോടി രൂപയില്‍ നിന്നും 15,816 കോടി രൂപയിലെത്തി. പ്രവാസി ഇന്ത്യക്കാരുടെ നിക്ഷേപവും 11.77 ശതമാനം വര്‍ധിച്ചു. മുന്‍ വര്‍ഷം ഈ കാലയളവില്‍ 57,223.13 കോടി രൂപയായിരുന്ന പ്രവാസി നിക്ഷേപം ഇത്തവണ 63,958.84 കോടി രൂപയിലെത്തി.

"തീര്‍ത്തും വെല്ലുവിളികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക അറ്റാദായം നേടാന്‍ ബാങ്കിന് സാധിച്ചു. പ്രവചനാതീതമായ സാഹചര്യങ്ങളും  മോശം കാലാവസ്ഥയും കൂടി സൃഷ്ടിച്ച പ്രതിസന്ധികള്‍ മറികടന്ന് എല്ലാ കളിക്കാരും ചേര്‍ന്നു നന്നായി കളിച്ചു നേടിയ ഒരു ടെസ്റ്റ് ക്രിക്കറ്റ് വിജയം പോലെയാണിത്. ഇക്കാലയളവില്‍ ലഭിച്ച നിരവധി അംഗീകാരങ്ങളും പുരസ്ക്കാരങ്ങളുമാണ് ഞങ്ങളെ ഈ ഉയരത്തിലെത്താന്‍ പ്രചോദിപ്പിച്ചത്," ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!