ഒരു ഇന്ത്യൻ കമ്പനി രേഖപ്പെടുത്തിയ ഏറ്റവും വലിയ അറ്റനഷ്ടം: വോഡഫോൺ ഐഡിയ പ്രവർത്തന ഫലം പുറത്ത്

By Web TeamFirst Published Jul 1, 2020, 8:16 PM IST
Highlights

ക്രമീകരിച്ച മൊത്ത വരുമാനവുമായി (എജിആർ) ബന്ധപ്പെട്ട കുടിശ്ശിക 2016-17 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 58,254 കോടി രൂപയായിരിക്കുമെന്ന് ടെലികോം വകുപ്പ് കണക്കാക്കുന്നു. 

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ, മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 73,878 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. ഒരു ഇന്ത്യൻ സ്ഥാപനം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന അറ്റനഷ്ടമാണിത്. നിയമപരമായ കുടിശ്ശിക കണക്കാക്കുന്നതിൽ ടെലികോം ഇതര വരുമാനം ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്ന് 51,400 കോടി രൂപ കുടിശ്ശിക ടെലികോം കമ്പനി നൽകേണ്ടി വന്നിരുന്നു. ഇതാണ് നഷ്‌ടക്കണക്ക് വർധിപ്പിച്ചത്. 

വോഡഫോൺ ഐഡിയയുടെ മൊത്ത നഷ്ടം 2019-20 സാമ്പത്തിക വർഷത്തെ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 11,643.5 കോടി രൂപയായി ഉയർന്നു. മുൻ പാദത്തിൽ ഇത് 6,438.8 കോടി രൂപയായിരുന്നു. 2019 മാർച്ച് 31 ന് അവസാനിച്ച പാദത്തിൽ ഇത് 4,881.9 കോടി രൂപയായിരുന്നുവെന്ന് റെഗുലേറ്ററി ഫയലിംഗിൽ കമ്പനി വ്യക്തമാക്കുന്നു.

ക്രമീകരിച്ച മൊത്ത വരുമാനവുമായി (എജിആർ) ബന്ധപ്പെട്ട കുടിശ്ശിക 2016-17 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ 58,254 കോടി രൂപയായിരിക്കുമെന്ന് ടെലികോം വകുപ്പ് കണക്കാക്കുന്നു. എന്നാൽ, ചില കണക്കുകൂട്ടലുകളുടെ ക്രമീകരണത്തിന് ശേഷം കമ്പനി 46,000 കോടി രൂപ കുടിശ്ശിക വരുത്തി. മുമ്പ് നടത്തിയ പിശകുകളും പേയ്‌മെന്റുകളും ടെലികോം ഡിമാൻഡിൽ പരിഗണിച്ചിട്ടില്ല. 

click me!