വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി മാരുതി സുസുക്കി; കയറ്റുമതി രം​ഗത്തും തളർച്ച

By Web TeamFirst Published Jun 1, 2020, 6:28 PM IST
Highlights

മെയ് 25 മുതൽ എം‌എസ്‌ഐയുടെ കരാർ അടിസ്ഥാനത്തിൽ കാറുകൾ നിർമ്മിക്കുന്ന സുസുക്കി മോട്ടോർ ഗുജറാത്തിലും ഉത്പാദനം പുനരാരംഭിച്ചു.

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ (എം‌എസ്‌ഐ) മെയ് മാസ മൊത്തം വിൽപ്പനയിൽ 86.23 ശതമാനം ഇടിവ് രേഖപ്പെടുത്തി. മെയ് മാസത്തിൽ 18,539 യൂണിറ്റുകൾ മാത്രമാണ് വിൽപ്പന ന‌‌ടന്നത്. 

കഴിഞ്ഞ വർഷം മെയ് മാസത്തിൽ കമ്പനി 1,34,641 യൂണിറ്റുകൾ വിറ്റഴിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര വിൽപ്പന 88.93 ശതമാനം ഇടിഞ്ഞ് 13,888 യൂണിറ്റായി. 2019 മെയ് മാസത്തിൽ ഇത് 1,25,552 യൂണിറ്റായിരുന്നു. 

കഴിഞ്ഞ മാസം 4,651 യൂണിറ്റ് കയറ്റുമതി ചെയ്തു. 2019 മെയ് മാസത്തിലെ 9,089 യൂണിറ്റുകളിൽ നിന്ന് 48.82 ശതമാനം ഇടിവാണുണ്ടായത്. 

സർക്കാർ ചട്ടങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായി ഉൽപ്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി മാരുതി സുസുക്കി വ്യക്തമാക്കി. മെയ് 12 മുതൽ മനേസർ കേന്ദ്രത്തിലും മെയ് 18 മുതൽ ​ഗുരു​ഗ്രാം കേന്ദ്രത്തിലും ഉൽപ്പാദനം പുനരാരംഭിച്ചു.

മെയ് 25 മുതൽ എം‌എസ്‌ഐയുടെ കരാർ അടിസ്ഥാനത്തിൽ കാറുകൾ നിർമ്മിക്കുന്ന സുസുക്കി മോട്ടോർ ഗുജറാത്തിലും ഉത്പാദനം പുനരാരംഭിച്ചു.

അതുപോലെ, വിവിധ നഗരങ്ങളിലുടനീളം കേന്ദ്ര, സംസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഷോറൂമുകളും തുറക്കാൻ തുടങ്ങിയിട്ടുണ്ട്.

click me!