എല്ലാവരുടെയും സംശയങ്ങള്‍ക്ക് വിരാമം, വില്‍ക്കാന്‍ പോകുന്നതിന്‍റെ 'അളവ്' വ്യക്തമാക്കി സൗദി അരാംകോ

By Web TeamFirst Published Nov 11, 2019, 12:52 PM IST
Highlights

സ്ഥിര നിക്ഷേപകർക്ക് നവംബർ 17 മുതൽ ഡിസംബർ അഞ്ച് വരെ ഓഹരി വാങ്ങാൻ അവസരമുണ്ടാകും. അതേസമയം റീട്ടെയ്ൽ നിക്ഷേപകർക്ക് നവംബർ 17 മുതൽ 28 വരെയുള്ള സമയത്ത് ഓഹരി വാങ്ങാം. 

റിയാദ്: സൗദി അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ നിക്ഷേപകർക്ക് സൗദി അരാംകോ വിൽക്കുന്നത് കമ്പനിയുടെ 0.5 ശതമാനം ഓഹരികൾ. പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐപിഒ) ശേഷം ഒരു വർഷത്തെ ലോക്കപ്പ് കാലാവധി കഴിഞ്ഞ് മാത്രമേ തുടർ ഓഹരി വിൽപ്പന നടത്തുകയൊള്ളുവെന്നും സൗദി അരാംകോ ഓഹരിവിപണിയിൽ സമർപ്പിച്ച ഔദ്യോഗിക പ്രോസ്പെക്ടസില്‍ വ്യക്തമാക്കി. 

സ്ഥിര നിക്ഷേപകർക്ക് നവംബർ 17 മുതൽ ഡിസംബർ അഞ്ച് വരെ ഓഹരി വാങ്ങാൻ അവസരമുണ്ടാകും. അതേസമയം റീട്ടെയ്ൽ നിക്ഷേപകർക്ക് നവംബർ 17 മുതൽ 28 വരെയുള്ള സമയത്ത് ഓഹരി വാങ്ങാം. സൗദി അരാംകോയ്ക്ക് ആകെ 1.5 ട്രില്യൻ മൂല്യമാണ് കണക്കാക്കുന്നത്.

ലോകത്തെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൗദി അറേബ്യയുടെ അരാംകോ. രാജ്യത്തിന്റെ എണ്ണയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥയെ മറികടക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭിലാഷങ്ങൾക്ക് അടിവരയിടുന്ന പരിഷ്കരണ നീക്കമാകും ഇത്.

വർഷങ്ങളുടെ കാലതാമസത്തിനുശേഷം, ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന സൗദി അരാംകോയെന്ന ഊര്‍ജ്ജ ഭീമന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പ്രഖ്യാപനം. ലോകത്തെ എണ്ണയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് സൗദി അരാംകോയാണ്. 

click me!