സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ? പെരുന്നാൾ പ്രമാണിച്ച് കടകൾ തുറക്കാൻ അനുമതിക്ക് സാധ്യത

By Web TeamFirst Published Jul 13, 2021, 9:38 AM IST
Highlights

രാവിലെ 9.30-യ്ക്കാണ് അവലോകനയോഗം തുടങ്ങിയത്. മുഖ്യമന്ത്രി ഇന്ന് ദില്ലിയിലാണ്. ദില്ലിയിൽ നിന്ന് ഓൺലൈനായി യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്നലെ മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ വ്യാപാരികൾ നടത്തിയിരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നേക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ രാവിലെ 9.30-യ്ക്ക് തിരുവനന്തപുരത്ത് അവലോകനയോഗം നടക്കുകയാണ്. മുഖ്യമന്ത്രി ഇന്ന് ദില്ലിയിലാണ്. ദില്ലിയിൽ നിന്ന് ഓൺലൈനായി യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. ഇന്നലെ മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ വ്യാപാരികൾ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്ധ സമിതി ഉന്നയിച്ചതും യോഗത്തിൽ വിശദമായി ചർച്ചയാകും. 

സംസ്ഥാനത്ത് കടകളുടെ പ്രവർത്തനസമയം കൂട്ടിയേക്കുമെന്നാണ് സൂചന. എല്ലാ ദിവസങ്ങളിലും പെരുന്നാൾ പ്രമാണിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയേക്കും. കടകൾക്ക് വൈകിട്ട് അടയ്ക്കേണ്ട സമയവും നീട്ടി നൽകിയേക്കും. 

ടിപിആർ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും, എത്ര കൊവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങൾ എന്നുമാണ് വിദഗ്ധസമിതി നിർദേശിച്ചത്. മിക്കയിടങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ആളുകളെ ആകർഷിച്ച് ടിപിആർ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ടെസ്റ്റിൽ പങ്കെടുത്ത് സമ്മാനങ്ങൾ ഓഫർ ചെയ്യുന്ന തദ്ദേശഭരണസ്ഥാപനങ്ങൾ പോലുമുണ്ട്. എന്നാൽ അവിടത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നാലും ടിപിആർ കുറഞ്ഞ് കാണുന്നതിനാൽ, നിയന്ത്രണങ്ങൾ അതനുസരിച്ചിട്ടുള്ളത് മാത്രമായിരിക്കും. ഇത് അശാസ്ത്രീയമാണെന്നാണ് വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കടകൾ തുറക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടുന്നു. ഈ ദിവസങ്ങളിൽ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നതെന്നും വിദഗ്ധസമിതി നിരീക്ഷിക്കുന്നു. അതിന് പകരം ഓഫീസുകളുടെയും കടകളുടെയും പ്രവർത്തനസമയം കൂട്ടുകയാണ് വേണ്ടതെന്നും നിർദേശം ഉയർന്നു. 

മൂന്നാം തരംഗം നമ്മുടെ തൊട്ടടുത്തുണ്ടെന്നും, എല്ലാ തരത്തിലും ജാഗ്രത വേണമെന്നും ഐഎംഎയും മുന്നറിയിപ്പ് നൽകിയിരുന്നു. 

ലോക്ക്ഡൗണിൽ സർവത്ര ആശയക്കുഴപ്പം

കൊവിഡ് രണ്ടാംതരംഗത്തിലെ ലോക്ക്ഡൗണിൽ രണ്ട് മാസത്തിനിടെ ഒരിക്കൽ പോലും  ഇളവ് കിട്ടാത്ത നിരവധി പഞ്ചായത്തുകളുണ്ട് സംസ്ഥാനത്ത്.  നിയന്ത്രണം പ്രാദേശിക തലത്തിലേക്ക് മാറിയതോടെ പല പഞ്ചായത്തുകളും അറുപത് ദിവസമായി പൂട്ടിയിട്ടു കിടക്കുകയാണ്. നിരന്തരം മാറുന്ന മാനദണ്ഡങ്ങളിൽ ജീവിതം വഴിമുട്ടിയതിലെ അതൃപ്തിയും അവ്യക്തതയുമാണ് ഇപ്പോൾ സംസ്ഥാനത്ത് മറനീക്കി പുറത്തുവരുന്നത്. 

മെയ് 8നാണ് സംസ്ഥാനത്ത് രണ്ടാംഘട്ട സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കിയത്. ചുരുക്കത്തിൽ ഇളവുകൾ പ്രതീക്ഷിക്കും തോറും  മുറുകുന്ന അനിശ്ചിതത്വവും ആശയക്കുഴപ്പവുമാണ് അതൃപ്തിക്ക് കാരണമാവുകയാണെന്ന്  പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു. എല്ലാം ഗ്രാമീണ മേഖലയിലെ പഞ്ചായത്തുകൾ. ജീവിതം തന്നെ മുന്നോട്ടു കൊണ്ടുപോകാൻ പ്രയാസപ്പെടുന്നവർക്ക് മുന്നിൽ പഞ്ചായത്തുകൾക്ക് തന്നെ ഇളവുകൾ നൽകേണ്ടിയും വന്നു. 

നഗരസഭാ മേഖലകളാകട്ടെ പ്രാദേശിക നിയന്ത്രണം വന്നതോടെ വലിയ അടച്ചുപൂട്ടലില്ലാതെ പോവുകയാണ്. ട്രിപ്പിൾലോക്ക്ഡൗണിൽ നിന്ന് ലോക്ക്ഡൗണിലേക്കും സെമി ലോക്ക്ഡൗണിലേക്കും താഴ്ന്ന പ്രദേശങ്ങളുമുണ്ട് എങ്കിലും, പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുമ്പോൾ സർക്കാർ സംസ്ഥാനത്താകെയുള്ള ഇത്തരം സാഹചര്യങ്ങൾ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. 

click me!