സ്വദേശികളുടെ സഹായമില്ലാതെ വിദേശികള്‍ക്ക് കമ്പനി തുടങ്ങാം; നിയമഭേദഗതിക്കൊരുങ്ങി യുഎഇ

By Web TeamFirst Published May 20, 2021, 4:31 PM IST
Highlights

ആഗോള വിപണിയില്‍ രാജ്യത്തിന്റെ മത്സരോത്സുകത പരിപോഷിപ്പിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ ശ്രമം. ഇതിനായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍മാറി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
 
ദുബൈ: വിദേശികള്‍ക്ക് യുഎഇയില്‍ പുതിയ കമ്പനികള്‍ ആരംഭിക്കുന്നതിന് തദ്ദേശീയരുടെ സഹായം ആവശ്യമായി വരില്ല. രാജ്യത്ത് നിലവിലുള്ള കമ്പനി നിയമം മാറ്റാനാണ് ഭരണകൂടത്തിന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ ഡബ്ല്യുഎഎം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

ആഗോള വിപണിയില്‍ രാജ്യത്തിന്റെ മത്സരോത്സുകത പരിപോഷിപ്പിക്കാനാണ് യുഎഇ സര്‍ക്കാരിന്റെ ശ്രമം. ഇതിനായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി സഹായം നല്‍കുകയാണ് ലക്ഷ്യമെന്ന് സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍മാറി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷമാണ് വിദേശികള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം അനുവദിക്കുന്ന തരത്തില്‍ കമ്പനി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചത്. ഗള്‍ഫ് രാജ്യത്തേക്ക് വിദേശികളെയും നിക്ഷേപവും എത്തിക്കുകയെന്ന ലക്ഷ്യമാണ് ഇതില്‍ പ്രധാനം. 2018 ല്‍ തന്നെ ചില ബിസിനസ് മേഖലകളില്‍ വിദേശികള്‍ക്ക് പൂര്‍ണ ഉടമസ്ഥാവകാശം അനുവദിച്ചിരുന്നു. ഇതിന് പുറമെ ഫ്രീ സോണുകളിലും ഉടമസ്ഥാവകാശം ലഭിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!