ഏഴ് ദിവസത്തിനകം പുതിയ ബോര്‍ഡ് നിലവില്‍ വരും, യെസ് ബാങ്കിന്‍റെ രക്ഷാ പദ്ധതി ഈ രീതിയില്‍

By Web TeamFirst Published Mar 14, 2020, 3:09 PM IST
Highlights

യെസ് ബാങ്കിന്‍റെ മൂലധന ശേഷി 5,000 കോടി രൂപയായി ഉയര്‍ത്താനാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചത്. 


ദില്ലി: യെസ് ബാങ്കിനെ പുനരുദ്ധരിക്കാനുളള റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ച പദ്ധതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഇതനുസരിച്ച് ബാങ്കിന്‍റെ മൂലധന ശേഷി 1,100 കോടി രൂപയില്‍ നിന്ന് 6,200 കോടി രൂപയായി വര്‍ധിപ്പിക്കും. 

ഇപ്പോള്‍ നിലവില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ മൂന്ന് ദിവസത്തിനകം ഒഴിവാക്കും. ഇതുസംബന്ധിച്ച് ധനമന്ത്രി നിര്‍മല സീതാരാമനാണ് മാധ്യമങ്ങളോട് സംസാരിച്ചത്. വിജ്ഞാപനം ഇറക്കി ഏഴ് ദിവസത്തിനകം പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വരും. ബോര്‍ഡിലെ രണ്ട് അംഗങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ബോര്‍ഡില്‍ നിന്നുളളവരാകും. 

ബാങ്കില്‍ മുതല്‍ മുടക്കാന്‍ സ്വകാര്യ നിക്ഷേപകര്‍ക്കും അവസരം ഉണ്ടാകും. എന്നാല്‍, ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് തുക പിന്‍വലിക്കാനാകില്ല. യെസ് ബാങ്കിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതിന്‍റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് 49 ശതമാനം നിക്ഷേപം നടത്തും. 7,250 കോടി രൂപയാണ് ഇത്തരത്തില്‍ നിക്ഷേപിക്കുക. ഇതില്‍ 26 ശതമാനം മൂന്ന് വര്‍ഷത്തേക്ക് പിന്‍വലിക്കാനാകില്ല. 

യെസ് ബാങ്കിന്‍റെ മൂലധന ശേഷി 5,000 കോടി രൂപയായി ഉയര്‍ത്താനാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഉടനെയും പിന്നീടുമുളള ധന ആവശ്യകത പരിഗണിച്ചാണ് മൂലധനശേഷി 6,200 കോടി രൂപയായി ഉയര്‍ത്തുന്നത്. 

click me!