70 ലക്ഷം കിട്ടി... ഇനി പോരാട്ടം അമേരിക്കയില്‍, സമ്മാനം ഏഴ് കോടി; ഫൈനല്‍ പോരിന് മൂവര്‍ സംഘം തയ്യാറെടുക്കുന്നു

By Anoop PillaiFirst Published Dec 16, 2019, 6:53 PM IST
Highlights

ആഗോള മത്സരത്തിന് പരിശീലനം ഒന്നും ഇല്ല, പക്ഷേ, മാക്സിമം പോരാടും. വിദഗ്ധരുമായി അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. ഇപ്പോള്‍ തന്നെ പ്രോഡക്ട് വില്‍ക്കാനുളള പ്ലാറ്റ്ഫോം റാപിഡോറിന് കിട്ടി.

ഉറക്കം കെടുത്തുന്ന സ്വപ്നം പൂര്‍ണതയില്‍ എത്തിക്കാനുളളതാണ് !, ആ സ്വപ്നമായിരുന്നു റാപിഡോര്‍ എന്ന കമ്പനി. സ്വപ്നം കണ്ട വ്യക്തിയുടെ പേര് 'തോംസണ്‍ സ്കറിയാ'. തിരുവല്ലയാണ് സ്വദേശം. അദ്ദേഹത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് രണ്ട് പ്രിയ സുഹൃത്തുക്കളും, ദില്ലി സ്വദേശിയായ പവന്‍ കുമാറും ചെന്നൈ സ്വദേശിയായ  പ്രഭു ചന്ദ്രുവും. ഇപ്പോള്‍ കേരളത്തിന്‍റെ ആകെ അഭിമാനമായി മാറിയ റാപിഡോര്‍ എന്ന സംരംഭത്തിന്‍റെ പിന്നില്‍ ഈ മൂവര്‍ സംഘമാണ്.

തോംസണ്‍ സ്കറിയയാണ് സംരംഭത്തിന്‍റെ സിഇഒ. കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇന്ത്യയിലെ വാര്‍ത്താ മാധ്യമങ്ങളില്‍ തങ്ങി നില്‍ക്കുന്ന പേരാണ് റാപിഡോറെന്നത്. ലോകത്തെ ഏറ്റവും വലിയ ബിടുബി സംരംഭങ്ങളുടെ പോരാട്ട വേദിയായി മാറാന്‍ പോകുന്ന കോമറ്റ് 2020 ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക ഈ മൂവന്‍ സംഘവും ഇവരുടെ സ്റ്റാര്‍ട്ടപ്പുമായിരിക്കും. 2020 മെയില്‍ അമേരിക്കയിലെ ഫ്ലോറിഡയിലാണ് മത്സരങ്ങള്‍ നടക്കുക. 

കോമറ്റ് കോംപറ്റീഷന്‍ എന്ത്? എങ്ങനെ? 

ബിടുബി സംരംഭങ്ങളുടെ ആഗോള പോരാട്ട വേദിയാണ് കോമറ്റ് കോംപറ്റീഷന്‍. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‍വെയര്‍ ഹാര്‍ഡ് വെയര്‍ ഡിസ്ട്രിബ്യൂട്ടറായ ഇന്‍ഗ്രാം മൈക്രോയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇന്ത്യ അടക്കം ലോകത്തെ 16 രാജ്യങ്ങളില്‍ നടന്ന റീജിയണല്‍ മത്സരങ്ങളിലെ വിജയികള്‍ക്കാണ് ഫൈനല്‍ പോരാട്ടത്തിന് അവസരം. ഇന്ത്യയിലെ റീജിയണല്‍ പോരാട്ടത്തിന് 70 ലക്ഷം രൂപയായിരുന്നു സമ്മാനത്തുക. സംരംഭത്തിന്‍റെ ഉല്‍പ്പന്നം/ സേവനം വിപണിയില്‍ അവതരിപ്പിക്കാനായി ഈ തുക ഉപയോഗിക്കാം. ഈ തുക സൗജന്യമായി നല്‍കുന്നതാണ്, ഇന്‍ഗ്രാം മൈക്രോയ്ക്ക് സംരംഭത്തില്‍ ഇക്വിറ്റി പോലും നല്‍കേണ്ട. സംരംഭത്തിന്‍റെ ഉല്‍പ്പന്നം ആഗോള വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി സഹായിക്കുകയും ചെയ്യും. 

