ഫോർഡിന്റെ പിൻമാറ്റം: വിപണിയിൽ മത്സരം കടുപ്പിക്കാൻ ജാപ്പനീസ്, കൊറിയൻ വാഹന നിർമാതാക്കൾ

By Web TeamFirst Published Sep 10, 2021, 10:08 PM IST
Highlights

ചെന്നൈയിലും ഗുജറാത്തിലെ സനന്തിലുമായിരുന്നു ഫോർഡ് കമ്പനിയുടെ പ്ലാന്റുകൾ. 2.5 ബില്യൺ ഡോളറാണ് ഈ പ്ലാന്റുകളിൽ കമ്പനി നിക്ഷേപിച്ചത്. ഇനി മുതൽ ഈ പ്ലാന്റുകൾ പ്രവർത്തിക്കില്ല. ഇന്ത്യയിലേക്ക് തങ്ങളുടെ പ്രീമിയം കാറുകൾ ഇറക്കുമതി ചെയ്ത് വിൽക്കാനാണ് കമ്പനിയുടെ തീരുമാനം.

ദില്ലി: രാജ്യത്ത് നിന്ന് ഫോർഡ് കമ്പനി പിൻവാങ്ങുന്നത് ഇവിടുത്തെ ബിസിനസ് പരിസ്ഥിതിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാരിലെ ഒരു ഉന്നതൻ വ്യക്തമാക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയിലാണ് വാർത്താ ഏജൻസിയോടുളള അദ്ദേഹത്തിന്റെ പ്രതികരണം. ഫോർഡ് കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നത് പിന്നിലെ കാരണക്കാർ കേന്ദ്രസർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

'പ്രവർത്തനവുമായി ബന്ധപ്പെട്ടതാണ് അവരുടെ പ്രശ്നം. ജപ്പാനിൽ നിന്നും കൊറിയയിൽ നിന്നുമുള്ള കാർനിർമ്മാതാക്കളുടെ മത്സരം ശക്തമായതാണ് പിന്മാറ്റത്തിന് കാരണം,'- അദ്ദേഹം പറഞ്ഞു. രാജ്യത്തെ രണ്ട് നിർമ്മാണ പ്ലാന്റുകളാണ് ഫോർഡ് കമ്പനി അടച്ചുപൂട്ടുന്നത്. ജാപ്പനീസ്, കൊറിയൻ വാഹന നിർമാതാക്കളുടെ ഇന്ത്യൻ വിപണിയിലെ വിഹിതം വരും വർഷങ്ങളിൽ ഇനിയും കുതിച്ചുയരും എന്നാണ് ഈ രം​ഗത്തെ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. വൻ നിക്ഷേപ പദ്ധതികളും ഈ കമ്പനികൾക്കുളളതായാണ് റിപ്പോർ‌ട്ട്. ഇതോടെ വിപണിയിൽ വരും വർഷങ്ങളിൽ മത്സരം കടുക്കുമെന്നുറപ്പായി.   

ചെന്നൈയിലും ഗുജറാത്തിലെ സനന്തിലുമായിരുന്നു ഫോർഡ് കമ്പനിയുടെ പ്ലാന്റുകൾ. 2.5 ബില്യൺ ഡോളറാണ് ഈ പ്ലാന്റുകളിൽ കമ്പനി നിക്ഷേപിച്ചത്. ഇനി മുതൽ ഈ പ്ലാന്റുകൾ പ്രവർത്തിക്കില്ല. ഇന്ത്യയിലേക്ക് തങ്ങളുടെ പ്രീമിയം കാറുകൾ ഇറക്കുമതി ചെയ്ത് വിൽക്കാനാണ് കമ്പനിയുടെ തീരുമാനം.

ഇതോടെ ഇക്കോസ്പോർട്ട്, ഫിഗോ, ആസ്പെയർ തുടങ്ങി ചെന്നൈയിലും സനന്തിലും ഉൽപ്പാദിപ്പിച്ചുകൊണ്ടിരുന്ന കാറുകൾ ഇനി ഇന്ത്യയിൽ ഇറങ്ങില്ല. അതേസമയം ഇന്ത്യയിലെ വാഹന നിർമ്മാണ രംഗം രാജ്യത്തിന് അകത്തും പുറത്തും വളർച്ച പ്രാപിക്കുകയാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

കൊവിഡ് മഹാമാരിക്കാലത്ത് വിൽപ്പന കുറഞ്ഞിട്ടുണ്ടാവുമെന്നും അതായിരിക്കും ഫോർഡിന് പ്രതിസന്ധിയായതെന്നും സർക്കാർ ഉന്നതൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ രാജ്യത്തേക്ക് 35 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഓട്ടോമൊബൈൽ സെക്ടറിലേക്ക് മാത്രം എത്തിയത്.

ഫോർഡ് ഇന്ത്യയുടെ ഇന്ത്യയിലെ പ്ലാന്റുകളിൽ നിന്ന് 610000 എഞ്ചിനുകളും 440000 കാറുകളുമാണ് ഒരു വർഷം നിർമ്മിച്ചിരുന്നത്. ഫിഗോ, ആസ്പെയർ, ഇക്കോസ്പോർട്ട് തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ നിന്ന് വിദേശത്തെ 70 വിപണികളിലേക്ക് ഫോർഡ് കമ്പനി കയറ്റുമതി ചെയ്തിരുന്നു. ജനറൽ മോട്ടോർസിന് ശേഷം ഇന്ത്യയിലെ പ്ലാന്റുകൾ അടച്ചുപൂട്ടുന്ന രണ്ടാമത്തെ അമേരിക്കൻ വാഹന നിർമ്മാണ കമ്പനിയാണ് ഫോർഡ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!