ഖത്തർ എയർവേയ്സ് ‘ഒറിക്സ് കണക്ടി’ന്റെ ഗ്ലോബൽ ലോഞ്ച് പങ്കാളിയായി കേരളത്തിലെ വെർടെയ്ൽ ടെക്നോളജീസ്

By Web TeamFirst Published Jul 27, 2021, 11:59 AM IST
Highlights

വ്യോമയാന ടിക്കറ്റിങ്ങ് രംഗത്ത് ഇതുവരെ നിലനിന്നുപോന്ന പരമ്പരാഗത രീതിയിലെ പ്രയാസങ്ങൾ തീർത്തും പരിഹരിക്കുന്ന ഒന്നാണ് വെർടെയ്ൽ വികസിപ്പിച്ചിട്ടുള്ള വി.ഡി.സി. സംവിധാനം. ‘ഒറിക്സ് കണക്ട്‘ വി.ഡി.സി.യുമായി ബന്ധിപ്പിക്കുന്നതോടെ യാത്രച്ചെലവ് കുറയ്ക്കാനും എയർലൈൻ ഇ-കൊമേഴ്സ് മേഖലയുടെ എല്ലാ സാധ്യതകളേയും ഉപയോഗപ്പെടുത്താനും യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകാനും വിമാന കമ്പനികൾക്ക് സാധിക്കും 

കൊച്ചി ആസ്ഥാനമായുള്ള വെർടെയ്ൽ ടെക്നോളജീസ് വ്യോമയാനരംഗത്തെ ആധുനിക ടിക്കറ്റ് വിതരണ സാങ്കേതികവിദ്യയിൽ ഖത്തർ എയർവേയ്സിന്റെ ഗ്ലോബൽ ലോഞ്ച് പങ്കാളിയായി. ‘ന്യൂ ഡിസ്ട്രിബ്യൂഷൻ കേപ്പബിലിറ്റി (എൻ.ഡി.സി.)’ അനുസരിച്ച് ഖത്തർ എയർവേയ്സിന്റെ ടിക്കറ്റുകൾ ഇനി ലോകമെമ്പാടും വെർടെയ്ൽ വികസിപ്പിച്ച ഡിസ്ട്രിബ്യൂഷൻ പ്ലാറ്റ്ഫോമായ വെർടെയ്ൽ ഡയറക്ട് കണക്ടി(വി.ഡി.സി.)ലൂടെ ലഭ്യമാകും. വെർടെയ്ൽ  പ്ലാറ്റ്ഫോമിലേക്ക് എൻ.ഡി.സി. അടിസ്ഥാനമാക്കി ടിക്കറ്റുകളും അനുബന്ധ സേവനങ്ങളും വിതരണം ചെയ്യുന്നതിനുള്ള ഖത്തർ എയർവേയ്സിന്റെ സംവിധാനമായ ‘ഒറിക്സ് കണക്ട്‘ ബന്ധിപ്പിച്ചാണ് ഈ സൗകര്യം ഒരുക്കുന്നത്.

ഈയിടെ ബ്ലൂബെൽ ക്യാപ്പിറ്റൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വിഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായികൾ നടത്തിയ പ്രീ സീരീസ് എ നിക്ഷേപത്തിലൂടെ യൂണികോൺ കമ്പനിയെന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്ന വെർടെയ്ൽന്റെ വളർച്ചയിലെ നിർണ്ണായകമായ ഒരു ചുവടുകൂടിയാണ് ആഗോള വ്യോമയാനരംഗത്ത് മികച്ച സേവനവുമായി ഏറ്റവുമധികം സർവ്വീസുകൾ നടത്തുന്ന എയർലൈനുകളിലൊന്നായ ഖത്തർ എയർവേയ്സുമായുള്ള വ്യാപാരപങ്കാളിത്തം.

