BAN v PAK: ഹസന്‍ അലി തിളങ്ങി; ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ പാക്കിസ്ഥാന് ആവേശജയം

By Web TeamFirst Published Nov 19, 2021, 6:29 PM IST
Highlights

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 36 റണ്‍സെടുത്ത ആഫിഫ് ഹൊസൈനും 22 പന്തില്‍ 28 റണ്‍സെടുത്ത നൂറുല്‍ ഹസനും 20 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന മെഹ്ദി ഹസനും മാത്രമെ ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നുള്ളു.

ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ  മത്സരത്തില്‍ പാകിസ്ഥാന്(BAN v PAK) നാലു വിക്കറ്റിന്‍റെ ആവേശജയം. 133 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ മൂന്ന് പന്ത് ശേഷിക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 96 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടമായി പതറിയ പാകിസ്ഥാനെ 21 റൺസെടുത്ത ഷദബ് ഖാനും(Shadab Khan) 18 റൺസെടുത്ത മുഹമ്മദ് നവാസുമാണ്(Mohammad Nawaz) വിജയത്തിലേക്ക് നയിച്ചത്. സ്കോര്‍ ബംഗ്ലാദേശ് 20 ഓവറില്‍ 127-7, പാക്കിസ്ഥാന്‍ 19.2 ഓവറില്‍ 132-6.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 36 റണ്‍സെടുത്ത ആഫിഫ് ഹൊസൈനും 22 പന്തില്‍ 28 റണ്‍സെടുത്ത നൂറുല്‍ ഹസനും 20 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്ന മെഹ്ദി ഹസനും മാത്രമെ ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കടന്നുള്ളു.

പാക്കിസ്ഥാനുവേണ്ടി നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഹസന്‍ അലിയാണ് മാന്‍ ഓഫ് ദ് മാച്ച്. ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയക്കെതിരെ ക്യാച്ച് നഷ്ടമാക്കിയ ഹസന്‍ അലിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം ശക്തമായിരുന്നു.

മറുപടി ബാറ്റിംഗില്‍ മുഹമ്മദ് റിസ്‌വാനും(11), ക്യാപ്റ്റന്‍ ബാബര്‍ അസമും(7) തുടക്കത്തിലെ മടങ്ങി. പിന്നാലെ ഹൈദര്‍ അലിയും, ഷൊയൈബ് മാലിക്കും റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ 24-4ലേക്ക് കൂപ്പുകുത്തിയ പാക്കിസ്ഥാനെ ഫഖര്‍ സമനും(34), ഖുഷ്ദില്‍ ഷായും(34) ചേര്‍ന്നാണ് കരകയറ്റിയത്. ഇരുവരും പുറത്തായശേഷം ഷദാബ് ഖാന്‍(10 പന്തില്‍ 21*), മുഹമ്മദ് നവാസ്(8 പന്തില്‍ 18*) ചേര്‍ന്ന് പാക്കിസ്ഥാനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു.

click me!