ഫ്ലോറിഡയിലെ ഫൈനല്‍ പോരാട്ടം വിജയിച്ചാല്‍ ഏഴ് കോടി രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. ഇതിനൊപ്പം ഉല്‍പ്പന്നം വികസിപ്പിക്കാന്‍ ഇന്‍ഗ്രാം മൈക്രോയുടെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കുകയും ചെയ്യാം. ഇന്ത്യയില്‍ ഒന്നാമത് എത്തിയതോടെ അന്താരാഷ്ട്ര തലത്തില്‍ നിന്നുവരെ സംരംഭത്തില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് അനേകം അന്വേഷണങ്ങള്‍ എത്തിയതായി റാപിഡോര്‍ സിഇഒ തോംസണ്‍ പറയുന്നു. "ഇന്ത്യയില്‍ ഒന്നാം സ്ഥാനം നേടിയതോടെ നമുക്ക് ഇന്‍റര്‍ നാഷണല്‍ സ്റ്റാഡേര്‍ഡ് ഉണ്ടെന്ന് മനസ്സിലാക്കുകയും, ഒരുപാട് ക്ലൈന്‍റ് എന്‍ക്വയറി വരുകയും ചെയ്തു." തോംസണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.

"കേരള സ്റ്റാര്‍ട്ട്പ്പ് മിഷന്‍റെ സഹായം വളരെ വലുതായിരുന്നു. മുംബൈയിലെ മത്സരം വളരെ എളുപ്പമായിരുന്നു, നമ്മള്‍ ദിവസവും ഇതിനകത്തല്ലേ കിടക്കുന്നത്. മത്സരത്തിന്‍റെ ഭാഗമായി പല ഘട്ടങ്ങളിലായി നമ്മുടെ ഉല്‍പ്പന്നം പരിശോധനയ്ക്ക് വിധേയമാക്കും. മത്സരത്തില്‍ കേരളത്തില്‍ നിന്ന് നമ്മള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും തോംസണ്‍ പറഞ്ഞു. 

ഫ്ലോറിഡയിലെ പോരാട്ടത്തിനുളള തയ്യാറെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോഴുളള മറുപടി ഇങ്ങനെ "ആഗോള മത്സരത്തിന് പരിശീലനം ഒന്നും ഇല്ല, പക്ഷേ, മാക്സിമം പോരാടും. വിദഗ്ധരുമായി അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണ്. ഇപ്പോള്‍ തന്നെ പ്രോഡക്ട് വില്‍ക്കാനുളള പ്ലാറ്റ്ഫോം റാപിഡോറിന് കിട്ടി. അത് വളരെ വലിയ കാര്യമാണ്". 

ആ കഥ ഇങ്ങനെ...

റാപിഡോറിന്‍റെ കഥ തുടങ്ങുന്നത് 2003 ലാണ്, അന്ന് ദില്ലി ഐഐടിയില്‍ നിന്ന് പുറത്തുവരുമ്പോള്‍ മനസ്സില്‍ സംരംഭകനാകണമെന്ന സ്വപ്നവും കൈയില്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ അപ്പോയിന്‍മെന്‍റ് ലെറ്ററുകളുമാണ് തോംസന്‍റെ പക്കലുണ്ടായിരുന്നത്. മനസ്സ് പറയുന്നത് കേട്ട് സംരംഭകനായി എന്നാല്‍, ആദ്യ പരീക്ഷണം പാളി. ശേഷം മുംബൈയ്ക്ക് വണ്ടികയറി മോര്‍ഗന്‍ സ്റ്റാന്‍ഡ്‍ലി ക്യാമ്പസില്‍ ജോലിക്ക് ചേര്‍ന്നു. ഫിക്സ് ഇന്‍കം ഡിവിഷനിലായിരുന്നു ആദ്യ പോസ്റ്റിംഗ്. 

പിന്നീട് റാപിഡോറിന്‍റെ ഉല്‍പ്പന്നം രൂപകല്‍പ്പന ചെയ്യുന്നതിന് ഈ കാലഘട്ടം നല്‍കിയ സംഭാവന വളരെ വലുതാണ്. ചെറുകിട, ഇടത്തരം വ്യവസായ മേഖലകളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും ഈ കാലഘട്ടം ഏറെ സഹായിച്ചതായി തോംസണ്‍ പറയുന്നു. 2007 ല്‍ തോംസണ്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയില്‍ നിന്ന് രാജിവച്ച് നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയില്‍ ചേര്‍ന്നു. അവിടെ വച്ചാണ് റാപിഡോറിന്‍റെ ഫൗണ്ടര്‍മാരില്‍ ഒരാളായ പ്രഭു ചദ്രുവിനെ പരിചയപ്പെടുന്നത്. ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ആളായിരുന്നു പ്രഭു. ചെന്നൈ സ്വദേശിയായിരുന്നു ചന്ദ്രു. 