വ്യോമയാന ടിക്കറ്റിങ്ങ് രംഗത്ത് ഇതുവരെ നിലനിന്നുപോന്ന പരമ്പരാഗത രീതിയിലെ പ്രയാസങ്ങൾ തീർത്തും പരിഹരിക്കുന്ന ഒന്നാണ് വെർടെയ്ൽ വികസിപ്പിച്ചിട്ടുള്ള വി.ഡി.സി. എന്ന വിതരണ സംവിധാനം. ‘ഒറിക്സ് കണക്ട്‘ വി.ഡി.സി.യുമായി ബന്ധിപ്പിക്കുന്നതോടെ യാത്രച്ചെലവ് കുറയ്ക്കാനും എയർലൈൻ ഇ-കൊമേഴ്സ് മേഖലയുടെ എല്ലാ സാധ്യതകളേയും ഉപയോഗപ്പെടുത്താനും യാത്രക്കാർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകാനും ഖത്തർ എയർവേയ്സിന് സാധിക്കുമെന്ന് വെർടെയ്ൽ സഹസ്ഥാപകനും സി.ഇ.ഒ.യുമായ ജെറിൻ ജോസ് പറഞ്ഞു.

വിമാന ടിക്കറ്റ് വിതരണത്തിൽ നിലനിൽക്കുന്ന പരമ്പരാഗതരീതിയിൽ ഇന്റർനെറ്റ് യുഗത്തിനും മുൻപുള്ള സാങ്കേതികവിദ്യയാണ് എന്നതിനാൽ ടിക്കറ്റുകൾക്കൊപ്പം കൂടുതൽ സേവനങ്ങൾ നൽകാനോ പെട്ടെന്ന് ഒരു ഓഫർ നൽകാൻ പോലുമോ എയർലൈൻ കമ്പനികൾക്ക് കഴിയാറില്ല. ഈ അവസ്ഥ മാറ്റി, യാത്രക്കാർക്ക് ടിക്കറ്റ് വിൽക്കുന്ന ഏജൻസികളിലേക്കും മറ്റ് സേവനദാതാക്കളിലേക്കും യാത്രക്കാരിലേക്കും ടിക്കറ്റും മ‍റ്റ് മൂല്യവർദ്ധിത ഉല്പന്നങ്ങളും ഓഫറുകളും വ്യക്തിഗത സേവനങ്ങളും നേരിട്ടും അതിവേഗവും എത്തിക്കാൻ എയർലൈൻ കമ്പനികളെ സഹായിക്കുന്ന ഇന്റർനെറ്റ് അധിഷ്ഠിത സാങ്കേതിക വിദ്യയാണ് എൻ.ഡി.സി.

എൻ.ഡി.സി. അടിസ്ഥാനമാക്കി വെർടെയ്ൽ വികസിപ്പിച്ചിട്ടുള്ള സമഗ്ര ഫ്രണ്ട് ഓഫീസ് ടൂളിലൂടെയും ആഗോള അപ്ലിക്കേഷൻ ഇന്റർഫെയ്സിലൂടെയും ടിക്കറ്റ് റീടെയിൽ ബിസിനസ് രംഗത്തെ ട്രാവൽ ഏജൻസികൾക്കും മറ്റും ഖത്തർ എയർവേയ്സുമായും വെർടെയ്ൽ ടെക്നോളജീസുമായി പങ്കാളിത്തമുള്ള മറ്റ് എയർലൈൻ കമ്പനികളുമായും നേരിട്ട് യഥാസമയം ബന്ധപ്പെടാനും ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ നിരക്കുകളും സേവനങ്ങളും ലഭ്യമാക്കാനും കഴിയുമെന്ന് ജെറിൻ ജോസ് പറഞ്ഞു.

എൻ.ഡി.സി. സാങ്കേതികവിദ്യയിലെ ഏറ്റവും മികച്ച സേവനദാതാവായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട വെർടെയ്ൽ ടെക്നോളജീസിന് ഇന്ന് ഇന്ത്യ, ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യു.കെ., യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ വ്യോമയാന ബിസിനസിൽ നിർണ്ണായകസ്ഥാനമായിക്കഴിഞ്ഞു. ഖത്തർ എയർവേയ്സിനു പുറമെ എമിറേറ്റ്സ്, ഇത്തിഹാദ്, ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്സ്, അമേരിക്കൻ എയർലൈൻസ്, സിങ്കപ്പൂർ എയർലൈൻസ് തുടങ്ങി മുപ്പതിലേറെ ആഗോള എയർലൈൻ കമ്പനികൾ ഇതിനകം തന്നെ വെർടെയ്ൽ ടെക്നോളജീസിന്റെ പങ്കാളികളായിട്ടുണ്ട്.

click me!