കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളിലെ അമിത നിരക്ക്; ഹൈക്കോടതിയിൽ ഇന്ന് പ്രത്യേക സിറ്റിങ്

By Web TeamFirst Published May 10, 2021, 7:48 AM IST
Highlights

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരായ ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് നടക്കും. ഉ

കൊച്ചി: കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരായ ഹർജിയിൽ ഇന്ന് ഹൈക്കോടതിയിൽ പ്രത്യേക സിറ്റിങ് നടക്കും. ഉച്ചയ്ക്ക് 1.30ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിക്കുക. ചികിത്സ നിരക്ക് കുറയ്ക്കാൻ സർക്കാർ എടുക്കുന്ന നടപടികൾ അറിയിക്കാൻ കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 

സ്വകാര്യ അശുപത്രികളിൽ 50 ശതമാനം കിടക്കകൾ ഏറ്റെടുക്കുന്നത് ആലോചിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രി കൊവിഡ് രോഗികളിൽ നിന്ന് കഴുത്തറപ്പൻ ഫീസ് ഈടാക്കിയെന്ന ഏഷ്യാനെറ്റ് ന്യൂസ്‌ റിപ്പോർട്ടിലെ തെളിവുകളും കോടതിയുടെ പരിഗണനയിൽ വരും. കേസിൽ കക്ഷികളായ ഐഎംഎ, പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ എന്നിവരും കോടതിയിൽ നിലപാട് അറിയിക്കും

കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കഴുത്തറപ്പൻ ഫീസിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എറണാകുളം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി ഇടപെടലിന് പിന്നാലെ ഡിഎംഒയോട് അടിയന്തര റിപ്പോർട്ട് നൽകാനും ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. വാർത്ത പുറത്തുകൊണ്ടുവന്ന ഏഷ്യാനെറ്റ് ന്യൂസിനെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കൊവിഡ് രണ്ടാം തരംഗത്തിൽ ജനം വലയുമ്പോൾ സ്വകാര്യ ആശുപത്രികൾ പിപിഇ കിറ്റിന്റെയടക്കം പേര് പറഞ്ഞ് രോഗികളിൽ നിന്ന് പതിനായിരക്കണക്കിന് രൂപ ഈടാക്കുന്നുവെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വാർ‍ത്ത. ആലുവ അൻവർ മെമ്മോറിൽ ആശുപത്രി ഒരു രോഗിയിൽ നിന്ന് അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി വാങ്ങിയത് 37,350 രൂപയാണ്.

മരുന്ന്, ലാബ് പരിശോധന ഫീസ് അടക്കമുള്ളവയ്ക്ക് കൃത്യമായ ഫീസ് കാണിക്കേണ്ടിവരുമ്പോഴും, പിപിഇ കിറ്റ് എത്രതവണ മാറ്റുന്നു എന്നത് ഒരു ആശുപത്രിയും രോഗികളെ അറിയിക്കുന്നില്ല. ഇതിന്‍റെ മറവിലാണ് ഈ കൊള്ള. 250 രൂപമുതൽ 300 രൂപവരെയാണ് പിപിഇ കിറ്റിന് ഇപ്പോഴുള്ള പരമാവധി വില. അതേസമയം കൊള്ള ഫീസ് ഈടാക്കുന്നതിനെ ന്യായീകരിക്കില്ലെന്ന് സ്വകാര്യ ഹോസ്പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!