ലിയോ മേയ്ത്ര കാൻസർ കെയർ സെന്ററിന്റെയും മേയ്ത്ര ലിയോ ടെലി ഐ സി യു സെന്ററിന്റെയും ഉദ്ഘാടനം നടന്നു

By Web TeamFirst Published Aug 27, 2021, 7:06 AM IST
Highlights

രക്തസംബന്ധമായ രോഗങ്ങള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ഇമ്യൂണോ തെറപി സെന്റര്‍ ഓഫ് എക്‌സലന്‍സ്, റോബോട്ടിക് ജോയിന്റ് റിപ്ലേസ്‌മെന്റ് വിഭാഗം, പ്രോക്ടോളജി ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങള്‍ കൂടി അടുത്തിടെയായി മേയ്ത്ര ഹോസ്പിറ്റലില്‍ ആരംഭിച്ചിരുന്നു.

വയനാട്ടില്‍ കാന്‍സര്‍ രോഗികള്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ വയനാട് ലിയോ ഹോസ്പിറ്റലില്‍ കാന്‍സര്‍ കെയര്‍ സെന്ററും ടെലി-ഐ.സി.യു. സംവിധാനവും ഉള്‍പ്പെടെ കാന്‍സര്‍ കെയര്‍ സെന്റര്‍ ആരംഭിക്കും. ഐ.സി.യു. പരിചരണത്തിലുള്ള രോഗികള്‍ക്ക് 24 മണിക്കൂറും ചികിത്സകള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അതിതീവ്ര പരിചരണ വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് കഴിയും. സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനായി വടക്കന്‍ കേരളത്തില്‍ ഇത്തരം ഉപകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മേയ്ത്ര ഹോസ്പിറ്റല്‍ പ്രാദേശിക ആശുപത്രികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. രക്തസംബന്ധമായ രോഗങ്ങള്‍, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, കാന്‍സര്‍ ഇമ്യൂണോ തെറപി സെന്റര്‍ ഓഫ് എക്‌സലന്‍സ്, റോബോട്ടിക് ജോയിന്റ് റിപ്ലേസ്‌മെന്റ് വിഭാഗം, പ്രോക്ടോളജി ക്ലിനിക് തുടങ്ങി നിരവധി സേവനങ്ങള്‍ കൂടി അടുത്തിടെയായി മേയ്ത്ര ഹോസ്പിറ്റലില്‍ ആരംഭിച്ചിരുന്നു.

