അന്ത്യശാസനം നൽകി ഹോട്ടലുടമകൾ; 'സൊമാറ്റോ ഗോൾഡിന്' പ്രതിസന്ധി

By Web TeamFirst Published Nov 26, 2019, 11:37 AM IST
Highlights

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അടുക്കളകൾ, സൊമാറ്റോ ഗോൾഡിൽ നൽകുന്ന വൻ ഇളവുകൾ, ആവശ്യത്തിന് ഡെലിവറി എക്സിക്യുട്ടീവുകൾ ഇല്ലാത്ത സ്ഥിതി തുടങ്ങിയ വിഷയങ്ങളാണ് ഹോട്ടലുടമകൾ ഉയർത്തിയിരുന്നത്. 

ദില്ലി: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ ഗോൾഡ് മെംബർഷിപ്പ് പരിപാടിക്ക് വൻ തിരിച്ചടി. ഇന്ത്യൻ ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് കീഴിലെ എട്ടായിരം ഹോട്ടലുടമകൾ പദ്ധതിയിൽ നിന്ന് പിൻവാങ്ങുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. വിവിധ വിഷയങ്ങളിലെ ആശങ്കകൾ ആവർത്തിച്ച് ഉന്നയിച്ചിട്ടും ഇത് പരിഹരിക്കാൻ കമ്പനിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതാണ് പ്രകോപനത്തിന് കാരണം.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന അടുക്കളകൾ, സൊമാറ്റോ ഗോൾഡിൽ നൽകുന്ന വൻ ഇളവുകൾ, ആവശ്യത്തിന് ഡെലിവറി എക്സിക്യുട്ടീവുകൾ ഇല്ലാത്ത സ്ഥിതി തുടങ്ങിയ വിഷയങ്ങളാണ് ഹോട്ടലുടമകൾ ഉയർത്തിയിരുന്നത്. എന്നാൽ, ഇവയിലൊന്നിലും ഹോട്ടലുടമകളുടെ ആശങ്കകൾ പരിഹരിക്കാൻ ആരും തയ്യാറായില്ല. ഈ സാഹചര്യത്തിൽ സൊമാറ്റോ ഗോൾഡ് ഡെലിവറി സർവ്വീസ് സ്കീം അവസാനിപ്പിക്കാതെ ഇനി ഒരുമിച്ച് മുന്നോട്ട് പോകില്ലെന്ന് കമ്പനിയോട് വ്യക്തമാക്കിയതായി അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് ഷെട്ടി പറഞ്ഞു.

സൊമാറ്റോ 2017 ലാണ് ഉപഭോക്താക്കൾക്കായി ഗോൾഡ് പദ്ധതി അവതരിപ്പിച്ചത്. എന്നാൽ, അന്ന് മുതൽ തന്നെ ഹോട്ടലുടമകൾ ഇതിനെ വലിയ തോതിൽ എതിർത്തിരുന്നു. തങ്ങളുടെ ലാഭത്തെ ഇത് ബാധിക്കുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ഗോൾഡ് പദ്ധതിയിൽ നിന്ന് ഹോട്ടലുടമകൾക്ക് ലാഭമില്ലെന്നും സൊമാറ്റോയ്ക്ക് മാത്രമാണ് ലാഭമെന്നുമാണ് ഇവരുടെ മറ്റൊരു പരാതി.

click me!