​ഗൂ​ഗിൾ റിലയൻസ് ​ഗ്രൂപ്പിൽ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ട്; ഇതുവരെ വിറ്റഴിച്ചത് 25.24 ശതമാനം ഓഹരികൾ

By Web TeamFirst Published Jul 14, 2020, 7:35 PM IST
Highlights

ക്വാൽകോം ഇൻ‌കോർ‌പ്പറേറ്റിന്റെ നിക്ഷേപ സ്ഥാപനമായ ക്വാൽകോം വെൻ‌ചേഴ്സ് കഴിഞ്ഞ ദിവസം 730 കോടി രൂപയ്ക്ക് ജിയോ പ്ലാറ്റ്ഫോമിലെ 0.15 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. 

മുംബൈ: ഇന്ത്യൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഡിജിറ്റൽ വിഭാഗത്തിൽ നാല് ബില്യൺ ഡോളർ നിക്ഷേപിക്കൻ ​ഗൂ​ഗിളിന് താൽപര്യമുളളതായി റിപ്പോർട്ട്. ആൽഫബെറ്റ് ഗൂഗിൾ ഇതുസംബന്ധിച്ച് ആർഐഎല്ലുമായി ചർച്ചകൾ നടത്തിവരികയാണെന്ന് പ്രമുഖ മാധ്യമ സ്ഥാപനമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. 

നിക്ഷേപ ഇടപാടിനെ സംബന്ധിച്ച് വ്യക്തമായ അഭിപ്രായം അറിയിക്കാൻ ​ഗൂ​ഗിൾ തയ്യാറായില്ലെന്ന് ബ്ലൂംബെർ​ഗ് പറയുന്നു. റിലയൻസും ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ജിയോ പ്ലാറ്റ്‌ഫോമുകളിലെ ഏകദേശം 25.24 ശതമാനം ഓഹരിയാണ് ഫേയ്‌സ്ബുക്കും കെകെആറും ഉൾപ്പെടെയുള്ള നിക്ഷേപകർ ഇതിനകം വാങ്ങിക്കൂട്ടിയത്. ഏപ്രിൽ അവസാനത്തോടെ ആരംഭിച്ച ഓഹരി വിൽപ്പന ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ് ഡെറ്റ് ഫ്രീ കമ്പനിയായി മാറാൻ റിലയൻസിനെ സഹായിച്ചിരുന്നു.

ക്വാൽകോം ഇൻ‌കോർ‌പ്പറേറ്റിന്റെ നിക്ഷേപ സ്ഥാപനമായ ക്വാൽകോം വെൻ‌ചേഴ്സ് കഴിഞ്ഞ ദിവസം 730 കോടി രൂപയ്ക്ക് ജിയോ പ്ലാറ്റ്ഫോമിലെ 0.15 ശതമാനം ഓഹരികൾ സ്വന്തമാക്കിയിരുന്നു. ഈ കരാറോടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ട്രില്യൺ രൂപയായും എന്റർപ്രൈസ് മൂല്യം 5.16 ട്രില്യൺ രൂപയായും മാറിയതായി കഴിഞ്ഞ ദിവസം റിലയൻസ് പ്രത്യേക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. 

click me!