എൽഎൽപി മാതൃക ഉപദേശിച്ചത് സുഹൃത്തായ അക്കൗണ്ടന്റ്; അന്വേഷണം ദേശീയ ഏജൻസി ഏറ്റെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ

By Anoop PillaiFirst Published Sep 13, 2020, 6:53 PM IST
Highlights

"ഞങ്ങളുടെ കൈയിൽ നിന്ന് പണം വാങ്ങിയപ്പോൾ സ്ഥിര നിക്ഷേപം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, തന്നത് എൽഎൽപികളുടെ പേരിലുളള സർട്ടിഫിക്കറ്റുകളാണ്. അവ മിക്കവയും പേപ്പർ കമ്പനികളായിരുന്നു. നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു റോയിയും കുടുംബവും ചെയ്തത് "

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പിൽ പോലീസ് കസ്റ്റഡിയിലുളള ‌റോയിയും കുടുംബവും ആഡംബര കാറുകളും, കേരളത്തിലും പുറത്തുമായി ഏക്കർ കണക്കിന് ഭൂമിയും സ്വന്തമാക്കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇവർക്ക് വിവിധ ന​ഗര‌ങ്ങളിലായി ഫ്ലാറ്റുകളും സ്വന്തമായുണ്ട്. ആന്ധ്രയിൽ പോലീസ് കണ്ടെത്തിയ 12 ഏക്കർ ഭൂമി കൂടാതെ തമിഴ്നാട്ടിൽ നാല് ഇടങ്ങളിലായും കുടുംബത്തിന് സ്വത്തുക്കളുണ്ട്. മൂന്ന് ആഡംബര കാറുകളടക്കം 20 ഓളം വാഹനങ്ങളും വിവിധ ആവശ്യങ്ങൾക്കായി ഫിനാൻസ് ഉടമകൾ വാങ്ങിക്കൂട്ടിയിരുന്നു.

പോപ്പുലർ ഉടമകളെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫിനാൻസിൽ മുൻപ് ജോലി ചെയ്തിരുന്ന ഉന്നത ഉദ്യോ​ഗസ്ഥരു‌ടെയും ഇപ്പോഴുളള ഉദ്യോ​ഗസ്ഥരുടെയും തട്ടിപ്പിലെ പങ്കിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് പോപ്പുലർ ഫിനാൻസ് ഇൻവെസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.   

പോരാട്ടം ഹൈക്കോടതിയിലേക്ക്  

"പോപ്പുലർ ഫിനാൻസിന്റെ ബ്രാഞ്ച് തലത്തിൽ നിക്ഷേപകരുടെ കൂട്ടായ്മകൾ വളർന്നുവരുകയാണ്. ജില്ലാ തലത്തിൽ നിരവധി കൂട്ടായ്മ യോ​ഗങ്ങളാണ് സംഘടിപ്പിച്ച് വരുന്നത്. നിക്ഷേപം തിരികെ ലഭിക്കാൻ ഏതറ്റം വരെയും നിയമ പോരാട്ടത്തിന് പോകാൻ ഞങ്ങൾ തയ്യാറാണ്. നീതി തേടി ഹൈക്കോടതിയിലേക്ക് നീങ്ങാനാണ് ആക്ഷൻ കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്," ആക്ഷൻ കൗൺസിൽ കോർ കമ്മിറ്റി പ്രസിഡന്റ് സി എസ് നായർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.