സംരംഭകനാകണം എന്ന ചിന്ത വീണ്ടും വര്‍ധിച്ചുവന്നതോടെ അദ്ദേഹം ബാങ്ക് ഓഫ് അബുദാബി വിട്ടു. ഐഐടിയില്‍ ഒപ്പം പഠിച്ചിരുന്ന പവന്‍ കുമാറുമായി ചേര്‍ന്ന് 2014 ല്‍ റാപിഡോറിന് തുടക്കം കുറിച്ചു. പിന്നീട് പ്രഭവും ഇവരോടൊപ്പം ചേര്‍ന്നു.'rapid operations research' എന്നതിന്‍റെ ചുരുക്കപ്പേരാണ് റാപിഡോര്‍.  തോംസണ്‍ സിഇഒയായാണ് കമ്പനി രൂപം കൊണ്ടത്. കൊച്ചിയില്‍ നിരവിധി എസ്എംഇകളുടെ സഹായത്തോടെ കമ്പനി സ്ഥാപിച്ചു. മൂവരും കഠിനമായി റാപിഡോറിന് വേണ്ടി പ്രവര്‍ത്തിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സഹായത്തിനെത്തിയതോടെ കമ്പനി വന്‍ കുതിപ്പ് നടത്തി. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് റാപിഡോര്‍ കേരളത്തിന്‍റെ ആകെ അഭിമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ബിടുബി സ്റ്റാര്‍പ്പുകളുടെ പോരാട്ടമായ കോമറ്റ് കോംപറ്റീഷനില്‍ അടുത്ത വര്‍ഷം ഇന്ത്യയെ പ്രതിനിധീകരിക്കുക റാപിഡോറാണ്.

റാപിഡോറുകളുടെ കാലഘട്ടം

ലോകത്താകെ കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ലാഭം വര്‍ധിപ്പിക്കാനും ശ്രമം തുടങ്ങിയതോടെ ബിടുബി കമ്പനികള്‍ക്കുളള ആവശ്യകത കൂടി വന്നു. അതിനാല്‍ തന്നെ ഇത്തരം കമ്പനികള്‍ക്ക് ഇനിയുളള കാലത്ത് വലിയ നേട്ടം ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. ഈ നിരയില്‍ വന്‍ വളര്‍ച്ച പ്രകടിപ്പിക്കുന്ന സംരംഭമാണ് റാപിഡോര്‍. കമ്പനിയുടെ മൂന്ന് ഫൗണ്ടര്‍മാരടക്കം ആകെ 15 പേരാണ് റാപിഡോറിലുളളത്. കൊച്ചിയിലെ ക്യാമ്പസിന് പുറമേ ഇപ്പോള്‍ ദില്ലിയില്‍ സെയില്‍സിനായി പ്രതിനിധിയും ഉണ്ട്. ഇത്ര ചെറിയ ടീമിനെ വച്ച് ഇത്ര വലിയ നേട്ടമോ? എന്ന് അതിശയിക്കാവുന്ന നേട്ടമാണ് ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

2014 അവസാനമാണ് ആദ്യ ഉപഭോക്താവിനെ സംരംഭത്തിന് ലഭിക്കുന്നത്. ഇന്ന് 100 കൂടുതല്‍ കമ്പനികള്‍ റാപിഡോറിന്‍റെ ഉപഭോക്താക്കളാണ്. കേരളത്തിലെ ഭക്ഷ്യ എണ്ണ ബ്രാന്‍ഡായ പവിത്രം റാപിഡോറിന്‍റെ ഉപഭോക്താവാണ്. ഈ ഉപഭോക്താക്കളിലൂടെ ഏകദേശം 51,000 വിവിധ ട്രേഡര്‍മാരുമായും ഡിസ്ട്രിബ്യൂട്ടര്‍മാരുമായും റാപിഡോര്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. 

റാപിഡോര്‍ ചെയ്യുന്നത്...

