
മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ച യുകെ ട്രാവല്‍ ആന്‍ഡ് ട്രാവല്‍ ഫിനാന്‍സ് കമ്പനിയായ തോമസ് കുക്കിനെ വാങ്ങാന്‍ ഇന്ത്യന്‍ വംശജനായ കനേഡിയന്‍ വ്യവസായി പ്രേം വാട്സ തയ്യാറായേക്കും. നിലവില്‍ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് പ്രേം വാട്സയുടെ ഫെയര്‍ഫാക്സിന്‍റെ കീഴിലാണ്.
2012 ലാണ് തോമസ് കുക്ക് യുകെയില്‍ നിന്ന് വാട്സ തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ് (ടിസിഐഎല്‍) വാങ്ങിയത്. യുകെ തോമസ് കുക്കിന്‍റെ തകര്‍ച്ച ടിസിഐഎല്ലിനെ ബാധിച്ചില്ലെങ്കിലും ഉപഭോക്താക്കളുടെ ഇടയില്‍ ആശയക്കുഴപ്പം വര്‍ധിക്കാന്‍ അത് കാരണമായിട്ടുണ്ട്. ഇതിന് പരിഹാരമായി രണ്ട് വഴികളാണ് കമ്പനിക്ക് മുന്നിലുളളത്. ഒന്നുകില്‍ പുതിയ കമ്പനി ആരംഭിക്കുക അല്ലെങ്കില്‍ തോമസ് കുക്ക് യുകെയെ വാങ്ങുക. ഇതില്‍ രണ്ടാമത്തെ വഴിയാണിപ്പോള്‍ ഫെയര്‍ഫാക്സ് പരിഗണിക്കുന്നത്.