ഇനി ധനകാര്യ പ്രവര്‍ത്തനങ്ങള്‍ മറച്ചുവയ്ക്കാനാകില്ല; ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നേക്കും

By Web TeamFirst Published Jan 5, 2020, 8:03 PM IST
Highlights

രാജ്യത്ത് ഏതാണ് 11 ലക്ഷത്തില്‍ കൂടുതല്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുണ്ടെന്നാണ് കണക്കാക്കുന്നത്. 

ദില്ലി: ലിസ്റ്റ് ചെയ്ത കമ്പനികളെ പോലെ തന്നെ ലിസ്റ്റ് ചെയ്യാത്ത കമ്പനികളും ഇനി ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടി വരും. ഇതിനായുളള നിയമം തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ പാദ അടിസ്ഥാനത്തിലോ അര്‍ധ വാര്‍ഷികാടിസ്ഥാനത്തിലോ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് വിശദമായ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനാണ്  സര്‍ക്കാര്‍ ആലോചിക്കുന്നത്. 

രാജ്യത്ത് ഏതാണ് 11 ലക്ഷത്തില്‍ കൂടുതല്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുണ്ടെന്നാണ് കണക്കാക്കുന്നത്. ലിസ്റ്റ് ചെയ്യാത്ത പല വലിയ കമ്പനികളിലും വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന വിവരങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നത്. ഇതിനായി കമ്പനീസ് ആക്ടില്‍ ചില വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാനാണ് കമ്പനികാര്യ മന്ത്രാലയം ആലോചിക്കുന്നത്. 

ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട എന്നാല്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനികളുടെ സാമ്പത്തിക പ്രസ്ഥാവനയിലൂടെ അത്തരം കമ്പനികളെക്കുറിച്ച് കൂടുതല്‍ അടുത്തറിയാന്‍ സര്‍ക്കാരിന് സാധിക്കും. ലിസ്റ്റ് ചെയ്ത കമ്പനികള്‍ നിലവില്‍ സെബി റെഗുലേഷന്‍സ് പ്രകാരം എല്ലാ പാദത്തിലും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റ് പുറത്തുവിടണം. പുതിയ നിയമം വരുന്നതോടെ എല്ലാ കമ്പനികളുടെയും ധനസ്ഥിതിയും മനസ്സിലാക്കാന്‍ സര്‍ക്കാരിന് സാധിക്കും. 

click me!