പണയ സ്വർണം വീണ്ടും പണയം വച്ചു: വകമാറ്റിയത് 21 കമ്പനികളിലേക്ക്; തട്ടിപ്പിൽ പോരാട്ടത്തിനൊരുങ്ങി ആക്ഷൻ കൗൺസിൽ

By Anoop PillaiFirst Published Aug 31, 2020, 11:58 PM IST
Highlights

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, വിദേശ മലയാളികള്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ആയിരങ്ങളുടെ നിക്ഷേപമാണ് സാമ്പത്തിക തട്ടിപ്പിലൂടെ പ്രതിസന്ധിയിലായത്.

പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ നിക്ഷേപകരിൽ നിന്ന് പരാതികൾ പോലീസിന് ലഭിച്ചു. സാമ്പത്തിക തട്ടിപ്പിന് ഇരയായ ഉപഭോക്താക്കൾ പോപ്പുലർ കസ്റ്റമേഴ്സ് ആക്ഷൻ കൗൺസിൽ എന്ന പേരിൽ നിയമ പോരാട്ടത്തിനായി കൂട്ടായ്മ രൂപീകരിച്ച് മുന്നോട്ട് പോകുകയാണിപ്പോൾ. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളിൽ ആക്ഷൻ കൗൺലിൽ യോ​ഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.  

പോപ്പുലർ ഫിനാൻസിൽ നിക്ഷേപമായി സ്വീകരിച്ചിരുന്ന പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്ടേഴ്സ്, പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് തുടങ്ങിയ പേരുകളിൽ വിവിധ കമ്പനികൾ രൂപീകരിച്ച് അതിലേക്കാണ് ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾ വകമാറ്റിയിരുന്നത്. ഉപഭോക്താക്കൾക്ക് ഈ കമ്പനികളുടെ പേരിലാണ് പണം നിക്ഷേപിക്കുമ്പോൾ രസീതുകളും നൽകിയിരുന്നത്. 

പരിമിതമായ നിക്ഷേപകരെ മാറ്റം കൈകാര്യം ചെയ്യാവുന്ന സ്ഥാപനം സംസ്ഥാനത്ത് 250 ൽ കൂടുതൽ ശാഖകൾ തുറക്കുകയും ആയിരക്കണക്കിന് നിക്ഷേപരെ ഉപഭോക്താക്കളാക്കുകയും ചെയ്തു. പോപ്പുലർ സാമ്പത്തിക തട്ടിപ്പ് കൃത്യമായ ആസൂത്രണ ചെയ്ത് നടപ്പാക്കിയ തട്ടിപ്പാണെന്നാണ് പോലീസ് കണ്ടെത്തിയത്. ജിസിസി രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ റോയി ഡാനിയലിനും കുടുംബത്തിനും നിക്ഷേപം ഉളളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ധനകാര്യ പ്രതിസന്ധികൾക്ക് കാരണം ലോക്ക്ഡൗൺ ആണെന്നും മറ്റുമുളള സ്ഥാപന ഉടമകളുടെ വാദങ്ങൾ തെറ്റാണെന്നാണ് ഇതിലൂടെ തെളിയുന്നത്. 

ഭാവി പരിപാടികൾ കോർ കമ്മിറ്റി യോ​ഗം തീരുമാനിക്കും

പോപ്പുലറിൽ കസ്റ്റമേഴ്സ് പണയം വച്ചിരുന്ന സ്വർണം സ്ഥാപനം തന്നെ ഇടപാടുകാർ അറിയാതെ വീണ്ടും മറ്റ് സ്ഥാപനങ്ങളിൽ കൊണ്ടുപോയി പണയം വച്ചതായും പോലീസിന് അറിവ് ലഭിച്ചു. നിക്ഷേപങ്ങൾക്ക് 12 ശതമാനം പലിശ നൽകാം എന്ന പേരിലാണ് ആളുകളെ പോപ്പുലർ ഫിനാൻസ് തങ്ങളിലേക്ക് ആകർഷിച്ചത്. കേരളത്തിലെ എല്ലാ ബ്രാഞ്ചുകളെയും പ്രതിനിധീകരിച്ച് കൂട്ടായ്മ ശക്തിപ്പെടുത്തനാണ് പോപ്പുലർ കസ്റ്റമേഴ്സ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. സെപ്റ്റംബർ രണ്ടാം തീയതി ചെങ്ങന്നൂരിൽ കോർ കമ്മിറ്റി യോ​ഗം ചേർന്ന് പോപ്പുലർ കസ്റ്റമേഴ്സ് ആക്ഷൻ കൗൺലിൽ ഭാവി പരിപാടികൾ തീരുമാനിക്കും.

"കഴിഞ്ഞ പത്ത് വർഷം പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട് നടന്ന എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും ഓഡിറ്റ് ചെയ്യണം. പോപ്പുലറിന്റെ ബ്രാഞ്ച് അടിസ്ഥാനത്തിൽ വേണം ഈ ഓഡിറ്റ് നടത്താൻ," ആക്ഷൻ കൗൺസിൽ ജോയിന്റ് സെക്രട്ടറി വിൽസൺ വർ​ഗീസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. 

"നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. നീതി കിട്ടാൻ ഏത് അറ്റം വരെയും പോകാൻ ഞങ്ങൾ തയ്യാറാണ്. ഭാവി പരിപാടികൾ കോർ കമ്മിറ്റി യോ​ഗം ചർച്ച ചെയ്ത് തീരുമാനിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

2014 ൽ പോപ്പുലർ ഫിനാൻസിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിക്ഷേപം സ്വീകരിക്കൽ, വായ്പ നൽകൽ, മറ്റ് സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട ഈ കേസിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി വീണ്ടും സ്ഥാപനം മുന്നോട്ട് പോയി. ഇതിന് പിന്നാലെ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ പാലിക്കാനെന്ന വ്യാജേന പോപ്പുലർ ഫിനാൻസിനെ വിവിധ കമ്പനികളാക്കി രജിസ്റ്റർ ചെയ്ത് ആസ്തികൾ വകമാറ്റി തട്ടിപ്പിന് കളമൊരുക്കി. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ വന്നതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് പോപ്പുലർ ഫിനാൻസിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.  

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, വിദേശ മലയാളികള്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ആയിരങ്ങളുടെ നിക്ഷേപമാണ് സാമ്പത്തിക തട്ടിപ്പിലൂടെ പ്രതിസന്ധിയിലായത്. വീടുപണി, വിവാഹം, വാര്‍ദ്ധക്യകാല കരുതല്‍ നിക്ഷേപം തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പലരും പണം ഫിനാന്‍സില്‍ നിക്ഷേപിച്ചത്. എന്നാല്‍, കമ്പനി തങ്ങളുടെ നിക്ഷേപകരെ വഞ്ചിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. നിക്ഷേപം കാലവധി പൂർത്തിയായിട്ടും ഉപഭോക്താക്കൾക്ക് തിരികെ കിട്ടാതെ വന്നപ്പോഴാണ് സാമ്പത്തിക തട്ടിപ്പ് വിവരങ്ങൾ പുറത്തറിഞ്ഞത്. 

   

click me!