ചന്ദ്രശേഖരന്റെ രണ്ടാമൂഴത്തില്‍ ടാറ്റയുടെ നഷ്ടം 70,000 കോടി; പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനം

Published : Aug 13, 2026, 03:14 PM IST
Tata

Synopsis

ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്ത് മൂന്നാം ഊഴത്തിനില്ലെന്ന് എൻ. ചന്ദ്രശേഖരൻ അറിയിച്ചതോടെ പുതിയ ചെയർമാനെ കണ്ടെത്താൻ ടാറ്റ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ചന്ദ്രശേഖരന്റെ കാലയളവിൽ എയർ ഇന്ത്യ അടക്കമുള്ള പ്രധാന കമ്പനികൾ 70,000 കോടിയുടെ ഭീമമായ നഷ്ടം വരുത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.

ടാറ്റാ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് മൂന്നാമതൊരു ഊഴം തനിക്കുവേണ്ടെന്ന എന്‍. ചന്ദ്രശേഖരന്റെ അപ്രതീക്ഷിത പ്രഖ്യാപനത്തിന് പിന്നാലെ, പുതിയ ചെയര്‍മാനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ച് ടാറ്റ. ഇതിനായി ഒരു സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് തീരുമാനിച്ചു. പുനര്‍നിയമനത്തിന് നില്‍ക്കില്ലെന്ന ചന്ദ്രശേഖരന്റെ തീരുമാനത്തെ ബഹുമാനിക്കുന്നതായി സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ടാറ്റാ സണ്‍സിനും ടാറ്റാ ഗ്രൂപ്പിനും അദ്ദേഹം നല്‍കിയ നേതൃത്വത്തിനും സംഭാവനകള്‍ക്കും ട്രസ്റ്റ് നന്ദി രേഖപ്പെടുത്തി.

ഇതിനിടെ, എന്‍. ചന്ദ്രശേഖരന്റെ രണ്ടാമത്തെ ഊഴത്തില്‍ (സാമ്പത്തിക വര്‍ഷം 2023 മുതല്‍ 2026 വരെ) ടാറ്റാ ഗ്രൂപ്പിലെ പ്രധാനപ്പെട്ട ആറ് കമ്പനികള്‍ വരുത്തിവെച്ചത് ഏകദേശം 70,000 കോടി രൂപയുടെ ഭീമമായ നഷ്ടമാണെന്ന കണക്കുകളും പുറത്തുവന്നു. വലിയ തോതിലുള്ള നഷ്ടം തുടര്‍ച്ചയായി രേഖപ്പെടുത്തിയ ആറ് കമ്പനികളുടെ കണക്കുകളാണ് ഇതിനായി പരിഗണിച്ചത്.

നഷ്ടക്കണക്കുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ടാറ്റ ഏറ്റെടുത്ത എയര്‍ ഇന്ത്യയാണ്. ആറ് കമ്പനികളുടെ ആകെ നഷ്ടത്തിന്റെ 72 ശതമാനവും എയര്‍ ഇന്ത്യയുടെ വകയാണ്.

  • എയര്‍ ഇന്ത്യ: 48,929 കോടി രൂപ
  • ടാറ്റ ഡിജിറ്റല്‍: 12,154 കോടി രൂപ
  • ടാറ്റ ഇന്റര്‍നാഷണല്‍: 2,514 കോടി രൂപ
  • ടാറ്റ പ്രൊജക്ട്‌സ്: 2,444 കോടി രൂപ
  • ടാറ്റ പ്ലേ: 1,539 കോടി രൂപ
  • ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍: 761 കോടി രൂപ

എയര്‍ ഇന്ത്യയും ടാറ്റാ ഡിജിറ്റലും മാത്രം ചേര്‍ന്ന് 61,083 കോടി രൂപയുടെ നഷ്ടമാണ് ഈ കാലയളവില്‍ ഉണ്ടാക്കിയത് (ആകെ നഷ്ടത്തിന്റെ 89 ശതമാനം). ടാറ്റാ സണ്‍സും മറ്റ് കമ്പനികളും പുറത്തുവിട്ട ലാഭ- നഷ്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി എയര്‍ ഇന്ത്യ, ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടര്‍, ബാറ്ററി, ഡിജിറ്റല്‍ തുടങ്ങിയ പുതിയ മേഖലകളിലേക്ക് ടാറ്റയെ കൈപിടിച്ചു നടത്തിയത് ചന്ദ്രശേഖരനായിരുന്നു. അതുകൊണ്ട് തന്നെ പകരക്കാരനായി എത്തുന്ന വ്യക്തിക്ക് മുന്നിലുള്ള വലിയ വെല്ലുവിളി ഈ ബിസിനസുകളെ ലാഭത്തിലാക്കുക എന്നതാണ്.

എയര്‍ ഇന്ത്യയെ ലാഭകരമാക്കുക, സെമികണ്ടക്ടര്‍ സ്വപ്നങ്ങള്‍ യാഥാർത്ഥ്യമാക്കുക, ടാറ്റ ഡിജിറ്റലില്‍ നിന്നടക്കം വരുമാനം ഉറപ്പാക്കുക, ഒപ്പം ടി.സി.എസ്, ടാറ്റ മോട്ടോഴ്സ്, ടൈറ്റന്‍ തുടങ്ങി ഗ്രൂപ്പിന് സ്ഥിരമായി പണം നേടിത്തരുന്ന കമ്പനികളുടെ കരുത്ത് നിലനിര്‍ത്തുക എന്നിവയാകും പുതിയ തലവന്റെ പ്രധാന ചുമതലകള്‍. കൂടാതെ നോയല്‍ ടാറ്റയും ചന്ദ്രശേഖരനും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് ബോര്‍ഡില്‍ വീണ്ടും ഐക്യം കൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തവും പുതിയ ചെയര്‍മാനെ കാത്തിരിക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

നോയൽ ടാറ്റയുടെ വാദങ്ങൾ തളളി, എൻ ചന്ദ്രശേഖരന്റെ പുനർനിയമനം നിയമപരമെന്ന് ടാറ്റാ സണ്‍സ്
ടാറ്റാ ട്രസ്റ്റ് - ടാറ്റാ സണ്‍സ് ബോർഡ് ഭിന്നത രൂക്ഷമാകുന്നു; എൻ ചന്ദ്രശേഖരന്റെ പുനർനിയമന തീരുമാനം നിയമവിരുദ്ധമെന്നാവർത്തിച്ച് ടാറ്റാ ട്രസ്റ്റ്