നാല് പ്രമുഖ കമ്പനികള്‍ പിന്മാറുന്നു; എന്‍ഡിഎ സര്‍ക്കാരിന്‍റെ അഭിമാന പദ്ധതി ലാഭകരമല്ലെന്ന് സ്വകാര്യ കമ്പനികള്‍

By Web TeamFirst Published Nov 12, 2019, 5:09 PM IST
Highlights

മൺസൂൺ മഴ ശക്തമായതിനെ തുടർന്ന് മഹാരാഷ്ട്രയിലും കർണാടകയിലും കനത്ത വിളനാശം ഉണ്ടായി. ഇതോടെ നൽകേണ്ട നഷ്ടപരിഹാരം വർധിക്കുമെന്ന് കൂടി വ്യക്തമായപ്പോഴാണ് പിന്മാറ്റം. 

ദില്ലി: എന്‍ഡിഎ സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയിലെ പുതിയ നിബന്ധനകൾ ലാഭകരമല്ലെന്ന് കണ്ട് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പിന്മാറുന്നു. കർഷകർക്കായി കൊണ്ടുവന്ന വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിൽ നിന്ന് നാല് പ്രമുഖ ഇൻഷുറൻസ് കമ്പനികളാണ് പിന്മാറിയത്. ഐസിഐസിഐ ലംബാർഡ്, ടാറ്റ എഐജി, ചോളമണ്ഡലം എംഎസ്, ശ്രീറാം ജനറൽ ഇൻഷുറൻസ് എന്നിവയാണ് പിന്മാറിയത്.

രാജ്യത്തെ 2019-20 സാമ്പത്തിക വർഷത്തെ ഖാരിഫ്, റാബി സീസണുകളിലേക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ നിന്നാണ് പിന്മാറ്റം. ഈ ഇൻഷുറൻസ് കമ്പനികൾ പങ്കാളികളായ സംസ്ഥാനങ്ങളിൽ നഷ്ടപരിഹാര നിരക്ക് വർധിപ്പിച്ചതാണ് കാരണം. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടക്കുന്ന മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശ്, ഹരിയാന, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലുമള്ള കർഷകർക്കാണ് ഈ പിന്മാറ്റം തിരിച്ചടിയാവുക.

മൺസൂൺ മഴ ശക്തമായതിനെ തുടർന്ന് മഹാരാഷ്ട്രയിലും കർണാടകയിലും കനത്ത വിളനാശം ഉണ്ടായി. ഇതോടെ നൽകേണ്ട നഷ്ടപരിഹാരം വർധിക്കുമെന്ന് കൂടി വ്യക്തമായപ്പോഴാണ് പിന്മാറ്റം. പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിൽ പ്രീമിയത്തിന്റെ അഞ്ചിലൊന്നാണ് കർഷകൻ അടയ്‌ക്കേണ്ടത്. ബാക്കി തുക 50:50 അനുപാതത്തിലാണ് കേന്ദ്രവും സംസ്ഥാന സർക്കാരുകളും പങ്കുവയ്ക്കുന്നത്.

അതേസമയം പദ്ധതിയിൽ നിന്ന് ഉയർന്ന ലാഭം നേടാനാവുമെന്ന പ്രതീക്ഷ പൂർത്തിയാകില്ലെന്ന് കണ്ടാണ് സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ പിന്മാറുന്നതെന്നാണ് ഇതിനോട് പലരും പ്രതികരിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭം താരതമ്യേന കുറവായിരുന്ന 2018 ൽ കർഷകർക്ക് നൽകിയ നഷ്ടപരിഹാരം പിരിച്ചെടുത്ത പ്രീമിയം തുകയേക്കാൾ കുറവായിരുന്നു.

click me!