യുവാക്കൾക്ക് പ്രതീക്ഷയേകി ഫോക്സ്കോൺ; ആറായിരം പേർക്ക് ജോലി ലഭിക്കുമെന്ന് വിലയിരുത്തൽ

By Web TeamFirst Published Jul 13, 2020, 12:12 PM IST
Highlights

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മോശമായതാണ് ആപ്പിൾ കമ്പനിയുടെ ചുവടുമാറ്റത്തിന് പ്രധാന കാരണം. 

ദില്ലി: തമിഴ്നാട്ടിൽ ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്താൻ ഫോക്സ്കോൺ തീരുമാനിച്ചത് യുവാക്കൾക്ക് വൻ പ്രതീക്ഷയാണ് നൽകുന്നത്. ചെന്നൈയിൽ നിന്ന് 58 കിലോമീറ്റർ അകലെ ശ്രീപെരുമ്പത്തൂറിൽ തായ്‌വാൻ കമ്പനി നടത്തുന്ന 7519 കോടി രൂപയുടെ അധിക നിക്ഷേപത്തിലൂടെ ആറായിരത്തിലേറെ പേർക്ക് ജോലി ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ആപ്പിൾ ഐ ഫോണിന്റെ നിർമ്മാണവും വിതരണവുമാണ് ഇന്ത്യയിൽ ഫോക്സ്കോണിന്റെ പ്രധാന ചുമതല.ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിലായിരിക്കും ആപ്പിൾ ഐഫോൺ എക്സ്ആർ നിർമ്മിക്കുക. ചൈനയിൽ ഫോക്സ്കോണിന്റെ പ്ലാന്റിൽ നിർമ്മിച്ചിരുന്ന മറ്റ് ചില ഐഫോൺ മോഡലുകളുടെ നിർമ്മാണവും ശ്രീപെരുമ്പത്തൂരിലേക്ക് മാറ്റും. ഇതിലൂടെയാണ് വൻ തൊഴിൽ സാധ്യതയ്ക്ക് വഴിതെളിഞ്ഞിരിക്കുന്നത്. തമിഴ്‌നാട്ടിലാണ് പ്ലാന്റ് എന്നത്, കേരളത്തിലെ ഉദ്യോഗാർത്ഥികൾക്കും വൻ പ്രതീക്ഷയാണ്.

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം മോശമായതാണ് ആപ്പിൾ കമ്പനിയുടെ ചുവടുമാറ്റത്തിന് പ്രധാന കാരണം. ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഫോക്സ്കോണിന്റെ വൻ നിക്ഷേപത്തെയും കാണുന്നത്. 
 

click me!