സ്കറിയ കുടക്കമ്പനിക്ക് രണ്ടാമത്തെ മകന്റെ പേരിട്ടു, പോപ്പി..; കുടയെന്നാൽ മലയാളിക്ക് അത് പോപ്പിക്കുടയായി...

Web Desk   | Asianet News
Published : Apr 19, 2021, 08:54 PM ISTUpdated : Apr 19, 2021, 09:06 PM IST
സ്കറിയ കുടക്കമ്പനിക്ക് രണ്ടാമത്തെ മകന്റെ പേരിട്ടു, പോപ്പി..; കുടയെന്നാൽ മലയാളിക്ക് അത് പോപ്പിക്കുടയായി...

Synopsis

41 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഓ​ഗസ്റ്റ് 17 ന് സെൻ‌റ് ജോർജ് അടച്ചുപൂട്ടേണ്ടി വന്നു. 

ന്ന് ഒരു ഓഗസ്‌റ്റ് 17ന് സെന്റ് ജോർജ് കുടക്കമ്പനിക്ക് പൂട്ട് വീഴുമ്പോൾ, വാർഷിക വിൽപന ഒരു ലക്ഷം ഡസനായിരുന്നു. വലിയ വിപണിയായിരുന്നു അത്... സെന്റ് ജോർജിന്റെ പാരമ്പര്യത്തിൽ നിന്ന് അന്ന് രണ്ടു ബ്രാൻഡുകൾ രൂപം കൊണ്ടു. പോപ്പിയും ജോൺസും.

പോപ്പിയുടെ അമരത്ത് സെന്റ് ജോർജ് ബേബിയെന്ന ടിവി സ്‌കറിയ. കുറഞ്ഞ കാലം കൊണ്ടുതന്നെ പോപ്പി മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനായി. അച്ചടി ദൃശ്യമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെ പോപ്പിക്കുടകൾ മലയാളികളുമായി കൂടുതൽ അടുത്തു. "വടി കൊണ്ടു തല്ലല്ലേ സാറേ പോപ്പിക്കുടകൊണ്ടു തല്ലിക്കോ വേണേ..." "മഴ മഴ, കുട കുട, മഴ വന്നാൽ പോപ്പി കുട..." കേരളക്കരയാകെ പോപ്പിയുടെ പരസ്യത്തിലെ വരികളും പരസ്യ ജിംഗിളുകളും പാടി നടന്നു.

ടി വി സക്റിയയുടെ അച്ഛനായ കുടവാവച്ചൻ എന്ന തയ്യിൽ ഏബ്രഹാം വർഗീസ്, കാസിം കരിം സേട്ടിന്റെ കുടനിർമാണ കമ്പനിയിൽ ജോലിക്കാരനായിരുന്നു. 1954 ഓഗസ്‌റ്റ് 17 ന് സ്വന്തമായി സെന്റ് ജോർജ് കുടക്കമ്പനി അദ്ദേഹം ആരംഭിച്ചു. ആലപ്പുഴയിലെ വാടകക്കെട്ടിടത്തിൽ തുടങ്ങിയ കമ്പനിയിൽ നിന്ന് ആദ്യ വർഷം 500 ഡസൻ കുടകൾ വിറ്റുപോയി. വർഷങ്ങൾ പിന്നിട്ടതോടെ കമ്പനിയുടെ വിപണി സാന്നിധ്യം വർധിച്ചു വന്നു.

എന്നാൽ, 41 വർഷങ്ങൾക്ക് ശേഷം മറ്റൊരു ഓ​ഗസ്റ്റ് 17 ന് സെൻ‌റ് ജോർജ് അടച്ചുപൂട്ടേണ്ടി വന്നു. ഇതോടെ പുതിയ കമ്പനി തുടങ്ങാൻ സക്റിയ തീരുമാനിച്ചു. സെന്റ് ജോർജിൽ തുടങ്ങി കുട വ്യവസായത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് എത്തിയ അദ്ദേ​ഹം, താൻ സാരഥിയായ കമ്പനിക്ക് രണ്ടാമത്തെ മകന്റെ പേര് നൽകി... 'പോപ്പി'. 

സെന്റ് ജോർജ് കമ്പനി നിർത്തിയപ്പോൾ ഒരു ലക്ഷം ഡസൻ കുടകളുടെ വിപണി സാമ്രാജ്യം അപ്രത്യക്ഷമായെന്നായിരുന്നു എല്ലാവരും അക്കാലത്ത് കരുതിയത്. എന്നാൽ, ഇന്ന് അതിന്റെ എത്രയോ ലക്ഷം ഇരട്ടി കുടകളുമായി പോപ്പി ഓരോ വർഷവും വിപണി വിഹിതം വർധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. 

മഴക്കാലത്തെ ഉപയോ​ഗത്തിനും അപ്പുറം പോപ്പി, കു‌ടയെ ഒരു ഫാഷനാക്കി മാറ്റി. ഇന്ന്, വിവിധ തരത്തിലും വർണത്തിലും, പലപ്രായക്കാർക്കും പല ആവശ്യങ്ങൾക്കും ഉപയോ​ഗിക്കാൻ കഴിയുന്ന രീതിയിൽ 150 ൽ പരം കുടകൾ പോപ്പി വിപണിയിലിറക്കുന്നുണ്ട്. ടി വി സ്കറിയയുടെ ആത്മവിശ്വാസവും കരുതലുമാണ് പിൽക്കാലത്ത് പോപ്പിയെ വലിയ ബ്രാൻഡാക്കി വളർത്തിയ മകൻ ഡേവിസിന് കൈമുതലായത്. വ്യവസായ രം​ഗത്തെ മികച്ച മാതൃകയായി പോപ്പി വളർന്നു. ടി വി സ്കറിയയെന്ന കഠിനാധ്വാനിയായ വ്യവസായിയെയാണ് ഇന്ന് നമുക്ക് നഷ്ടമായത്.  


 

PREV
click me!

Recommended Stories

കേരളത്തിലെ മികച്ച സ്നാക്‌സ് ബ്രാൻഡായി വളരാൻ ലക്ഷ്യമിട്ട് പോളോടോപോ
88% വരുമാന വളർച്ചയുമായി വെർസേ ഇന്നൊവേഷൻ, ലക്ഷ്യമിടുന്നത് കൂടുതൽ ഉപയോക്താളെ