ഗൂഗിള്‍ എന്നാല്‍ ഇനി സുന്ദര്‍ പിച്ചൈ; സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും കളമൊഴിഞ്ഞു

By Web TeamFirst Published Dec 4, 2019, 4:55 PM IST
Highlights

തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച പിച്ചൈ ഇതോടെ ലോകത്തെ ഏറ്റവും സ്വാധീനമുളള മനുഷ്യരുടെ ഗണത്തിലേക്ക് ഉയര്‍ന്നു. 

ന്യൂയോര്‍ക്ക്: ഗൂഗിളിന്‍റെ മാതൃസ്ഥാപനമായ ഗൂഗിള്‍ ആല്‍ഫബെറ്റിന്‍റെ സിഇഒയായി സുന്ദര്‍ പിച്ചൈ. ഇതോടെ നിലവില്‍ ഗൂഗിളിന്‍റെ സിഇഒയായ പിച്ചൈ തന്നെയാകും ഇനി ഗൂഗിളിന്‍റെ അവസാന വാക്ക്.  ഗൂഗിളിന്റെ ഉപജ്ഞാതാക്കളായ ലാറി പേജും സെര്‍ജി ബ്രിന്നും മാതൃ കമ്പനിയായ ആല്‍ഫബെറ്റില്‍ നിന്നും പടിയിറങ്ങാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം എത്തിയത്. എന്നാല്‍, ഇരുവരും കമ്പനിയുടെ ബോര്‍ഡില്‍ അംഗങ്ങളായി തുടരും. 

I’m excited about Alphabet’s long term focus on tackling big challenges through technology. Thanks to Larry & Sergey, we have a timeless mission, enduring values and a culture of collaboration & exploration - a strong foundation we’ll continue to build on https://t.co/tSVsaj4FsR

— Sundar Pichai (@sundarpichai)

2015 ൽ ഗൂഗിൾ കോർപ്പറേറ്റ് പുനഃസംഘടന നടത്തിയതു മുതൽ ലാറി പേജാണ് ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആല്‍ഫാബെറ്റിന്‍റെ സിഇഒ. ലോകത്തെ ടെക് കമ്പനികളെല്ലാം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ വരും ദിവസങ്ങളില്‍ പിച്ചൈയുടെ ഉത്തരവാദിത്വങ്ങളും കൂടുകയാണ്. ലോകം മുഴുവന്‍ ഡേറ്റ ചോര്‍ച്ചയടക്കം ചര്‍ച്ചയാകുന്ന സമയത്ത് ഗൂഗിളിന്‍റെ അവസാന വാക്കായി ഇരിക്കുകയെന്നത് വന്‍ വെല്ലുവിളിയാണ്. 

തമിഴ്നാട്ടിലെ മധുരയില്‍ ജനിച്ച പിച്ചൈ ഇതോടെ ലോകത്തെ ഏറ്റവും സ്വാധീനമുളള മനുഷ്യരുടെ ഗണത്തിലേക്ക് ഉയര്‍ന്നു. നിലവില്‍ 47 വയസ്സുളള പിച്ചൈ 2004 ലാണ് ഗൂഗിളിന്‍റെ ഭാഗമാകുന്നത്. "സാങ്കേതികവിദ്യയിലൂടെ വലിയ വെല്ലുവിളികളെ നേരിടുന്നതിൽ ആൽഫബെറ്റിന്റെ ദീർഘകാല ശ്രദ്ധയെക്കുറിച്ച് ഞാൻ ആവേശത്തിലാണ്, ലാറിക്കും സെര്‍ജിക്കും നന്ദി" സുന്ദര്‍ പിച്ചൈ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

click me!