2 ബിഎച്ച്കെ ഫ്ലാറ്റിലെ ഡൈനിം​ഗ് ടേബിൾ ആദ്യ ഓഫീസാക്കി 2 സുഹൃത്തുക്കൾ, ഇന്ത്യയുടെ സ്വന്തം 'മീഷോ' പിറന്ന കഥ

Published : Feb 27, 2026, 02:51 PM IST
Meesho Success story

Synopsis

അമേരിക്കൻ ഇ-കൊമേഴ്സ് മോഡലിനെ പൊളിച്ചെഴുതി ഒരു ഇന്ത്യൻ മാതൃക സൃഷ്ടിച്ച കമ്പനിയാണ് മീഷോ. സാധാരണക്കാരെയും ചെറുകിട സംരംഭകരെയും ലക്ഷ്യമിട്ട്, സെല്ലർ കമ്മീഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം അതിവേഗം വളർന്ന് രാജ്യത്തെ പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായി മാറി.

1990 കളിൽ വന്ന ആമസോൺ, 2007 ൽ പ്രവർത്തനമാരംഭിച്ച ഫ്ലിപ്കാർട്ട്, അതേ വർഷം വന്ന മിന്ത്ര... ഇവരെല്ലാം പിന്തുടർന്നത് ഇ- കൊമേഴ്സ് ബിസിനസിന്റെ അമേരിക്കൻ മോഡലാണ്. ആഗോള തലത്തിൽ വലിയ ശ്രദ്ധ നേടിയ അമേരിക്കൻ മോഡലിനെ പൊളിച്ചെഴുതി 2015 ൽ ഒരു ഇന്ത്യൻ മോഡൽ പുറത്തിറക്കി വന്ന സ്ഥാപനം..ഇന്ന് രാജ്യത്തെ 10 ൽ ഒരാൾ കസ്റ്റമറായ ഒരു ഇന്ത്യൻ കമ്പനി.. മിഡിൽ ക്ലാസിലും അപ്പർ മിഡിൽ ക്ലാസിനുമപ്പുറം വളരെ സാധാരണക്കാരായ കസ്റ്റമർമാരാണ് ഈ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ ഉപഭോക്താക്കാൾ.. സാധാരണക്കാർ നെഞ്ചിലേറ്റിയ മീഷോ...

ഇന്ത്യയുടെ ഗ്രാമങ്ങളിലെ സ്വന്തം വീടുകളിലിരുന്ന് തങ്ങളുടെ പ്രൊഡക്ട്സ് മീഷോയിൽ റീസെൽ ചെയ്യുന്ന സ്ത്രീകൾ മുതൽ പ്രായഭേദമന്യേ ഇത് വാങ്ങിക്കുന്ന കസ്റ്റമേഴ്സ് വരെ ഉൾക്കൊള്ളുന്നതാണ് മീഷോയുടെ ഈ വിജയ രഹസ്യത്തിന് പിന്നിൽ. സെല്ലർ കമ്മീഷൻ ഇല്ല, പടുകൂറ്റൻ വെയ‌‍‌‍‍ർ ഹൗസുകളില്ല, കമ്പനിയിലേക്ക് സെൽ ചെയ്യാനോ റീസെൽ ചെയ്യാനോ വരുന്ന സംരംഭക‍‌‌‍ർക്ക് വലിയ കടമ്പകളൊന്നും കടക്കേണ്ടി വരുന്നില്ല... ഇതൊക്കെയാണ് മീഷോയെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ, ഒരുപാട് ഓപ്ഷനുകളിൽ പ്രൊഡക്ട്സ് ലഭിക്കുമെന്നത് തന്നെയാണ് ഇതിനൊക്കെ മുകളിൽ മീഷോയെ മലയാളിക്കടക്കം സുപരിചിതമാക്കിയത്..

