വനിതാ സംരംഭകരെ പിന്തുണയ്ക്കാന്‍ ലക്ഷ്യമിട്ട് കെഎസ്‍യുഎം -ഐഐഎം ബാം​ഗ്ലൂർ പ്രത്യേക പദ്ധതി

By Web TeamFirst Published Aug 6, 2020, 8:09 PM IST
Highlights

പ്രാരംഭ, ആശയ ഘട്ടത്തിലുള്ള സംരംഭങ്ങളെ നയിക്കുന്ന വനിതകളുടെ സംരംഭക,  ഭരണ നിര്‍വ്വഹണ നൈപുണ്യ വികസനമാണ്  'വനിതാ സ്റ്റാര്‍ട്ടപ് പ്രോഗ്രാം' എന്ന സൗജന്യ പദ്ധതിയുടെ ലക്ഷ്യം.

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ സംരംഭകരുടെ ആശയങ്ങളെ മികച്ച ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‍യുഎം), ബാം​ഗ്ലൂർ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിന്‍റെ (ഐഐഎംബി) സ്റ്റാര്‍ട്ടപ് ഹബ്ബുമായി കൈകോര്‍ക്കുന്നു.

ഐഐഎംബിയുടെ എന്‍ എസ് രാഘവന്‍ സെന്‍റര്‍ ഓഫ് ഓന്‍ട്രപ്രെണറിയല്‍ ലേണിംഗുമായുള്ള (എന്‍എസ്ആര്‍സിഇഎല്‍) കെഎസ്‍യുഎമ്മിന്‍റെ സഹകരണത്തിലൂടെ മുന്‍നിര സ്ഥാപനങ്ങളുടെ പങ്കാളിത്തം തേടുന്ന വനിതാ സംരംഭകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കും. 

പ്രാരംഭ, ആശയ ഘട്ടത്തിലുള്ള സംരംഭങ്ങളെ നയിക്കുന്ന വനിതകളുടെ സംരംഭക, ഭരണ നിര്‍വ്വഹണ നൈപുണ്യ വികസനമാണ്  'വനിതാ സ്റ്റാര്‍ട്ടപ് പ്രോഗ്രാം' എന്ന സൗജന്യ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിപുലമായ ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലൂടെ പ്രാരംഭഘട്ടത്തിലെ ആശയങ്ങളെ വികസിപ്പിക്കുന്നതിനുള്ള ബിസിനസ് വിജ്ഞാനം ലഭ്യമാകും. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രോട്ടോടൈപ്പ് രൂപപ്പെടുത്തുന്നതിന് ബിസിനസ് പരിശീലനം നല്‍കുന്നതിനായി രണ്ടുമാസത്തെ വെര്‍ച്വല്‍ ലോഞ്ച് പാഡ് പ്രോഗ്രാം സംഘടിപ്പിക്കും.

അന്തിമമായി തെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളും ആശയങ്ങളും മികച്ച ബിസിനസുകളാക്കിമാറ്റാന്‍ സഹായിക്കുന്ന ഇന്‍കുബേഷന്‍ സൗകര്യം എന്‍എസ്ആര്‍സിഇഎല്ലിലും കൊച്ചി കളമശേരിയിലെ സംയോജിത സ്റ്റാര്‍ട്ടപ് സമുച്ചയത്തിലും ലഭിക്കും. 

click me!