
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് എം എസ് ധോണി. ധോണിയോടുള്ള താരാരാധന അതിരുവിടുന്നതും ആരാധകർ അദേഹം പോകുന്നിടത്തെല്ലാം ഗംഭീര സ്വീകരണം ഒരുക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ധോണിയോടുള്ള ആരാധന മൂത്ത് ഒരു ആരാധകന്‍ തന്‍റെ വിവാഹ ക്ഷണക്കത്തില്‍ 'തല'യുടെ പടം പ്രിന്‍റ് ചെയ്തതാണ് പുതിയ വിശേഷം. പ്രമുഖ ക്രിക്കറ്റ് ആരാധകനായ ജോണ്‍സ് ഈ വെഡ്ഡിംഗ് കാർഡ് ട്വിറ്ററില്‍ പങ്കുവെച്ചതോടെ വൈറലായി. ഇതിനകം തന്നെ അറുപതിനായിരത്തിലേറെ പേരാണ് ഈ ചിത്രം കണ്ടുകഴിഞ്ഞത്. എന്നാല്‍ ഈ വിവാഹ കത്ത് എവിടെ നിന്നുള്ളതാണ് എന്ന് വ്യക്തമല്ല.
ഐപിഎല്‍ 2023 സീസണിനായി ഇപ്പോള്‍ ചെന്നൈയിലാണ് എം എസ് ധോണിയുള്ളത്. ചെപ്പോക്കിലെ ഹോം മൈതാനത്ത് ധോണിയും കൂട്ടരും സീസണിന് മുന്നോടിയായി പരിശീലനം ആരംഭിച്ചുകഴിഞ്ഞു. നെറ്റ്സില്‍ ധോണി കൂറ്റന്‍ സിക്സറുകള്‍ പറത്തുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ഐപിഎല്ലിനായി ചെന്നൈയിലെത്തിയ 'തല'യ്ക്ക് വന്‍ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. വലിയ ആരാധകവൃന്ദം ധോണിയെ സ്വീകരിക്കാന്‍ ചെന്നൈ വിമാനത്താവളത്തിലെത്തി. ഇതിന് ശേഷം ഹോട്ടലിലേക്ക് പോയപ്പോഴും ധോണിയെ കാത്ത് ആരാധകരുടെ നീണ്ട നിരയുണ്ടായിരുന്നു. 2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണി ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്.ഇത്തവണത്തേത് ധോണിയുടെ അവസാന ഐപിഎല്‍ സീസണ്‍ ആവാനാണ് സാധ്യത.
ജൂലൈയില്‍ 42 വയസ് തികയുന്ന എം എസ് ധോണി ഇനിയൊരു ഐപിഎല്‍ സീസണ്‍ കളിക്കാനുള്ള സാധ്യത വിരളമാണ്. ഈ സീസണില്‍ ഫിറ്റ്നസ് നിലനിർത്തുന്നതിനായി റാഞ്ചിയില്‍ വളരെ നേരത്തെ തന്നെ ധോണി പരിശീലനം ആരംഭിച്ചിരുന്നു. ഐപിഎല്‍ കരിയറിലാകെ 206 ഇന്നിംഗ്സുകളില്‍ 39.2 ശരാശരിയിലും135.2 പ്രഹരശേഷിയിലും 24 അർധസെഞ്ചുറികളോടെ ധോണി 4978 റണ്‍സ് നേടിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റില്‍ ടെസ്റ്റില്‍ 4876 ഉം ഏകദിനത്തില്‍ 10773 ഉം ടി20യില്‍ 1617 റണ്‍സും ധോണിക്കുണ്ട്.
'ആശാനൊപ്പം, ഇവാനെ ബലിയാടാക്കാന്‍ അനുവദിക്കില്ല'; മുന്നറിയിപ്പുമായി മഞ്ഞപ്പട, റഫറിക്ക് വിമർശനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!