"ഞങ്ങളുടെ കൈയിൽ നിന്ന് പണം വാങ്ങിയപ്പോൾ സ്ഥിര നിക്ഷേപം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, തന്നത് എൽഎൽപികളുടെ പേരിലുളള സർട്ടിഫിക്കറ്റുകളാണ്. അവ മിക്കവയും പേപ്പർ കമ്പനികളായിരുന്നു. നിക്ഷേപകരെ വഞ്ചിക്കുകയായിരുന്നു റോയിയും കുടുംബവും ചെയ്തത്"

ആക്ഷൻ കൗൺസിലിന്റെ രജിസ്ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാകും അതിന് ശേഷം ശക്തമായ സമര പരിപാ‌ടികളിലേക്കും കടക്കാനാണ് ആലോചന. ദേശീയ അന്വേഷണ ഏജൻസിയായ സിബിഐ കേസ് ഏറ്റെടുക്കണമെന്നാണ് ഞങ്ങളു‌ടെ ആവശ്യം. റോയിയും കുടുംബവും നിക്ഷേപം ഓസ്ട്രേലിയ അടക്കമുളള വിദേശ രാജ്യങ്ങളിലേക്ക് കടത്തിയിട്ടുണ്ട്. അതിനാലാണ് ദേശീയ അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് സി എസ് നായർ വ്യക്തമാക്കി. 

ഉപദേശകൻ അക്കൗണ്ടന്റ്

അക്കൗണ്ട്സ് മാനേജർ, ട്രഷറി മാനേജർ, ഐടി മാനേജർ, ചീഫ് അക്കൗണ്ടന്റ്, ഓഡിറ്റർ തുടങ്ങിയ പോപ്പുലർ ഫിനാൻസിന്റെ ഭരണപരമായ ചുമതല വഹിച്ചിരുന്നവരടക്കമുളളവരെ പോലീസ് ചോദ്യംചെയ്തു. ഇവർക്ക് പണം തിരിമറിയിൽ പങ്കുണ്ടെന്നുവന്നാൽ പ്രതിചേർക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി. കേരള പോലീസിന്റെ സൈബർ സെൽ സംഘമാണ് ഇലക്ട്രോണിക് രേഖകളുടെ പരിശോധനകൾ നടത്തുന്നത്. ഇതിൽ നിന്ന് പല നിർണായക രഹസ്യ വിവരങ്ങളും ലഭിച്ചതായാണ് സൂചന.

"ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് അദ്ദേഹത്തിന് നേരിട്ട് പരാതി സമർപ്പിക്കാനാണ് ആലോചന. വരും ദിവസങ്ങളിൽ ആക്ഷൻ കൗൺസിലിലേക്ക് കൂടുതൽ പേർ എത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. സാമ്പത്തിക തട്ടിപ്പ് പുറത്താകുന്നതിന് ഒരു മാസം മുൻപ് വരെയും റോയിയും കുടുംബവും ഫിനാൻസിലേക്ക് നിക്ഷേപം സ്വീകരിച്ചിരുന്നു. എല്ലാവരെയും അവർ ചതിക്കുകയായിരുന്നു," ആക്ഷൻ കൗൺസിലിന്റെ കോർ കമ്മിറ്റി ട്രഷററായ വിളയിൽ തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു.   

ഫിനാൻസിന്റെ ചുമതല വഹിച്ചിരുന്ന റിനു മറിയം തോമസിന്റെ ഭർത്തൃവീടുമായി അടുപ്പമുള്ള സുഹൃത്തായ ഒരു അക്കൗണ്ടന്റിന്റെ ഉപദേശത്തിലാണ് എൽഎൽപി (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ) മാതൃകയിൽ വിവിധ കമ്പനികളിലേക്ക് ഫിനാൻസിൽ എത്തിയ നിക്ഷേപത്തുക വകമാറ്റിയത്. 21 എൽഎൽപികൾ രൂപീകരിച്ചാണ് അവർ ഇത്തരത്തിൽ നിക്ഷേപകരുടെ പണം തട്ടിയെടുത്തത്. റിനു മറിയം തോമസ് സ്ഥാപനത്തിന്റെ ചുമതല ഏറ്റെടുത്ത ശേഷമാണ് ഇത്തരത്തിൽ വിപുലമായ രീതിയിൽ നിക്ഷേപം വകമാറ്റുന്ന രീതി ആരംഭിച്ചത്.   

click me!