കാന്‍സര്‍ രോഗികള്‍ക്കായി പ്രതിവാര കണ്‍സല്‍ട്ടേഷനു വേണ്ടി വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ വിദഗ്ധരായ ഓങ്കോളജിസ്റ്റുകളുടെ സേവനം കൽപ്പറ്റ ലിയോ മേയ്ത്ര കാൻസർ കെയർ സെന്ററിൽ ലഭ്യമായിരിക്കും. കീമോതെറപി സേവനങ്ങള്‍ കോഴിക്കോട് കേന്ദ്രത്തിനു പുറമെ ഇനി മുതല്‍ വയനാട് ഉപകേന്ദ്രമായ ലിയോഹോസ്പിറ്റലിലും ലഭ്യമാക്കും. ഉയര്‍ന്ന ശേഷിയുള്ള ക്യാമറ, അനുബന്ധ കംപ്യൂട്ടര്‍ സോഫ്ട്‌വെയറുകളും  സ്ഥാപിച്ചുകൊണ്ടാണ് സദാസമയവും നിരീക്ഷണം ഉറപ്പുവരുത്താവുന്ന ടെലി-ഐ.സി.യു. സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ ഗുരുതര സാഹചര്യം നേരിടുന്ന രോഗികള്‍ക്ക് അതതു സമയത്തുതന്നെ ആവശ്യമായ ചികിത്സകള്‍ നിര്‍ദേശിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാര്‍ക്കു കഴിയും. വിശദമായ അഡ്മിഷന്‍ പരിശോധനകള്‍, ദിവസേനയുള്ള ഡോക്ടര്‍മാരുടെ ടെലി-റൗണ്ട്‌സ്, ലാബ് റിപ്പോര്‍ട്ട് പരിശോധന, രോഗം കണ്ടെത്താനുള്ള സ്‌കാനിങ് പോലുള്ള നടപടിക്രമങ്ങള്‍, തുടങ്ങി ഐ.സി.യു. പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തല്‍ വരെയുള്ള കാര്യങ്ങളെല്ലാം കോഴിക്കോട് മേയ്ത്രയിലെ കേന്ദ്രത്തിലിരുന്ന് ഡോക്ടര്‍മാര്‍ നിര്‍വഹിക്കും.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ള ജനങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യപരിപാലന സംവിധാനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളൻ പറഞ്ഞു. വയനാട്ടിലുള്ള രോഗികള്‍ക്ക് കാന്‍സര്‍ ചികിത്സക്കായി ഇടയ്ക്കിടെ കോഴിക്കോട്ട് വരേണ്ടി വരുന്ന സാഹചര്യം ഇനിയുണ്ടാവില്ലെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡ് മഹാമാരിക്കിടെ മറ്റുള്ളവര്‍ പകച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് ലിയോ ഹോസ്പിറ്റലില്‍ വയനാട്ടുകാരായ കാന്‍സര്‍, അനുബന്ധ രോഗികള്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാന്‍ കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ മുന്നോട്ടു വന്നതെന്ന് ലിയോ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സുരേന്ദ്രന്‍ പറഞ്ഞു. ഈ പ്രദേശത്തെ രോഗികള്‍ക്ക് രാജ്യാന്തരതലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടര്‍മാരുടെ സേവനവും കീമോതെറപി, കാന്‍സര്‍ ഇമ്യൂണോ തെറപി ചികിത്സകളും ലഭ്യമാക്കാന്‍ കഴിയുന്നതില്‍ അതീവസന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റു രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശരീരത്തിന്റെ ഏതു ഭാഗത്തേയും ബാധിക്കാവുന്ന രോഗമാണ് കാന്‍സറെന്നും നേരത്തെ കണ്ടെത്തി, വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞാല്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്നും മേയ്ത്ര ഹെമറ്റോ ഓങ്കോളജി ആൻഡ് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗം ഡയറക്ടര്‍ ഡോ. രാഗേഷ് രാധാകൃഷ്ണന്‍ പറഞ്ഞു. നേരത്തെ മരണവുമായി കൂട്ടിച്ചേര്‍ത്തു പറഞ്ഞിരുന്ന കാന്‍സര്‍ രോഗത്തിന് ഇന്ന് ഇമ്യൂണോ തെറപി പോലുള്ള ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണെന്നും ഓരോ സാധാരണക്കാരിലേക്കും ഇതെത്തിക്കുകയാണ് വേണ്ടതെന്നും മെഡിക്കല്‍ ഓങ്കോളജി ആൻഡ് കാന്‍സര്‍ ഇമ്യൂണോതെറപി അസോസിയേറ്റ് കണ്‍സല്‍ട്ടന്റ് ഡോ. ആന്റണി ജോര്‍ജ്ജ് ഫ്രാന്‍സിസ് തൊട്ടിയന്‍ പറഞ്ഞു. ലിയോ-മേയ്ത്ര കാന്‍സര്‍ കെയറിലൂടെയും ടെലി-ഐ.സി.യു. സംവിധാനത്തിലൂടെയും സമഗ്രമായ ചികിത്സാ സമീപനത്തിലൂടെ ഏതുവിധം കാന്‍സര്‍ രോഗമായാലും ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്താന്‍ ലിയോ ഹോസ്പിറ്റലുമായുള്ള പുതിയ സഖ്യം പ്രയോജനപ്പെടുമെന്ന് മേയ്ത്ര ഹോസ്പിറ്റല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ ഡോ. സിമന്ത.ജി.ശര്‍മ്മ പറഞ്ഞു.
 

click me!