
തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സഹായങ്ങള്‍ വകമാറ്റി ചെലവഴിക്കുന്നതായി പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. ദുരിതാശ്വാസനിധിയിലേക്ക് നല്ല രീതിയില്‍ സംഭാവന വരുന്നുണ്ട്. ഇതിനിടയിലാണ് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നത്. കൊവിഡ് ദുരിതാശ്വാസത്തിന് ആഹ്വാനം ചെയ്ത ശേഷം വന്ന എല്ലാ ഫണ്ടും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമാണ് ഉപയോഗിക്കുക. അതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവിധ വകുപ്പുകള്‍ കോടികളായും ലക്ഷങ്ങളായും നല്‍കി. പിഎസ്‌സി ചെയര്‍മാനും അംഗങ്ങളും ഒരു മാസത്തെ വേതനം തരും. വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളിലെ എല്ലാ സ്റ്റാഫും ഒരു മാസത്തെ വേതനം തന്നിട്ടുണ്ട്, അത് നാല്‍പത് ലക്ഷം രൂപയോളം വരും.. എറണാകുളത്തെ പൊലീസ് സഹായ സഹകരണ സംഘവും സഹായം നല്‍കി.
കൂട്ടായ്മയില്ലാതെ ഈ കൊവിഡിനെ മുറിച്ച് കടക്കാന്‍ കഴിയില്ല. അത് ക്ഷിപ്രസാധ്യവുമല്ല. എല്ലാം മറന്നുള്ള കൂട്ടായ്മ തുടരേണ്ടതുണ്ട്. അത്തരം കൂട്ടായ്മയുടെയും സഹകരണത്തിന്റെയും വിജയകരമായ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ആകാവുന്ന സംഭാവന എല്ലാവരും നല്‍കണം. അതിന് അതിരുകളില്ല. ഈ നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും തുക നല്‍കണമെന്നഭ്യര്‍ത്ഥിക്കുന്നു.
സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന നല്‍കണമെന്ന് പറഞ്ഞപ്പോള്‍ ആവേശകരമായ പ്രതികരണമാണ് വന്നത്. സംസ്ഥാനത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും അവിടത്തെ ജീവനക്കാരും തൊഴിലാളികളും, കേരളത്തിലെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരും ഇതില്‍ അണിചേരണം. സ്വകാര്യമേഖലയെയും ഇതിലേക്ക് ക്ഷണിക്കുന്നു. അങ്ങനെ വലിയ കൂട്ടായ്മയിലൂടെ ഈ നിധി കരുത്തുറ്റതാക്കാന്‍ കഴിയണം. അങ്ങനെ കേരളത്തിന്റെ ഐക്യത്തിന്റെ ശക്തി വിളംബരം ചെയ്യാനാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.