ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും: 5000 കോടി ചെലവിൽ പുതിയ ഫാക്ടറി തുറക്കും

By Web TeamFirst Published Oct 29, 2020, 10:03 PM IST
Highlights

ബുധനാഴ്ച ട്വിറ്ററിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ടാറ്റയുടെ വമ്പൻ നിക്ഷേപത്തെ കുറിച്ച് പുറത്തുവിട്ടത്. 

ചെന്നൈ: തമിഴ്നാട്ടിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങുന്ന ടാറ്റ ഗ്രൂപ്പിന്റെ മനസിലെന്താണ് എന്നത് വിപണിയിലെ ഒരു വലിയ ചോദ്യമായിരുന്നു. അയ്യായിരം കോടി രൂപ ചെലവാക്കി വമ്പൻ ഫാക്ടറി തുറക്കുന്നത് എന്തിന് വേണ്ടിയെന്നതായിരുന്നു ചോദ്യം. ഇപ്പോഴിതാ അതിന്റെ ഉത്തരവും വരുന്നു. ആപ്പിൾ ഐ ഫോണിന് ആവശ്യമായ ഉപകരണങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള വലിയ കേന്ദ്രമാണ് ടാറ്റ ഒരുക്കുന്നത്. അതായത് ഇന്ത്യൻ വിപണിയിൽ ആപ്പിളിന് കരുത്താവാൻ ടാറ്റ കൈകോർത്തുവെന്ന് തന്നെ.

ബുധനാഴ്ച ട്വിറ്ററിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ടാറ്റയുടെ വമ്പൻ നിക്ഷേപത്തെ കുറിച്ച് പുറത്തുവിട്ടത്. പുതിയ നിക്ഷേപത്തിലൂടെ സംസ്ഥാനത്ത് ഫോക്സ്കോൺ, ഡെൽ എന്നിവയുടെ ശ്രേണിയിലേക്ക് ടാറ്റയുമെത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇതോടെയാണ് ബിസിനസ് രംഗത്ത് ടാറ്റയുടെ ഉദ്ദേശമെന്തെന്ന് ചോദ്യമുയർന്നത്.

തമിഴ്നാട് വ്യവസായ വികസന കോർപ്പറേഷൻ 500 ഏക്കർ ഭൂമിയാണ് ടാറ്റയുടെ പുതിയ സംരംഭമായ ടാറ്റ ഇലക്ട്രോണിക്സിന് വേണ്ടി വിട്ടുനൽകിയത്. തമിഴ്നാട്ടിലെ ഹൊസൂറിലാണിത്. ഇവിടെയാണ് ഐഫോണിന് ആവശ്യമായ ഘടകങ്ങൾ നിർമ്മിക്കുക.

ഈ നിക്ഷേപം 8000 കോടിയിലേക്ക് വരെ ഉയരാനുള്ള സാധ്യതയും ഉണ്ട്. എന്നാൽ ടാറ്റ ഫാക്ടറി തുറക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക കമ്പനിക്ക് വേണ്ടി മാത്രമല്ലെന്നാണ് ടാറ്റ ഗ്രൂപ്പ് വക്താവ് വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്. ഫലത്തിൽ ആഗോള സ്മാർട്ട്ഫോൺ വിപണിയിലടക്കം ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വളർച്ച മുൻകൂട്ടി കണ്ടാണ് ടാറ്റ ഗ്രൂപ്പിന്റെ നീക്കമെന്ന് വ്യക്തം.

click me!