മീഷോയുടെ ആ വലിയ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.. എൻഐടിയിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യിത് ആത്രേയിയും സഞ്ജീവ് ബർണ്വാളും കണ്ട സ്വപ്നമാണ് ഇന്ന് കാണുന്ന മീഷോയിലെത്തി നിൽക്കുന്നത്. പഠനം പൂർത്തിയാക്കിയ ശേഷം സഞ്ജയ് ജപ്പാനിലെ സോണിയുടെ കോർ ടെക് ടീമിൽ പ്രവർത്തിച്ചിരുന്നു. വിദ്യിത് ഈ സമയത്ത് ഇന്നത്തെ ഇൻമോബിയിലാണ് പ്രവ‍ർത്തിച്ചിരുന്നു. പിന്നീട് ഇരുവരും ചേ‍‌ർന്നാണ് മീഷോ ആരംഭിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോഗിച്ച് എല്ലാവ‌‍‌ർക്കും സ്വന്തമായി ഓൺലൈനിലൂടെ ബിസിനസ് ആരംഭിക്കാനാകണം എന്ന ആശയം ആയിരുന്നു ഇതിന്റെ തുടക്കം. 2015 ജൂണോടെ, സ്റ്റാർട്ടപ്പിന്റെ ആശയത്തിന് പൂ‌‍ർണ രൂപം നൽകുന്നതിന് മുമ്പുതന്നെ ഇരുവരും ജോലിയിൽ നിന്ന് രാജിവെച്ച് ഇന്ത്യയിലേക്ക് മടങ്ങി. ആദ്യം ഒരു ഫാഷൻ മാർക്കറ്റ്‌പ്ലേസ് ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും, പിന്നീട് ചെറിയ ബിസിനസുകൾക്ക് കൂടുതൽ സഹായകരമാകാൻ സോഷ്യൽ കൊമേഴ്‌സ് മോഡലിലേക്ക് മാറുകയായിരുന്നു.

ആമസോൺ പോലുള്ള വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾ വളർച്ച കൈവരിക്കുമ്പോഴും, ചെറുകിട വ്യാപാരികൾക്കും വ്യക്തിഗത സംരംഭകർക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒരു സംവിധാനത്തിന്റെ അഭാവവും അവ‍‌‍ർ മനസിലാക്കിയിരുന്നു. വിതരണക്കാരെയും നിർമ്മാതാക്കളെയും ഉപഭോക്താക്കളെയും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ ചാനലുകൾ വഴി ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ വിപണിയാണ് അവ‍‌ർ ലക്ഷ്യമിട്ടത്.

2015ൽത്തന്നെ മീഷോ യാഥാ‌‍‍‌ർത്ഥ്യമായി.. ബെംഗളൂരുവിലെ കൊരമംഗലയിലെ ഒരു 2 ബിഎച്ച്കെ ഫ്ലാറ്റിലായിരുന്നു മീഷോയുടെ തുടക്കം. ഡൈനിം​ഗ് ടേബിൾ ചേ‍‍‍‌ർത്തിട്ട് അവിടമാണ് ആദ്യ ഓഫീസായി മാറിയത്. പിന്നീടുള്ള വള‌‍ർച്ച അതിവേ​ഗമായിരുന്നു. ഈ ഇന്ത്യൻ ബിസിനസ് മാതൃക വളരെ വേഗത്തിൽ ജനപ്രീതി നേടി. 6 വ‌‍ർഷങ്ങൾ കഴിഞ്ഞ് 2021 ഏപ്രിലിൽ കമ്പനിയുടെ വാല്യുവേഷൻ 2.1 ബില്യൺ ഡോളറിലെത്തി. അതേ വർഷം സെപ്റ്റംബറിൽ അത് ഏകദേശം ഇരട്ടിയായി 4.9 ബില്യൺ ഡോളറായി ഉയർന്നു. SoftBank, Facebook, Sequoia Capital തുടങ്ങിയ പ്രമുഖ നിക്ഷേപകരുടെ പിന്തുണയും ഈ വള‍‍‌ർച്ചക്ക് നിർണായകമായി. എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ആപ്പും വീട്ടിൽ നിന്നു വരുമാനം നേടാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് നൽകിയ പ്രാധാന്യവും മീഷോയെ കുടുംബങ്ങളിലെ പരിചിതമായ പേരാക്കി മാറ്റി. 2022ൽ 28.3 ഡൗൺലോഡുകളാണ് മീഷോക്കുണ്ടായിരുന്നത്. 2023 ൽ ഇത് 134.3 മില്യൺ ഡൗൺലോഡുകളായി ചരിത്രം കുറിച്ചു. ഇപ്പോൾ 500 മില്യൺ അഥവാ 50 കോടിയിലധികം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുണ്ട് മീഷോ ആപ്പ്. അതായത് ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിലൊന്ന് എന്ന കണക്കിൽ...മീഷോ ജൈത്രയാത്ര തുടരുകയാണ്…

PREV
Read more Articles on
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി