ഫോർഡിന്റെ കാർ നിർമ്മാണ പ്ലാന്റിൽ സമരകാഹളം മുഴക്കി തൊഴിലാളികൾ

By Web TeamFirst Published May 27, 2021, 11:15 PM IST
Highlights

ഫോർഡിന്റെ പ്ലാന്റിൽ 230 ഓളം തൊഴിലാളികൾക്ക് കൊവിഡ് ബാധ ഉണ്ടായതിനെ തുടർന്ന് ചെന്നൈ ഫോർഡ് എംപ്ലോയീസ് യൂണിയൻ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും മാനേജ്മെന്റിനെ എഴുതി അറിയിച്ചിരുന്നു. 

ചെന്നൈ: പ്രതിവർഷം രണ്ട് ലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കുന്ന ഫോർഡിന്റെ തമിഴ്നാട്ടിലെ പ്ലാന്റിൽ തൊഴിലാളികൾ സമരം ചെയ്തു. ഇന്ന് ഉച്ചഭക്ഷണ സമയത്താണ് തൊഴിലാളികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ശമ്പളത്തോട് കൂടിയ അവധിയും ആരോഗ്യ ആനുകൂല്യങ്ങളും ആവശ്യപ്പെട്ടായിരുന്നു സമരമെന്ന് ബിസിനസ് സ്റ്റാന്റേർഡ് റിപ്പോർട്ട് ചെയ്യുന്നു.

കൊറോണവൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. തമിഴ്നാട്ടിൽ ഫാക്ടറി തൊഴിലാളികളുടെ ഇടയിൽ നിന്ന് കൊവിഡ് പശ്ചാത്തലത്തിൽ ഉയർന്ന പ്രതിഷേധത്തിന്റെ ഏറ്റവും ഒടുവിലത്തെ സംഭവം കൂടിയാണിത്. എന്നാൽ ഇന്ന് ഫോർഡിന്റെ പ്ലാന്റിൽ നടന്ന പ്രതിഷേധം ഉൽപ്പാദനത്തെ ഒരു വിധത്തിലും തടസപ്പെടുത്തിയിട്ടില്ല.

ഫോർഡിന്റെ പ്ലാന്റിൽ 230 ഓളം തൊഴിലാളികൾക്ക് കൊവിഡ് ബാധ ഉണ്ടായതിനെ തുടർന്ന് ചെന്നൈ ഫോർഡ് എംപ്ലോയീസ് യൂണിയൻ തങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും മാനേജ്മെന്റിനെ എഴുതി അറിയിച്ചിരുന്നു. കൊറോണ വൈറസിനെ തുടർന്ന് തൊഴിലാളികൾക്ക് ഉണ്ടാകുന്ന മുഴുവൻ ചികിത്സാ ചെലവും കമ്പനി വഹിക്കണമെന്നാണ് യൂണിയന്റെ ആവശ്യമെന്ന് റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വൈറസ് ബാധിച്ച് മരിക്കുന്ന ഓരോ തൊഴിലാളിയുടെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഫോർഡ് കമ്പനി ഇതേക്കുറിച്ചുള്ള വാർത്തകളോട് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!