കോ-വര്‍ക്കിംഗ്, വര്‍ക്ക് ഫ്രം ഹോം പ്രവണത കൂടുന്നു: ആഗോള ഡിജിറ്റല്‍ ഹബ്ബ് ലക്ഷ്യവുമായി ഐടി പാര്‍ക്കുകള്‍

By Web TeamFirst Published Jun 15, 2020, 3:25 PM IST
Highlights

വീടുകളിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കുമുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിന് വെര്‍ച്വലും ഭൗതികവുമായ 'വര്‍ക്ക് നിയര്‍ ഹോം' (വീടിനടുത്ത് ജോലി), കോ-വര്‍ക്കിംഗ് സ്പേസ് ശ്യംഖലകള്‍ രൂപീകരിക്കാന്‍ സർക്കാരിനും സംസ്ഥാനത്തെ ഐടി പാർക്കുകൾക്കും പദ്ധതിയുണ്ട്.

ര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍, വര്‍ക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം, കോ-വര്‍ക്കിംഗ് സ്പേസസുകൾ, തുടങ്ങി സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളുടെ ഭാ​ഗമായി സംസ്ഥാനത്ത്  സഹപ്രവര്‍ത്തന (കോ -വര്‍ക്കിംഗ് സ്പേസസ്) ഇടങ്ങളുടെ ആവശ്യകത മനസിലാക്കാന്‍ ഐടി പാര്‍ക്കുകളുടെ ആഭിമുഖ്യത്തില്‍ സര്‍വേ നടത്തുന്നു. കൊവിഡ് കാലത്തിനുശേഷം ഐടി സ്ഥാപനങ്ങളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാനുള്ള '#മൂവ്2കേരള' ( #Move2Kerala) ക്യാമ്പെയിനിന്‍റെ ഭാഗമാണ് സർവേ.

ചെലവ് ചുരുക്കാനും സമ്പര്‍ക്കം ഒഴിവാക്കാനും വേണ്ടി ഓഫീസുകള്‍ പങ്കുവയ്ക്കലും വീട്ടിലിരുന്നുള്ള ജോലിയും (വര്‍ക്ക് ഫ്രം ഹോം) ഐടി മേഖലയില്‍ പുതിയ പ്രവണതയായി മാറിയ സാഹചര്യത്തിലാണ് സംരംഭകരുടെയു‌ടെയും സ്ഥാപനങ്ങളുടെയും പ്രതീക്ഷകള്‍ നിറവേറ്റാനും  അവരുടെ ആവശ്യങ്ങള്‍  മനസ്സിലാക്കി കേരളത്തെ ആഗോള ഡിജിറ്റല്‍ ഹബ്ബാക്കാനും ലക്ഷ്യമിട്ട് ഐടി പാര്‍ക്കുകള്‍ മുന്നോട്ടുവന്നിരിക്കുന്നത്.  

പകർച്ചവ്യാധിക്ക് മുന്‍പുതന്നെ മാറ്റങ്ങള്‍ക്ക് വിധേയമായ തൊഴിലിടങ്ങളെ പുത്തന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുനര്‍നിര്‍വചിക്കുന്നതിനും ബിസിനസ് -ജോലി സാധ്യതകള്‍ മനസ്സിലാക്കുന്നതിനുമാണ് സര്‍വേ പ്രാധാന്യം നല്‍കുന്നത്. കമ്പനികളേയും നൈപുണ്യമുള്ള പ്രഫഷനലുകളെയും കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനാണ് #മൂവ്2കേരള ക്യാമ്പെയിന്‍  ഊന്നല്‍ നല്‍കുന്നത്. 

വർക്ക് നിയർ ഹോം ശൃംഖലകൾക്കും സാധ്യത

വീടുകളിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കുമുള്ള ആവശ്യകതകള്‍ നിറവേറ്റുന്നതിന് വെര്‍ച്വലും ഭൗതികവുമായ 'വര്‍ക്ക് നിയര്‍ ഹോം' (വീടിനടുത്ത് ജോലി), കോ-വര്‍ക്കിംഗ് സ്പേസ് ശൃംഖലകള്‍ രൂപീകരിക്കാന്‍ സർക്കാരിനും സംസ്ഥാനത്തെ ഐടി പാർക്കുകൾക്കും പദ്ധതിയുണ്ട്.

മഹാമാരിയുടെ പശ്ചാത്തലത്തില്‍  വീട്ടിലിരുന്നു ജോലി ചെയ്യുന്ന ഐടി മേഖലയിലുള്ളവര്‍ക്ക് ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് ഇന്‍റര്‍നെറ്റ് കണക്ഷന്‍  മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. മനുഷ്യശേഷി സമാഹരിക്കുന്നതിനായി വര്‍ക്ക് ഷെയറിംഗ് ബെഞ്ചുകള്‍ കമ്പനികള്‍ക്ക് രൂപീകരിക്കാമെന്ന് സർക്കാർ നേരത്തെ നിര്‍ദേശിച്ചിക്കുകയും ചെയ്തിരുന്നു.

ടെക്നോപാര്‍ക്ക് ആസൂത്രണം ചെയ്യുന്ന വിവിധ  കൊ-വര്‍ക്കിംഗ് സ്പേസുകളില്‍  വര്‍ക്ക് നിയര്‍ ഹോം, വര്‍ക്ക് ഫ്രം ഹോം സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സാധ്യതയും താല്‍പര്യവും മനസ്സിലാക്കുന്നതിനാണ് സര്‍വേ നടത്തുന്നതെന്ന് സംസ്ഥാന ഐടി -ഇലക്ട്രോണിക്സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ കേരള ഫൈബര്‍ ഒപ്റ്റിക് ശൃംഖലയായ കെ-ഫോണ്‍ കമ്മീഷന്‍ ചെയ്യുന്നതിലൂടെ സംസ്ഥാന ഐടി മേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കും.

സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ വര്‍ദ്ധനയും ബഹിരാകാശ സാങ്കേതിക വിദ്യ, റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ  നൂതന മേഖലകളും  കോ-വര്‍ക്കിംഗ് സ്പേസുകളുടെ ആവശ്യം ഗണ്യമായി ഉയര്‍ത്തും.

തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട്  സൈബര്‍ പാര്‍ക്ക് എന്നിവയടക്കമുള്ള കേരളത്തിലെ ഐടി പാര്‍ക്കുകള്‍ നടത്തുന്ന സര്‍വേ  https://bit.ly/2UB2Ezr എന്ന ലിങ്കില്‍ ഓണ്‍ലൈനായി ലഭിക്കും.
 

click me!