ജെറ്റിനെ രക്ഷിക്കാന്‍ അവസാന ശ്രമങ്ങള്‍ പുരോഗമിക്കുന്നു, ശുഭ വാര്‍ത്ത ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

By Web TeamFirst Published Aug 27, 2019, 5:17 PM IST
Highlights

പ്രവർത്തനരഹിതമായ എയർലൈനിൽ താൽപര്യം പ്രകടിപ്പിച്ച പുതിയ നിക്ഷേപകനുമായി എയർലൈനിന്റെ റെസല്യൂഷൻ പ്രൊഫഷണൽ ചർച്ച നടത്തി വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

മുംബൈ: ജെറ്റ് എയര്‍വേസ് ലേലത്തിന് താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി വായ്പാദാതാക്കള്‍ ആഗസ്റ്റ് 31 വരെ നീട്ടി. കഴിഞ്ഞ ആഴ്ച ലാറ്റിനമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിനര്‍ജി ഗ്രൂപ്പ് കോര്‍പ് ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ച് മുന്നോട്ടു വന്നിരുന്നു. 

മറ്റുചില വ്യവസായ ഗ്രൂപ്പുകളും ജെറ്റിനെ ഏറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ച് മുന്നോട്ട് വന്നിട്ടുളളതായാണ് റിപ്പോര്‍ട്ടുകള്‍. സിനര്‍ജി ഗ്രൂപ്പ് നേരത്തെ ഇറ്റാലിയന്‍ എയര്‍ലൈനായ അലിറ്റാലിയയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമറിയിച്ച് മുന്നോട്ടു വന്നിരുന്നു. പ്രവർത്തനരഹിതമായ എയർലൈനിൽ താൽപര്യം പ്രകടിപ്പിച്ച പുതിയ നിക്ഷേപകനുമായി എയർലൈനിന്റെ റെസല്യൂഷൻ പ്രൊഫഷണൽ ചർച്ച നടത്തി വരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുവരെ, റെസല്യൂഷൻ പ്രൊഫഷണലിന് പനാമ ആസ്ഥാനമായുള്ള അവന്റുലോ ഗ്രൂപ്പിൽ നിന്നും ട്രഷറി ക്രിയേറ്റർ എന്ന റഷ്യൻ ഫണ്ടില്‍ നിന്നും താല്‍പര്യപത്രം ലഭിച്ചു. അനിൽ അഗർവാള്‍ എയർലൈനിൽ താൽപര്യം പ്രകടിപ്പിക്കുകയും ജെറ്റിനായി താല്‍പര്യപത്രം സമർപ്പിക്കുകയും ചെയ്തുവെങ്കിലും പിന്നീട് മൽസരത്തിൽ നിന്ന് പിന്മാറി. ഇതുവരെയുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം, റഷ്യൻ ഫണ്ടായ ട്രഷറി ക്രിയേറ്ററിനെ മാത്രമാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുള്ളത്. ജെറ്റ് എയര്‍വേസുമായി ബന്ധപ്പെട്ട് ശുഭകരമായ വാര്‍ത്തകള്‍ പുറത്തുവന്നേക്കുമെന്നാണ് വായ്പദാതാക്കളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

click me!