റാപിഡോര്‍ ഒരു ബിടുബി കമ്പനിയാണ്. തങ്ങളുടെ ഉല്‍പ്പന്നം/ സേവനം മറ്റൊരു കമ്പനിക്ക് വില്‍ക്കുന്ന തരം കമ്പനികളെയാണ് ബിടുബി കമ്പനികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് വേണ്ടിയുളള സെയില്‍സ് സംബന്ധിയായ സേവനങ്ങളാണ് റാപിഡോര്‍ ചെയ്യുന്നത്. ഈ രീതിയില്‍ കാലകാലങ്ങളില്‍ കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി നല്‍കുക, അവ നടപ്പാക്കിയെടുക്കാന്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് റാപിഡോറിന്‍റെ സേവനങ്ങള്‍. അതായത് സ്ട്രറ്റജിക് പ്ലാനിങ്, ടാര്‍ഗറ്റ് സെറ്റിംഗ്, പ്ലാനിംഗ് ആന്‍ഡ് എക്സിക്യൂഷന്‍ എന്ന് ചുരുക്കിപ്പറയാം. ഉപഭോക്താവാകുന്ന കമ്പനിയിലെ പ്രധാന വ്യക്തി രാജിവച്ചാലും കമ്പനിക്ക് നഷ്ടം കുറവായിരിക്കും. എല്ലാം ബിടുബി കമ്പനിയുടെ പക്കല്‍ സുരക്ഷിമായിരിക്കും.  

ഒരു വില കൂടിയ കാറിന്‍റെ പ്രവര്‍ത്തനത്തിന് സമാനമാണ് റാപിഡോറിന്‍റെയും പ്രവര്‍ത്തനം. കാര്‍ എല്ലാ സമയത്തും ഒരേപോലെയായിരിക്കില്ല ഓടിക്കുന്നത്. സാധാരണ ഡ്രൈവ് ചെയ്യുമ്പോള്‍ ഇക്കോ മോഡില്‍ വാഹനം ഓടിക്കും, അല്‍പ്പം സ്പോട്ടിയായി ഒടിക്കണമെന്ന് തോന്നിയാലോ കാറിനെ സ്പോട്ടി മോഡിലേക്ക് മാറ്റും. സമാനമായി ചില കാലങ്ങളില്‍ കമ്പനി ലാഭത്തില്‍ ഊന്നിയായിരക്കും പ്രവര്‍ത്തിക്കേണ്ടത്. അങ്ങനെയെങ്കില്‍ വില്‍പ്പനയും നയ രൂപീകരണവും അതിനനുസരിച്ച് വേണം. പലപ്പോഴും വര്‍ഷാവസാന കാലത്ത് കൂടുതല്‍ വില്‍പ്പന നടത്തേണ്ടതായി വന്നേക്കാം അപ്പോള്‍ നേരത്തെ പ്രവര്‍ത്തിച്ചതില്‍ നിന്ന് വ്യത്യസ്തമായി നയ രൂപീകരണവും നടപ്പാക്കലുമാണ് ആവശ്യമായി വരിക. ഉപഭോക്താവാകുന്ന കമ്പനിക്കായി ഇത്തരത്തില്‍ തന്ത്രപരമായ നയം രൂപകല്‍പ്പന ചെയ്യുകയാണ് റാപിഡോറിന്‍റെ ധര്‍മ്മം.   

റേഞ്ച് കശ്മീര്‍ വരെ

ഇന്ത്യ ഒട്ടാകെ വ്യാപിച്ചു കിടക്കുന്ന മാര്‍ക്കറ്റ് ഇപ്പോള്‍ തന്നെ റാപിഡോറിനുണ്ട്. കാശ്മീരിലും ജയ്പൂരിലും വരെ സംരംഭത്തിന്‍റെ ടെക്നിക്കല്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എസ്എംഇകളുണ്ട്. കമ്പനി ബ്രേക്ക് ഇവനായോ? എന്ന് തോംസണോട് ചോദിച്ചാല്‍ തോംസണിന്‍റെ മറുപടി ഇങ്ങനെയാകും. "ഞങ്ങളുടേത് സക്സസ് സ്റ്റോറി അല്ല... സ്ട്രഗ്ളിംഗ് സ്റ്റോറിയാണ് ബ്രോ ...!, ഇപ്പോഴും സ്ട്രഗിള്‍ ചെയ്യുകയാണ്". "ലോകത്തുളള വലിയ കോര്‍പ്പറേഷനുകള്‍ക്ക് പോലും സ്ട്രഗ്ളുണ്ട്, അത് പറയാത്തതാണ്, അത് പറയുന്നത് നല്ലതാണെന്നാണ് എന്‍റെ അഭിപ്രായം. ചെറിയ കമ്പനികള്‍ക്കും സംരംഭകര്‍ക്കും അത് കോണ്‍ഫിഡന്‍സ് നല്‍കും...". തോംസണ്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഞാന്‍ എല്ലാം തുറന്നുപറയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

click me!