'ഇവിടെ ടിപിആർ കൂടിയത് മൂന്നാംതരംഗമല്ല, പക്ഷേ നമ്മൾ അതിന്‍റെ വക്കിലാണ്', മുഖ്യമന്ത്രി

By Web TeamFirst Published Jul 23, 2021, 7:01 PM IST
Highlights

എല്ലാ ഘട്ടത്തിലും നമുക്ക് രോഗം ബാധിച്ച് രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിഞ്ഞ് പോയിട്ടില്ല. അത് തന്നെയാണ് കേരളത്തിന്റെ കരുത്ത്. സമൂഹം ജാഗ്രത പാലിച്ച് പോകണം - എന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: കേരളത്തിൽ ടിപിആർ കൂടിയത് മൂന്നാംതരംഗമായി കണക്കാക്കാനാകില്ല, പക്ഷേ നമ്മൾ മൂന്നാംതരംഗത്തിന്‍റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളിലും ടിപിആർ കൂടിയ നിലയിലാണെന്നത് ഗൗരവമായി കാണേണ്ടതാണെന്നും, മറ്റേതെങ്കിലും വൈറസ് വകഭേദം കേരളത്തിൽ പടർന്നിട്ടുണ്ടോ എന്നത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ: 

''മൂന്നാം തരംഗത്തിന്റെ വക്കിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞ കാര്യമാണ്. കേരളത്തിൽ നേരത്തെ ഉണ്ടായിരുന്ന ടിപിആർ വർധിച്ചിട്ടുണ്ട് ഇപ്പോൾ. എല്ലാ ജില്ലയിലും വർധനവിന്റെ നിലയാണ്. അത് ഗൗരവമായി കാണണം. ഇത് മൂന്നാം തരംഗമായി വിലയിരുത്താനായിട്ടില്ല. ഇതിൽ കൂടുതൽ പഠനം വേണ്ടിവരും. ഇവിടെ ഡെൽറ്റ വൈറസുണ്ട്. മറ്റേതെങ്കിലും വകഭേദം വന്നോയെന്ന് പരിശോധിച്ച് തിട്ടപ്പെടുത്തണം. അതീവ ഗൗരവമായി ഇതിനെ കാണണം. നല്ല രീതിയിലുള്ള കൊവിഡ് പ്രോട്ടോക്കോൾ പാലനം പ്രധാനമാണ്. സെക്ടറൽ മജിസ്ട്രേറ്റുമാർ അടക്കം നേരത്തെ ഫലപ്രദമായി പ്രവർത്തിച്ചിരുന്നു. അത് തുടരണം. സംസ്ഥാനത്ത് രോഗവ്യാപനം ചിലയിടത്ത് ചില ക്ലസ്റ്ററാണ്. അവിടെ പ്രത്യേകമായി മൈക്രോ കണ്ടെയ്ൻമെന്റ് സംവിധാനം നടപ്പിലാക്കാനാണ് ശ്രമം. തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ സംവിധാനവും പൊലീസും ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളും നല്ല നിലയിൽ ഉണർന്ന് പ്രവർത്തിക്കേണ്ട സാഹചര്യമാണ്.

നല്ല ജാഗ്രത നാം പാലിക്കേണ്ടതുണ്ട്. അതേസമയം ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാ ഘട്ടത്തിലും നമുക്ക് രോഗം ബാധിച്ച് രോഗികളാകുന്നവരുടെ എണ്ണം നമ്മുടെ ചികിത്സാ സൗകര്യത്തിന്റെ പരിധി കവിഞ്ഞ് പോയിട്ടില്ല. അത് തന്നെയാണ് കേരളത്തിന്റെ കരുത്ത്. സമൂഹം ജാഗ്രത പാലിച്ച് പോകണം. ഒരാൾക്ക് രോഗം വന്നാൽ വീട്ടിൽ തുടരരുത്. തത്കാലം അവിടുന്ന് മാറണം. സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങൾ ഉപയോഗിക്കണം. ഡിസിസി, സിഎഫ്എൽടിസി എന്നിവ ഉപയോഗിക്കണം. മറ്റ് രോഗമുള്ളവർ ആശുപത്രികളിൽ നേരിട്ട് പോകണം. അതെല്ലാവരും ശ്രദ്ധിക്കണം'', എന്ന് മുഖ്യമന്ത്രി.

click me!